ലിഗയുടെ മരണം: കൂടുതല്‍ തെളിവുകള്‍ തേടി പോലീസ്

Monday 30 April 2018 2:58 am IST

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണത്തില്‍ കൊലപാതകികളെ കുരുക്കാന്‍ കൂടുതല്‍ തെളിവുകള്‍ തേടി പോലീസ്. അറസ്റ്റ് ആന്തരികാവയവങ്ങളുടെ പരിശോധന ഫലം കിട്ടിയ ശേഷം മതിയെന്നാണ് തീരുമാനം. അഞ്ചുപേര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുണ്ട്. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ലിഗയുടെ മരണം കൊലപാതകം തന്നെയെന്ന് ഉറപ്പിക്കുമ്പോഴും പൂര്‍ണമായ തെളിവുകളോടെ പ്രതികളുടെ അറസ്റ്റിലേക്ക് നീങ്ങിയാല്‍ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതുകൊണ്ടാണ് പ്രതികളെന്ന് സംശയിക്കുന്നവര്‍ പിടിയിലായിട്ടും അറസ്റ്റ് രേഖപ്പെടുത്താത്തത്. 

അവരുടെ മൊഴികളില്‍ പലതും കള്ളമാണെന്ന് പിന്നീട് കണ്ടെത്തി. സംഭവ ദിവസങ്ങളില്‍ ഇവരെ ലിഗയോടൊപ്പം കണ്ടതായി സാക്ഷിമൊഴികളുണ്ട്. എന്നാല്‍ തങ്ങള്‍ വീട്ടിലുണ്ടായിരുന്നു എന്നാണ് പിടിയിലായവരുടെ മൊഴി. ഇത് സ്ഥിരീകരിക്കാന്‍ വീട്ടുകാരെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തു. ഇതോടെ അവരുടെ മൊഴി കള്ളമാണെന്ന് വ്യക്തമായി.

ലിഗ കോവളത്ത് വന്ന ദിവസം ഇവര്‍ അവിടെ ഉണ്ടായിരുന്നത് പോലീസ് മനസ്സിലാക്കിയെന്നാണ് സൂചന. ലിഗയെ തന്ത്രപരമായി വാഴമുട്ടത്തെ കണ്ടല്‍കാട്ടില്‍ എത്തിച്ചിരിക്കാം എന്നാണ് പോലീസ് കരുതുന്നത്. ഇവിടെ വച്ച് ശാരീരിക അതിക്രമത്തിന് ശ്രമിച്ചോ എന്നതും പരിശോധിക്കുന്നുണ്ട്. 

ആന്തരികാവയവങ്ങളുടെയും ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുള്ള ലിഗയുടെ മുടിയുടെയും പരിശോധനാ ഫലം വരുന്നതോടെ കൂടുതല്‍ വ്യക്തതയാകും എന്ന് പോലീസ് പറയുന്നു. ചൊവ്വാഴ്ച പരിശോധനാഫലം കിട്ടിയേക്കും.

 ഇതിനിടെ ഇന്നലെയും മരണ സ്ഥലത്തെ കരയിലും വെള്ളത്തിലും പരിശോധനകള്‍ തുടര്‍ന്നു. അന്വേഷണ സംഘം യോഗം ചേര്‍ന്ന് അന്വേഷണപുരോഗതി വിലയിരുത്തി.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.