മലയാളിയില്‍ വായനയുടെ കൂടു തുറന്നുവിട്ട പൈങ്കിളി

Monday 30 April 2018 9:03 am IST
പ്രപഞ്ചം മുഴുവന്‍ ഒരു നോവലാകാന്‍ വേണ്ടിമാത്രം ഉണ്ടായെന്നു വിശ്വസിച്ചിരിക്കണം വര്‍ക്കി.അന്നത്തെ തലമുറയുടെ ഭാവനാ വസന്തം പൂത്തതും വായനയുടെ ആനവാതില്‍ തുറന്നതും വര്‍ക്കിയുടെ നോവലുകളിലൂടെയാണ്. നോവലും കവിതയും ചെറുകഥയുമായി 132 പുസ്തകങ്ങള്‍ വര്‍ക്കി എഴുതി.

        മലയാള നോവലിന്റെ കുലഗുരു മുട്ടത്തുവര്‍ക്കിയുടെ 105ാം ജന്മദിനമായിരുന്നു ശനിയാഴ്ച. മലയാളിയുടെ ഭാവനാസ്വപ്‌നത്തിലെ പൈങ്കിളിയെ ഊട്ടിവളര്‍ത്തി  സാധാരണക്കാരന്റെ ജീവിത രസങ്ങള്‍ അവരുടെ ഭാഷയിലും സങ്കല്‍പ്പത്തിലും രചിച്ച് നോവലിന്റെ പട്ടുപാതയിലൂടെ മലയാളിയെ ആദ്യമായി സഞ്ചരിപ്പിച്ചത് മുട്ടത്തു വര്‍ക്കിയായിരുന്നു. പ്രേമവും (അന്നു പ്രണയമില്ല) സ്‌നേഹവും പരിഭവവും പകയും ക്ഷമയും കാത്തിരിപ്പും നഷ്ടങ്ങളുമായി എല്ലാ മലയാളിയുടേയും ഉള്ളില്‍ തിരതള്ളി വരുന്ന വികാരക്കടലിനെ വേലിയേറ്റം കൊള്ളിച്ച ആവേശ ചന്ദ്രനായിരുന്നു വര്‍ക്കി. പുഴയും കായലും കടലും കാടും മേടുമൊക്കെ പഴയ തലമുറ  മനക്കണ്ണാടിയില്‍ അധിക സൗന്ദര്യത്തിന്റെ ചേല ചുറ്റിയത് ആ നോവലുകളിലൂടെയാണ്. വര്‍ക്കിയുടെ വില്ലനിലുമുണ്ടായിരുന്നു ഒരു നിഷ്‌ക്കളങ്ക ഭാവം.

         1913 ഏപ്രില്‍ 28ന് കോട്ടയം ജില്ലയിലെ ചങ്ങനാശേരിക്കടുത്തുള്ള ചെത്തിപ്പുഴയിലായിരുന്നു ജനനം.1989ല്‍ അന്തരിച്ചു. അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് പോള്‍ ട്യൂട്ടോറിയല്‍സിലും ദീപിക പത്രത്തിലും ജോലി ചെയ്തു. അന്നത്തെ ജനകീയ എഴുത്തുകാരായിരുന്നു വര്‍ക്കിയും കാനവും. രണ്ടുപേരേയും പൈങ്കിളി എഴുത്തുകാരെന്നാണ് വിശേഷിപ്പിച്ചിരുന്നത്. പക്ഷേ ഈ പൈങ്കിളിക്കാരാണ് അന്നു ജനങ്ങളുടെ വായനയ്ക്കു വലിയ പ്രചോദനം നല്‍കിയത്. നാട്ടില്‍ പുറത്തിന്റെ എഴുത്തുകാരനായിരുന്നു വര്‍ക്കി.

          പ്രപഞ്ചം മുഴുവന്‍ ഒരു നോവലാകാന്‍ വേണ്ടിമാത്രം ഉണ്ടായെന്നു വിശ്വസിച്ചിരിക്കണം വര്‍ക്കി.അന്നത്തെ  തലമുറയുടെ ഭാവനാ വസന്തം പൂത്തതും വായനയുടെ ആനവാതില്‍ തുറന്നതും വര്‍ക്കിയുടെ നോവലുകളിലൂടെയാണ്. നോവലും കവിതയും ചെറുകഥയുമായി 132 പുസ്തകങ്ങള്‍ വര്‍ക്കി എഴുതി. അവയില്‍ 60 നോവലുകളും. പാടാത്ത പൈങ്കിളി, അഴകുള്ള സെലീന, പച്ചനോട്ടുകള്‍, അക്കരപ്പച്ച, ഫിഡില്‍, ജഗജില്ലി, സലോമി, ഇണപ്രാവുകള്‍, മറിയക്കുട്ടി, ആറാം പ്രമാണം തുടങ്ങിയ നോവലുകള്‍ വന്‍ ഹിറ്റുകളാണ്. നിരവധി സിനിമകള്‍ വര്‍ക്കി കൃതികളെ അധികരിച്ചുണ്ടായി.അവയും ഹിറ്റുകളായിരുന്നു.

            അന്നത്തെക്കാലത്ത് ഓടിനടന്നും തേടിനടന്നുമാണ് വര്‍ക്കി സാഹിത്യം ആളുകള്‍ വായിച്ചിരുന്നത്.തങ്ങളെ തന്നെയാണ് ആനോവലുകളിലെ കഥാപാത്രങ്ങളില്‍ വായനക്കാര്‍ കണ്ടിരുന്നത്. കോട്ടയം വാരികകളെ അന്നു നിലനിര്‍ത്തിയിരുന്നത് വര്‍ക്കിയുടെ നോവലുകളായിരുന്നു. അടുത്ത ആഴ്ച വായിക്കാന്‍വേണ്ടിയുള്ള വലിയ ആകാംക്ഷ നല്‍കിക്കൊണ്ട് തുടരും എന്ന ബ്രാക്കറ്റ് വായനക്കാരന്റെ നെഞ്ചിടിപ്പു വര്‍ധിപ്പിച്ചിരുന്നു. വര്‍ക്കിയുടെ കഥാപാത്രങ്ങളെപ്പോലെ നടക്കാനും ഇരിക്കാനും ഉടുക്കാനും തലമുടി ചീവാനുമൊക്കെ പ്രേമിക്കാനുമൊക്കെ വായനക്കാര്‍ അന്ന് ആവേശം കാട്ടിയിരുന്നു.

           നല്ല വായനക്കാരനായിരുന്നു മുട്ടത്തുവര്‍ക്കി. സുന്ദരപുരുഷനും. ലോകസാഹിത്യം നന്നായി വായിച്ച ഈ സുന്ദര പുരുഷന്റെ അക്കാലത്തെ ഇന്റര്‍വ്യൂകള്‍ക്ക് വ്യത്യസ്ത നിരീക്ഷണങ്ങളുടെ ചാരുതയുണ്ടായിരുന്നു. പൈങ്കിളിയെന്നു വര്‍ക്കിയെ പരിഹസിച്ച ആധുനിക സാഹിത്യത്തിലെ പ്രശസ്തരായ എഴുത്തുകാര്‍ പിന്നീട്  അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്‌ക്കാരം വാങ്ങി ഈ എഴുത്തുകാരനെ പുകഴ്ത്തി.വായനയുടെയും ഭാവനയുടേയും മഹായാനം ഒരു തലമുറയ്ക്കു നല്‍കിയ ഗുരുവാണ് മുട്ടത്തു വര്‍ക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.