സര്‍ക്കാറിന് സമ്മര്‍ദ്ദം ചെലുത്താന്‍ അധികാരമില്ല; മുഖ്യമന്ത്രിക്ക് ചുട്ടമറുപടിയുമായി വീണ്ടും മനുഷ്യാവകാശ കമ്മീഷന്‍

Tuesday 1 May 2018 2:30 am IST

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പി. മോഹനദാസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ചുട്ടമറുപടി. കമ്മീഷന്‍ തന്നെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും രംഗത്തെത്തിയത്. 

സംസ്ഥാന സര്‍ക്കാരിന് കമ്മീഷനില്‍ സമ്മര്‍ദ്ദം ചെലുത്താനാകില്ല. നിയമത്തിനുള്ളില്‍ നിന്നു കൊണ്ടാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. കമ്മീഷന്റെ ഉത്തരവുകള്‍ ചിലര്‍ക്ക് ബുദ്ധിമുട്ടാകുമെങ്കിലും നടപടിയുമായി ധൈര്യപൂര്‍വ്വം മുന്നോട്ടുപോകും. കമ്മീഷനില്‍ ഭേദഗതി വരുത്താന്‍ പ്രധാനമന്ത്രിയടങ്ങുന്ന പാര്‍ലമെന്റിനാണ് അധികാരമെന്നും കമ്മീഷന്‍ സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു.

ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തില്‍ പോലീസിനുണ്ടായ വീഴ്ചയെയും സര്‍ക്കാരിന്റെ തെറ്റായ നടപടിളെയും  മനുഷ്യാവകാശ കമ്മീഷന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കൂടാതെ, സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. കമ്മീഷന്‍ കമ്മീഷന്റെ പണി എടുത്താല്‍ മതിയെന്നും മുന്‍കാല രാഷ്ട്രീയ നിലപാടുവെച്ച് പെരുമാറരുതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. 

ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകക്കേസില്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അത് പരിഗണിച്ചിട്ടില്ല. പോലീസിനെതിരെയുള്ള കേസുകള്‍ പൊലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ലെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷിക്കണമെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടത്. വിധിയിലെ ശരിതെറ്റുകള്‍ ഇനി ഹൈക്കോടതി തീരുമാനിക്കട്ടെയെന്നും കമ്മീഷന്‍ വ്യക്തമാക്കി. ആലുവയില്‍ കഴിഞ്ഞദിവസം നടന്ന ചടങ്ങിലായിരുന്നു കമ്മീഷന്റെ അഭിപ്രായ പ്രകടനം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.