ടൂറിസം നയം ജലരേഖയായി; ചൂഷണവും മനുഷ്യക്കടത്തും നിര്‍ബാധം തുടരുന്നു

Tuesday 1 May 2018 2:33 am IST

കോട്ടയം: ടൂറിസം മേഖലയെ കാര്യക്ഷമവും ചൂഷണരഹിതവുമാക്കുന്നതിനായി സര്‍ക്കാര്‍ രൂപം നല്‍കിയ ടൂറിസം നയം ജലരേഖയായി. വിദേശസഞ്ചാരികളുടെ കാര്യത്തില്‍ നൂറു ശതമാനവും ആഭ്യന്തര സഞ്ചാരികളില്‍ 50 ശതമാനവും വര്‍ധന ലക്ഷ്യമിട്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ നയം പ്രഖ്യാപിച്ചത്. പ്രഖ്യാപനങ്ങളല്ലാതെ ഒന്നും നടപ്പായില്ല. 

അതേസമയം ടൂറിസത്തിന്റെ മറവില്‍ ബാറുകള്‍ തുറന്ന് കൊടുക്കാന്‍ സര്‍ക്കാര്‍ അത്യുത്സാഹവും കാണിച്ചു. ടൂറിസം കേന്ദ്രങ്ങളിലേക്ക് ഗോവ അടക്കമുള്ള സ്ഥലങ്ങളില്‍ നിന്ന് മയക്കുമരുന്നും മനുഷ്യക്കടത്തും നിര്‍ബാധം തുടരുകയാണ്. വിദ്യാര്‍ത്ഥികള്‍ വരെ ഇതിലെ കണ്ണികളാണ്. എല്‍എസ്ഡി അടക്കമുള്ള മാരക മയക്കുമരുന്നുകളും എത്തുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. 

ടൂറിസം മേഖലയില്‍ മനുഷ്യക്കടത്ത്, ബാലപീഡനം, മയക്കു മരുന്ന് ഉപയോഗം തുടങ്ങിയവ കാര്യക്ഷമമായി നേരിടുന്നതിന് ആഭ്യന്തരം, സാമൂഹ്യനീതി തുടങ്ങിയ വകുപ്പുമായി ചേര്‍ന്ന് ഓരോ ടൂറിസം കേന്ദ്രങ്ങളിലും പ്രത്യേക കര്‍മ്മസേന രൂപീകരിക്കുമെന്നു നയത്തില്‍ പറഞ്ഞിരുന്നു. വിനോദ സഞ്ചാരികള്‍ക്കുണ്ടാകുന്ന ദുരനുഭവങ്ങള്‍ക്ക് ഉടനടി പരിഹാരം കണ്ടെത്താന്‍ കേരള ടൂറിസം റഗുലേറ്ററി അതോറിട്ടി രൂപീകരിക്കമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരമൊരു അതോറിട്ടിയെക്കുറിച്ച് കേട്ടുകേള്‍വി പോലും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കോ വ്യവസായികള്‍ക്കോ ഇല്ല. 

വിദേശ വനിത ലിഗയുടെ കൊലപാതകം ചര്‍ച്ചയായപ്പോഴാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വീണ്ടും അതോറിറ്റിയെക്കുറിച്ച് പറയുന്നത്. വിനോദസഞ്ചാരികള്‍ക്ക് ഉണ്ടാകുന്ന ദുരനുഭവങ്ങള്‍ക്ക് ഉടനടി പരിഹാരം എത്തിക്കുമെന്നാണ് നയത്തില്‍ പറഞ്ഞത്. എന്നാല്‍ ലിഗയെ കാണാതായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷിക്കാനോ സഹായിക്കാനോ സര്‍ക്കാരോ പോലീസോ തയ്യാറായില്ല. 

പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍ മുഖേന സുരക്ഷാപാലകരെ വിന്യസിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് നയത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എല്ലാ കേന്ദ്രങ്ങളിലും നാമമാത്ര ടൂറിസം പോലീസ് മാത്രമാണുള്ളത്. ലോക്കല്‍ പോലീസില്‍ കഴിവുകെട്ടവരെയും നടപടി നേരിട്ടവരെയും കുടിയിരുത്താനുള്ള കേന്ദ്രങ്ങളാണ് ടൂറിസം പോലീസ് സ്റ്റേഷനുകള്‍. സഞ്ചാരികളോട് പുലര്‍ത്തേണ്ട ആതിഥേയ മര്യാദയോ ഭാഷാ പ്രാവീണ്യമോ ഇവരില്‍ പലര്‍ക്കുമില്ല. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.