കോടികളുടെ വിദേശഫണ്ട്; കണക്ക് നല്‍കാതെ 3292 സ്ഥാപനങ്ങള്‍

Tuesday 1 May 2018 2:37 am IST

ന്യൂദല്‍ഹി : വിദേശഫണ്ട് വിവരങ്ങള്‍ വെളിപ്പെടുത്താത്ത 3292 സന്നദ്ധസംഘടനകളും സ്ഥാപനങ്ങളുമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. പലതവണ നോട്ടീസ് നല്‍കിയിട്ടും വിദേശഫണ്ട് വിവരങ്ങളോ ചെലവുകളോ ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല. ഓണ്‍ലൈനായി വിവരങ്ങള്‍ അടിയന്തിരമായി നല്‍കിയില്ലെങ്കില്‍ നടപടികള്‍ കൈകൊള്ളുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.  

വിദേശഫണ്ട് വിവരങ്ങള്‍ വെളിപ്പെടുത്താത്ത സ്ഥാപനങ്ങളില്‍  പ്രമുഖ സര്‍വ്വകലാശാലകളും ഐടി കമ്പനികളും ഉള്‍പ്പെടും. ജെഎന്‍യു, ഇഗ്‌നൗ, ദല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍ സര്‍വ്വകലാശാലകള്‍, ഐഐടി മദ്രാസ്, ഐഐടി ദല്‍ഹി, ഇന്‍ഫോസിസ് ഫൗണ്ടേഷന്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, മദ്രാസ് ക്രിസ്ത്യന്‍കോളേജ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങള്‍ ഫണ്ട് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

 ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്യാത്ത സംഘടനകള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ നിയമപ്രകാരം വിദേശഫണ്ട് സ്വീകരിക്കാനാവില്ല. രജിസ്റ്റര്‍ ചെയ്ത സംഘടനകള്‍ എല്ലാവര്‍ഷവും വിദേശഫണ്ടിന്റെ വരവും ചെലവും സമര്‍പ്പിക്കണം. ഇല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെടും. 2011 മുതല്‍ 2017 വരെയുള്ള ഈ സ്ഥാപനങ്ങളുടെ വാര്‍ഷിക കണക്കുകള്‍ പരിശോധിച്ചതില്‍ സംഘടനകളും സ്ഥാപനങ്ങളും വിദേശഫണ്ടിന്റെ വരവും ചെലവും ബന്ധപ്പെട്ട സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്തിട്ടില്ല. പല തവണ നോട്ടീസ് നല്‍കിയിട്ടും മറുപടിയില്ലാത്തതിനെതുടര്‍ന്നാണ് 15 ദിവസത്തിനുള്ളില്‍ ഇക്കാര്യം ഓണ്‍ലൈനായി സമര്‍പ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.

എന്നാല്‍ ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ഇന്‍ഫോസിസ് ലിമിറ്റഡ് എന്ന കമ്പനിയില്‍നിന്നാണ് പണം സ്വീകരിക്കുന്നതെന്നും അത് വിദേശഫണ്ടായി കണക്കാനാവില്ലെന്നും ഇന്‍ഫോസിസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രാംദാസ് കമ്മത്ത് അറിയിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.