ആശുപത്രിയില്‍ നിന്ന് വിട്ടയച്ചതും വിവാദമാക്കി ലാലു

Tuesday 1 May 2018 2:47 am IST

ന്യൂദല്‍ഹി: ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍( എയിംസ്)  നിന്ന് ലാലു പ്രസാദ് യാദവിനെ വിട്ടയച്ചതിനെച്ചൊല്ലിയും വിവാദം. കാലിത്തീറ്റക്കേസില്‍ റാഞ്ചി ജയിലിലായിരുന്ന  മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും മുന്‍കേന്ദ്രമന്ത്രിയും ആയ ലാലുവിനെ ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് മാര്‍ച്ച് 29നാണ് എയിംസില്‍ പ്രവേശിപ്പിച്ചത്. ആറു ഡോക്ടമാരുടെ  സംഘമാണ് ലാലുവിനെ ചികില്‍സിച്ചിരുന്നത്. ഒരു മാസത്തിലേറെയായി ഇവിെട തുടരുന്ന ലാലുവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ വിട്ടയച്ചു. ഇക്കാര്യം കാട്ടി അധികൃതര്‍ പത്രക്കുറിപ്പുമിറക്കി. ആരോഗ്യ നില മെച്ചപ്പെട്ടതിനാല്‍ തിരികെ റാഞ്ചി മെഡിക്കല്‍ കോളേജിലേക്ക് അയക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. യാത്ര ചെയ്യാന്‍ കുഴപ്പമില്ലെന്നും അവര്‍ പറഞ്ഞു. 

എന്നാല്‍  ക്രിമിനല്‍ കേസില്‍ ജയിലിടച്ചയാളായതിനാല്‍ ബീഹാറില്‍ ചെന്നാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുമെന്നു കണ്ട് ലാലുവിന്റെ കുടുംബം ഇത് വിവാദമാക്കി. തന്നെ ഡിസ്ചാര്‍ജ്ജ് ചെയ്തത്  തിരക്കിട്ടാണെന്നും ഇതിനുപിന്നില്‍ രാഷ്ട്രീയക്കളിയുണ്ടെന്നുമാണ് ലാലുവിന്റെ ആരോപണം. മകന്‍ തേജസ്വിയും ഇതേ ആരോപണം ഉന്നയിക്കുന്നു. രാഷ്ട്രീയ വൈരം തീര്‍ക്കുകയാണെന്നാണ് തേജസ്വിപറയുന്നത്. യാതൊരു സൗകര്യവും ഇല്ലാത്ത ആശുപത്രിയിലേക്കാണ് പറഞ്ഞുവിടുന്നത്. ഇതിനു പിന്നില്‍ ഗൂഡാലോചനയുണ്ട്. തേജസ്വി പറയുന്നു. 

 ആരോഗ്യം മെച്ചപ്പെട്ട ശേഷവും ആശുപത്രിയില്‍ സുഖചികില്‍സയുമായി തുടരാനായിരുന്നു ലാലുവിന്റെ പദ്ധതി. അങ്ങനെയെങ്കില്‍ തന്ത്രപൂര്‍വ്വം,  ജയിലില്‍ കഴിയാതെ തലയൂരാനായിരുന്നു പരിപാടി. ആശുപത്രി അധികൃതര്‍ ഡിസ്ചാര്‍ജ്ജ് ചെയ്തതോടെ ഇത് പൊളിഞ്ഞു. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലു കേസുകളില്‍ ലാലുവിനെ ശിക്ഷിച്ചിരുന്നു. ഒന്നില്‍ മൂന്നരവര്‍ഷവും മറ്റു രണ്ടു കേസുകളില്‍ അഞ്ചു വര്‍ഷം വീതവും ഒരു കേസില്‍ 16 വര്‍ഷവും.

രാഹുല്‍ ലാലുവിനെ കണ്ടു

ന്യൂദല്‍ഹി; കോടികളുടെ അഴിമതിക്കേസില്‍ ജയിലിലടച്ചിരുന്ന ലാലുവിനെ ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ദല്‍ഹിയിലെ എയിംസില്‍ എത്തി സന്ദര്‍ശിച്ചു. ശാരീരിക അസ്വസ്ഥകളെത്തുടര്‍ന്ന്  റാഞ്ചി ജയിലില്‍ നിന്ന് മാര്‍ച്ച് 29നാണ് ലാലുവിനെ എയിംസില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ ആശുപത്രിയില്‍ എത്തിയ രാഹുല്‍ അല്പ്പനേരം ലാലുവുമായി ചര്‍ച്ച നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.