രണ്ടാം ലോക ഹിന്ദു കോണ്‍ഗ്രസ് സെപ്റ്റംബറില്‍

Tuesday 1 May 2018 2:50 am IST

വാഷിങ്ടണ്‍: സ്വാമി വിവേകാനന്ദന്റെ ചരിത്രപ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തിന്റെ സ്മരണയുണര്‍ത്തി രണ്ടാമത് ലോക ഹിന്ദു കോണ്‍ഗ്രസിന് സെപ്റ്റംബറില്‍ തിരശീല ഉയരും. ചിക്കാഗോയില്‍ ഏഴു മുതല്‍ ഒമ്പതുവരെ നടക്കുന്ന സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളിലെ ആത്മീയ- സാംസ്‌കാരികതലവന്‍മാര്‍ പങ്കെടുക്കും. 

1893 സെപ്റ്റംബര്‍ 11 നു അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന സര്‍വ്വ മത സമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന്‍ നടത്തിയ ചരിത്ര പ്രസംഗത്തിന്റെ 125-ാം വാര്‍ഷികത്തിന്റെ സ്മരണ നിലനിര്‍ത്തിയാണ് ലോക ഹിന്ദു കോണ്‍ഗ്രസ് നടത്തുന്നത്. 

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ, ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍, പ്രണവ് പാണ്ഡ്യ, ഗായത്രി പരിവാര്‍ തുടങ്ങിയ ആചാര്യന്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 

 50 രാജ്യങ്ങളില്‍ നിന്നായി 2,000 ഹിന്ദുക്കള്‍ സമ്മേളത്തില്‍ പങ്കെടുക്കും.  യുഎസ് കോണ്‍ഗ്രസിലെ ആദ്യത്തെ ഹിന്ദു വംശജയായ അംഗം തുളസി ഗബ്ബാര്‍ഡ് ആണ് ചിക്കാഗോ സമ്മേളനത്തിന്റെ ചെയര്‍പേഴ്‌സണ്‍.  വേള്‍ഡ് ഹിന്ദു ഫൗണ്ടേഷന്‍ ചെയര്‍മാനായ സ്വാമി വിജ്ഞാനന്ദ് ആണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

ഇന്ത്യ, യുഎസ് ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള കോര്‍പ്പറേറ്റ് ലീഡര്‍മാരുള്‍പ്പെടെ ഏകദേശം 500 കമ്പനികളുടെ തലവന്‍മാര്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കും. കൂടാതെ ബോളിവുഡ്, ഹോളിവുഡ് താരങ്ങളും എത്തിയേക്കും. 

ആഗോള ഹിന്ദു സമൂഹത്തെ രാഷ്ട്രീയ- സാമ്പത്തികപരമായി ശാക്തീകരിക്കാനും  ജ്വലിപ്പിച്ചു നിര്‍ത്തുന്നതിനും ഇത്തരം സമ്മേളനങ്ങള്‍ അത്യാവശ്യമാണെന്ന് വേള്‍ഡ് ഹിന്ദു ഇക്കണോമിക് ഫോറം വാഷിങ്ടണ്‍ ഡിസിയുടെ ഒന്നാം വാര്‍ഷികാചരണത്തില്‍ സ്വാമി വിജ്ഞാനന്ദ് പറഞ്ഞിരുന്നു. ലോകജനസംഖ്യയുടെ 16 ശതമാനം ഹിന്ദുക്കളുണ്ട്, ലോകസാമ്പത്തികശക്തിയുടെ 16ശതമാനവും ഹിന്ദുക്കളായി മാറേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. 30 വര്‍ഷം മുമ്പ് ചൈനയെ ആരും പരിഗണിച്ചിരുന്നില്ല. എന്നാലിന്ന് ചൈന സാമ്പത്തിക-സൈനിക ശക്തിയായി ഉയര്‍ന്നിരിക്കുന്നു. ഇതുപോലെ ഹിന്ദു സമൂഹവും ഉണര്‍ന്നു വരണമെന്ന് അദ്ദേഹം പറഞ്ഞു. 

2014 നവംബറിലാണ് ആദ്യ ലോക ഹിന്ദു സമ്മേളനം നടന്നത്. ന്യൂദല്‍ഹിയില്‍ നടന്ന സമ്മേളത്തില്‍ 1,800 പ്രതിനിധികള്‍ പങ്കെടുത്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.