അവഗണിക്കപ്പെട്ട് ആളൊരുക്കം; ഇന്ദ്രന്‍സ് മികച്ച നടനുള്ള പുരസ്‌കാരം കിട്ടിയപ്പോള്‍ കൈയടിച്ച ഫേസ്ബുക്ക് ആരാധകരുടെ നാലിലൊന്ന് തീയറ്ററില്‍ പടം കണ്ടിരുന്നെങ്കില്‍ വിജയിച്ചേനെ...

Tuesday 1 May 2018 2:53 am IST
"ദേശീയ പുരസ്കാരം നേടിയ ആളൊരുക്കത്തിന്റെ സംവിധായകന്‍ പി.സി അഭിലാഷ് പത്രസമ്മേളനത്തില്‍"

തിരുവനന്തപുരം: ''സര്‍ക്കാര്‍ തീയറ്ററുകള്‍ തന്നില്ല, 'കൊമേഴ്‌സ്യല്‍ കമ്മിറ്റ്‌മെന്റ്' എന്നാണ് കെഎസ്എഫ്ഡിസിയില്‍ നിന്ന് ലഭിച്ച മറുപടി. പിന്നാലെ അലഞ്ഞപ്പോള്‍ വാടകയ്ക്ക് തീയറ്റര്‍ കിട്ടുമെന്നായി. അപ്പോള്‍ കൊമേഴ്‌സ്യല്‍ കമ്മിറ്റ്‌മെന്റോ എന്ന് ചോദിച്ചപ്പോള്‍ അറിയാതെ പറഞ്ഞതാണ്, വിഷുവാണ്, പടം ഓടി പണം കിട്ടിയാലേ ജീവനക്കാര്‍ക്ക് ശമ്പളം കിട്ടൂ എന്നായി കെഎസ്എഫ്ഡിസിയിലെ ഉന്നത. അങ്ങനെയാണെങ്കില്‍ എനിക്കൊരു അപേക്ഷയുണ്ട്, സര്‍ക്കാര്‍ കെഎസ്എഫ്ഡിസി ഏറ്റെടുത്ത് മാന്യമായ വേതനം നല്‍കണം'', സാമൂഹ്യ പ്രതിബദ്ധതയുള്ള മികച്ച ചിത്രത്തിന് ദേശീയ പുരസ്‌കാരം നേടിയ ആളൊരുക്കത്തിന്റെ സംവിധായകന്‍ പി.സി. അഭിലാഷിന്റേതാണ് വാക്കുകള്‍. 

ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ ആസിഫയുടെ വിഷയത്തില്‍ പ്രതികരിച്ച് അവാര്‍ഡ് നിഷേധിക്കാമോ എന്ന് ചോദിച്ച സുഹൃത്തുക്കളുണ്ട്. അവഗണനയുടെ നടുവില്‍ ലഭിച്ച തെളിനീരാണ് ആ അവാര്‍ഡ് എന്നായിരുന്നു തന്റെ മറുപടി. ഇന്ദ്രന്‍സ് മികച്ച നടനുള്ള പുരസ്‌കാരം കിട്ടിയപ്പോള്‍ കൈയടിച്ച ഫേസ്ബുക്ക് ആരാധകരുടെ നാലിലൊന്ന് തീയറ്ററില്‍ പടം കണ്ടിരുന്നെങ്കില്‍ വിജയിച്ചേനെ. ജനകീയപുരസ്‌കാരം എന്നൊക്കെപ്പറഞ്ഞ് കാണിക്കുന്ന ഈ പ്രേമം കപടമാണെന്ന തിരിച്ചറിവാണ് ആളൊരുക്കം പകര്‍ന്നതെന്ന് തിരുവനന്തപുരം പ്രസ്‌ക്ലബിലെ മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. ആകെ പത്ത് തീയറ്ററിലാണ് ആളൊരുക്കം പ്രദര്‍ശിപ്പിച്ചത്. 

ഇതൊരു അവാര്‍ഡ് സിനിമയല്ല. അത്ര ബുദ്ധിജീവികളല്ല ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരാരും. അവാര്‍ഡ് കിട്ടിപ്പോയതാണ്. സാമ്പത്തികവിജയം നേടാവുന്ന സിനിമയാണ് ആളൊരുക്കം. പെരുന്തച്ചന്റെയും മറ്റും നിരയില്‍ നിര്‍ത്താവുന്ന കാലം തെറ്റിപ്പിറന്ന സിനിമയാണിത്. ഒരു തിയേറ്റര്‍ കിട്ടാന്‍ ഇതൊരു അവാര്‍ഡ് സിനിമയല്ലെന്ന് കാലില്‍ വീണു പറയേണ്ട ഗതികേടാണ് തനിക്കുണ്ടായതെന്ന് അഭിലാഷ് പറഞ്ഞു.

സര്‍ക്കാര്‍ തീയറ്ററുകളില്‍ ഒരു ഷോയെങ്കിലും കളിക്കാനുള്ള അനുവാദമാണ് തേടിയത്. അത് ലഭിച്ചില്ല. വാടകയ്ക്കാണെങ്കില്‍ നോക്കാമെന്ന് പറഞ്ഞ ലെനിന്‍ രാജേന്ദ്രന്‍ വാടകത്തുക നിങ്ങള്‍ക്ക് താങ്ങില്ലെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. വാടകയ്ക്ക് തീയറ്ററെടുത്ത് പടമോടിക്കണമെന്ന് താല്പര്യമില്ലാത്തത് കൊണ്ട് ആ വഴിക്ക് നീങ്ങിയില്ല. കോഴിക്കോട് ശ്രീ തീയറ്ററില്‍ ഒരു ഷോ തേടിയാണ് സാംസ്‌കാരിക വകുപ്പ് മന്ത്രിയെ കണ്ടത്. അദ്ദേഹത്തിന്റെ ഇടപെടലില്‍ കോഴിക്കോട് ശ്രീയില്‍ പ്രദര്‍ശനം നടന്നു, പക്ഷേ തൃശൂര്‍ ശ്രീയില്‍ ഓടിക്കൊണ്ടിരുന്ന പടം മാറ്റുകയും ചെയ്തുവെന്ന് അഭിലാഷ് പറഞ്ഞു. അഭിനേതാക്കളായ ശ്രീകാന്ത് മേനോന്‍, വിഷ്ണു തുടങ്ങിയവരും മുഖാമുഖത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.