കഞ്ചാവ് കേസിലെ പ്രതിക്ക് പാസ്‌പോര്‍ട്ട് ; പാലാ ഡിവൈഎസ്പിയുടെ നടപടി വിവാദത്തില്‍

Tuesday 1 May 2018 3:00 am IST

കോട്ടയം: മലേഷ്യയില്‍ നിന്ന് നാടുകടത്തിയ കഞ്ചാവ് കേസിലെ പ്രതിക്ക് പാസ്‌പോര്‍ട്ട് ലഭിക്കാന്‍ പാലാ ഡിവൈഎസ്പി ഇടപെട്ടത് വിവാദത്തില്‍. പാസ്‌പോര്‍ട്ട് കൊടുക്കുന്നതിനെ എതിര്‍ത്ത അന്വേഷണ ഉദ്യോഗസ്ഥനായ പോലീസുകാരനെതിരെയുള്ള ശിക്ഷാനടപടിയാണ് വിവാദത്തിലായത്. ഈ ഉദ്യോഗസ്ഥനെ അകാരണമായി സസ്‌പെന്‍ഡ് ചെയ്തത് പോലീസിനുള്ളില്‍ കടുത്ത അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്.  

മലേഷ്യയില്‍ നിയമ നടപടി നേരിട്ട രാമപുരം സ്വദേശി നല്‍കിയ പാസ്‌പോര്‍ട്ടിനുള്ള അപേക്ഷയിലാണ് കള്ളക്കളി നടന്നത്. രാമപുരം സ്വദേശിയുടെ പാസ്‌പോര്‍ട്ട് മലേഷ്യന്‍ പോലീസ് കണ്ടുകെട്ടുകയും അയാളെ കരിമ്പട്ടികയില്‍പ്പെടുത്തി ഇന്ത്യയിലേക്ക് കയറ്റിവിടുകയും ചെയ്തു. നാട്ടില്‍ കഞ്ചാവ് കേസില്‍ പ്രതിയായിരുന്ന ഇയാള്‍ മയക്കുമരുന്ന് കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് മലേഷ്യയില്‍ നിന്ന് നാടുകടത്തിയത്. 

 ഇന്ത്യയിലെത്തിയ ഇയാള്‍ കുറച്ചുനാളുകള്‍ക്ക് ശേഷം പുതിയ പാസ്‌പോര്‍ട്ടെടുക്കാന്‍ ശ്രമം തുടങ്ങി. ഇതിനായി ബസ് യാത്രക്കിടയില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതായി പത്രപ്പരസ്യം നല്‍കുകയും നോട്ടറിയെക്കൊണ്ട് സത്യവാങ്മൂലം തയ്യാറാക്കുകയും ചെയ്തു. ഇതെല്ലാം ചേര്‍ത്ത് പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതായി കാണിച്ച് ഇയാള്‍ മാര്‍ച്ച് 26ന് രാമപുരം പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തു. ഈ പരാതി അന്വേഷിക്കാന്‍ എസ്‌ഐ ഒരു പോലീസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി. എന്നാല്‍ ഈ ഉദ്യോഗസ്ഥന്റെ അസൗകര്യം മൂലം ഏപ്രില്‍ 2ന് മറ്റൊരു പോലീസ് ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചു. ഈ ഉദ്യോഗസ്ഥന്റെ അന്വേഷണത്തില്‍ പരാതി മുഴുവന്‍ കളവാണെന്ന് കണ്ടെത്തുകയും ഏപ്രില്‍ 5ന് വിശദമായ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. 

 എന്നാല്‍ ഇതില്‍ ക്ഷുഭിതനായ പാലാ ഡിവൈഎസ്പി അന്വേഷണ ഉദ്യോഗസ്ഥനെതിരെ റിപ്പോര്‍ട്ടെഴുതി തരാന്‍ രാമപുരം എസ്‌ഐയോട് ആവശ്യപ്പെട്ടു. സിഐ ആണ് റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടത്. ഇതു മറികടന്ന് അപ്പോള്‍ തന്നെ റിപ്പോര്‍ട്ട് ചോദിക്കുകയും പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു. 

രാമപുരം സ്വദേശിക്ക് പാസ്‌പോര്‍ട്ടിന് ആവശ്യമായ റിപ്പോര്‍ട്ട് വേഗം നല്‍കാന്‍ ഡിവൈഎസ്പി രാമപുരം എസ്‌ഐയോട് ആവശ്യപ്പെടുകയും ചെയ്തു. രാമപുരം സ്വദേശിക്ക് കഞ്ചാവ് മാഫിയയുമായുള്ള ബന്ധം പോലീസുകാര്‍ക്കും അറിയാവുന്നതാണ്. ഇതു മറച്ചുവെച്ചാണ് അയാള്‍ക്ക് പാസ്‌പോര്‍ട്ടിന് വേണ്ടി ഡിവൈഎസ്പി സമ്മര്‍ദ്ദം ചെലുത്തിയതെന്നാണ് ആക്ഷേപം. ഇതിനെക്കുറിച്ച് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാന്‍ ഡിവൈഎസ്പി തയാറായില്ല. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.