മുഖം രക്ഷിക്കാന്‍ അടവ് നയം; ഒടുവില്‍ ശ്രീജിത്തിന്റെ വീട്ടില്‍ കോടിയേരിയെത്തി

Tuesday 1 May 2018 3:21 am IST

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടസംഭവത്തില്‍ മുഖം രക്ഷിക്കാന്‍ അവസാന അടവുമായി സിപിഎം സംസ്ഥാന നേതൃത്വം. നിരപരാധിയായ ശ്രീജിത്തിനെ പോലീസ് ചവിട്ടിക്കൊന്ന് ഒരുമാസമാകാറായിട്ടും വീട് സന്ദര്‍ശിക്കാനോ നഷ്ടപരിഹാരം നല്‍കാനോ തയ്യാറാകാതിരുന്ന സര്‍ക്കാറും, പാര്‍ട്ടി നേതൃത്വവും ജനരോഷമുയര്‍ന്നപ്പോഴാണ് അടവുനയവുമായെത്തിയത്.

  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് ഇന്നലെ വൈകിട്ട് വരാപ്പുഴയിലെ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചത്. എറണാകുളം ജില്ലയില്‍ ഒരുദിവസം മുഴുവനുണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രീജിത്തിന്റെ വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു സന്ദര്‍ശനം.

ശ്രീജിത്തിന്റെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്താതിരുന്നത് ബോധപൂര്‍വമല്ലെന്നും ശ്രീജിത്തിന്റെ മരണത്തിനു കാരണക്കാര്‍ ആരായാലും അതെത്ര ശക്തന്മാരായാലും മാതൃകാപരമായ ശിക്ഷവാങ്ങി നല്‍കാന്‍ പരിശ്രമിക്കുമെന്നും കോടിയേരി വീട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി. എന്നാല്‍, നിരപരാധിയായ ശ്രീജിത്തിനെ കുടുക്കാന്‍ ശ്രമിച്ച സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കുമെന്നോ, അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നോ കോടിയേരി പറഞ്ഞില്ല. 

സര്‍ക്കാറില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങി നല്‍കുമെന്ന ഉറപ്പുനല്‍കാതെയായിരുന്നു കോടിയേരിയുടെ മടക്കം. ശ്രീജിത്തിന്റെ കുടുംബത്തിനു സര്‍ക്കാര്‍ ആശ്വാസധനം പ്രഖ്യാപിക്കണം, ഭാര്യയ്ക്കു ജോലി നല്‍കണം, തുടങ്ങിയ ആവശ്യങ്ങള്‍ എല്ലാ നേതാക്കളെയും പോലെ ഉന്നയിക്കുക മാത്രമാണ് കോടിയേരി ചെയ്തത്.

ശ്രീജിത്തിന്റെ മരണം ദൗര്‍ഭാഗ്യകരമാണെന്നും സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്നും കോടിയേരി പറഞ്ഞു.എന്നാല്‍, അന്വേഷണത്തെക്കുറിച്ചു പറയേണ്ടതു പുറത്തുനില്‍ക്കുന്നവരല്ല. കുടുംബത്തിനു പരാതിയുണ്ടെങ്കില്‍ കോടതിയില്‍ പറയട്ടെ. സിബിഐ അന്വേഷണം വേണോയെന്നു കോടതി തീരുമാനിക്കട്ടെ. ശ്രീജിത്തിന്റെ കുടുംബത്തിനെ സന്ദര്‍ശിക്കാന്‍ വൈകിയതു മനപ്പൂര്‍വം പ്രശ്നങ്ങളുണ്ടാക്കേണ്ട എന്നു കരുതിയാണ്. തങ്ങളുടെ സാന്നിധ്യം ആര്‍ക്കെങ്കിലും പ്രകോപനമുണ്ടാക്കുമെങ്കില്‍ ഒഴിഞ്ഞു നില്‍ക്കുന്നതാണു നല്ലതെന്നു കരുതി. അതു ശ്രീജീത്തിന്റെ കുടുംബത്തിന് എതിരായ നിലപാടല്ല കോടിയേരി വിശദീകരിച്ചു. കോടിയേരിയുടെ ഈ വിശീദകരണത്തില്‍ നിന്നും സംഭവത്തില്‍ സിപിഎമ്മിന്റെ പങ്ക് വ്യക്തമാണ്.

വരാപ്പുഴയില്‍ വീടാക്രമണത്തെ തുടര്‍ന്ന് ഗൃഹനാഥനായ വാസുദേവന്‍ ആത്മഹത്യ ചെയ്ത കേസില്‍ കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് ഏപ്രില്‍ ആറിനാണ് കൊല്ലപ്പെട്ടത്. സംഭവം നടന്ന ഒരുമാസമാകാറായിട്ടും മുഖ്യമന്ത്രിയോ സിപിഎം മന്ത്രിമാരോ പാര്‍ട്ടിയുടെ ജില്ലാ നേതാക്കളോ ശ്രീജിത്തിന്റെ വീട്ടിലെത്തിയില്ല. ഇതുവരെ ശ്രീജിത്തിന്റെ വീട്ടിലെത്താതിരുന്ന സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവും ഒപ്പമുണ്ടായിരുന്നു. പ്രതിഷേധം ഭയന്ന് വന്‍ പോലീസ് സന്നാഹവും ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ, റെഡ് വാളന്റിയര്‍മാരുമുണ്ടായിരുന്നു.  വരാപ്പുഴയില്‍ സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിനു മുന്നോടിയായിട്ടായിരുന്നു കോടിയേരിയുടെ സന്ദര്‍ശനം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.