മഹദ് വ്യക്തിത്വങ്ങള്‍ പ്രചോദനം: ഉപരാഷ്ട്രപതി

Tuesday 1 May 2018 3:25 am IST

തിരുവല്ല: മഹത് വ്യക്തിത്വങ്ങള്‍ സമൂഹത്തിനു പ്രചോദനമാണന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. തിരുവല്ലയില്‍ മാര്‍ത്തോമ്മാ സഭ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന്റെ 101-ാമത് ജന്മദിനാഘോഷവും സഭാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ പൗരോഹിത്യ വജ്രജൂബിലിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

നൂറ്റൊന്നാം വയസിലെത്തിയ , രാജ്യത്തിന്റെ പരമോന്നത ബഹുമതികളില്‍ ഒന്നായ പത്മഭൂഷണ്‍ ലഭിച്ച വലിയ മെത്രാപ്പോലീത്തയുടെ ജീവിതം ലോകത്തിന് മാതൃകയാണ്. അശരണരോടുള്ള കാരുണ്യവും കരുതലും അദ്ദേഹം  കാത്തു സൂക്ഷിക്കുന്നു. നന്മ ചെയ്യുന്നവരെ ആദരിക്കുന്നത് ഭാരതീയ പാരമ്പര്യമാണ്. മാനവ സേവയാണ് മാധവ സേവയെന്ന ഭാരതീയ പാരമ്പര്യം ഉള്‍ക്കൊണ്ട് ജീവിതത്തിലുടനീളം പ്രവര്‍ത്തിച്ച തിരുമേനിയുടെ ജീവിതം രാഷ്ട്രത്തിന് അഭിമാനമാണ്.

പൗരോഹിത്യ വജ്രജൂബിലി ആഘോഷിക്കുന്ന ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വം ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായതില്‍ സന്തോഷിക്കുന്നു. മാരക രോഗങ്ങള്‍ ബാധിച്ചവരെ സഹായിക്കാന്‍ മാര്‍ത്തോമ്മാ സഭ ആവിഷ്‌കരിച്ച സ്നേഹക്കരം  പദ്ധതി മികച്ചതാണ്. 

ഭാരതീയ തത്വശാസ്ത്രത്തോടു ചേര്‍ന്നു നിന്നാണ് മാര്‍ത്തോമ്മാ സഭയുടെ പ്രവര്‍ത്തനം.  മിഷന്‍ പ്രവര്‍ത്തനങ്ങളിലും വിദ്യാഭ്യാസപുരോഗതിയിലും സഭകള്‍  ചെയ്ത സേവനങ്ങള്‍ സമൂഹത്തിന്റെ പുരോഗതിയില്‍ നിര്‍ണായകമാണ്.  വെങ്കയ്യ  പറഞ്ഞു.

ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. രാജ്യസഭ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌കോപ്പ, യാക്കോബായ സഭ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതാധ്യക്ഷന്‍ തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, ഓര്‍ത്തഡോക്‌സ് സഭ നിരണം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, സഭാ സെക്രട്ടറി റവ.കെ.ജി. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ബിജെപിസംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരന്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, രാജു എബ്രഹാം എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു. അല്‍മായ ട്രസ്റ്റി പി.പി. അച്ചന്‍കുഞ്ഞ് സഭയുടെ ഉപഹാരം ഉപരാഷ്ട്രപതിക്കു സമ്മാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.