ലിഗയുടെ സഹോദരിയുടെ വായ് മൂടി; അശ്വതിക്ക് ഭീഷണി

Tuesday 1 May 2018 3:30 am IST

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകത്തോടെ വെട്ടിലായ പിണറായി സര്‍ക്കാര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത് തടയാനും എതിര്‍പ്പുകളെ നിശബ്ദമാക്കാനും നീക്കം തുടങ്ങി. സഹോദരിയടക്കം ലിഗയുടെ ബന്ധുക്കളുടെ വായ്മൂടിയ സര്‍ക്കാര്‍, ലിഗക്കു വേണ്ടി ശബ്ദമുയര്‍ത്തിയ അശ്വതി ജ്വാലയെ ഭീഷണിപ്പെടുത്തുകയാണ്.

മാര്‍ച്ച് 14ന് കാണാതായ ലിഗക്കുവേണ്ടി  പല തവണ കയറിയിറങ്ങിയിട്ടും കാണാന്‍ കൂട്ടാക്കാതിരുന്ന അധികൃതര്‍ ഇപ്പോള്‍ ബന്ധുക്കള്‍ക്ക് മടങ്ങിപ്പോകാന്‍ പണവും ഇല്ലെങ്കില്‍ താമസിക്കാന്‍ മുറിയും ഒരുക്കി  സൗഹൃദം കാട്ടുകയാണ്. ഇങ്ങനെ 'സ്‌നേഹ'ത്തടങ്കലൊരുക്കി പോലീസ് സഹോദരി ഇലീസയെയും മറ്റും നിശ്ശബ്ദരാക്കാനാണ് ശ്രമിക്കുന്നത്.

ഒരുമാസം ആരും തുണയില്ലാതെ സഹോദരിക്കായി പോസ്റ്ററൊട്ടിച്ചും പോലീസിന്റെ  പിന്നാലെ നടന്നും അവഹേളനം ഏറ്റുവാങ്ങി  ഗതികെട്ടപ്പോഴാണ് ഇലീസ തനിക്കേറ്റ അവഗണനകളെക്കുറിച്ച് പുറത്ത് പറഞ്ഞത്. ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസും സഹോദരിയും ഡിജിപിയെ കണ്ടപ്പോള്‍ ഇതൊരു മാന്‍ മിസിങ് (ആളെ കാണാതായ) കേസ് മാത്രമാണെന്നായിരുന്നു പ്രാഥമിക അന്വേഷണം പോലും നടത്താതെ ലഭിച്ച മറുപടി. 

നീതി തേടിയപ്പോള്‍ അവര്‍ പരിഹസിക്കുകയാണ് ചെയ്തതെന്നാണ് ഇലീസ പിന്നീട് പ്രതികരിച്ചത്. മാന്‍മിസിങെന്നും ആത്മഹത്യയെന്നും എഴുതിത്തള്ളാന്‍ ശ്രമിച്ച കേസാണ് ഇല്‍സയുടെയും ആന്‍ഡ്രൂസിന്റെയും സാമൂഹ്യപ്രവര്‍ത്തക അശ്വതിയുടെയും ശ്രമഫലമായി ഒടുവില്‍ അന്വേഷിക്കാന്‍ പോലീസ് നിര്‍ബന്ധിതരായത്. 

മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചിട്ടും അനുമതി ലഭിച്ചില്ലെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതിന്റെ പേരില്‍ സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാലയ്‌ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുതല്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വരെയുള്ളവര്‍ രംഗത്തുവന്നിരുന്നു.  അശ്വതി കള്ളം പറയുകയാണെന്നും സര്‍ക്കാര്‍ നടപടികളെക്കുറിച്ച് ഇല്‍സയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കടകംപള്ളി ആക്ഷേപിച്ചതിന് തൊട്ടുപിന്നാലെയാണ് പണപ്പിരിവ് നടത്തിയെന്ന പരാതി ഉയരുന്നത്. 

പരാതി ലഭിച്ച ഉടന്‍ അശ്വതിയെ വിളിച്ചുവരുത്തി അന്വേഷിക്കാന്‍ തീരൂമാനിച്ച പോലീസ് നടപടിയിലും ദുരൂഹതയുണ്ട്. ലിഗയുടെ മരണം സംബന്ധിച്ച് സര്‍ക്കാരിനെതിരെ ഉയരുന്ന ശബ്ദങ്ങള്‍ ഇല്ലാതാക്കാനുള്ള നീക്കമാണിവ.  അശ്വതിക്കെതിരെ സര്‍ക്കാര്‍ നീക്കങ്ങള്‍ തുടരുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.