ഒരു തെക്കൻ കമ്യൂണിസ്റ്റ് വീരഗാഥ

Tuesday 1 May 2018 3:55 am IST
കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ പഥ്യം തെക്കന്‍ കാറ്റ് മാത്രമാണ്. മൂന്നരപ്പതിറ്റാണ്ട് അടക്കിവാണ ബംഗാളില്‍ നിന്നു സിപിഎം തൂത്തുമാറ്റപ്പെട്ടു. സിപിഎം ഇല്ലെങ്കില്‍ സിപിഐക്ക് നിലനില്‍പില്ല. കാല്‍നൂറ്റാണ്ട് തുടര്‍ഭരണം ലഭിച്ച ത്രിപുരയിലും കാലിടറി. ഉത്തരേന്ത്യയിലാകെ 'കടിച്ചതുമില്ല പിടിച്ചതുമില്ല'

മുമ്മൂന്ന് വര്‍ഷം കൂടുമ്പോള്‍ നടക്കുന്നതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കോണ്‍ഗ്രസ്. ഇക്കുറി സിപിഎം കോണ്‍ഗ്രസ്സിന് വേദിയായത് ഹൈദ്രബാദാണ്. സിപിഐ ആകട്ടെ കൊല്ലമാണ് വേദിയാക്കിയത്. ഇരുകക്ഷികള്‍ക്കും തെക്കന്‍ സംസ്ഥാനങ്ങള്‍ മാത്രമാണ് ആശ്രയം. ഒരുകാലത്ത് കോണ്‍ഗ്രസ് ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായിരുന്നു. നെഹ്രുവിനുശേഷം കേന്ദ്രഭരണത്തിലെത്തുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാകുമെന്നും ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് പ്രധാനമന്ത്രിയാകുമെന്നും അവകാശപ്പെട്ടിരുന്നു. ആഫറ്റര്‍ നെഹ്രു ഇഎംഎസ് എന്ന പോസ്റ്ററുകള്‍ ഒട്ടിച്ച് അവര്‍ ആശ്വസിച്ചു. 

1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് ഇടതും വലതുമായപ്പോഴും സിപിഎം ശക്തി തെളിയിച്ചു. പല സംസ്ഥാനങ്ങളിലും കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരണത്തിലെത്തുമെന്ന് പ്രതീക്ഷിച്ചു. പിളരും മുമ്പ് കേരളത്തില്‍ അധികാരം പിടിച്ച പാര്‍ട്ടി പിന്നെയും കേരളത്തില്‍ ഭരണത്തിലെത്തി. ഇടതും വലതും ചേരാതെ സിപിഎമ്മിന് അധികാരം കിട്ടിയില്ലെങ്കിലും ഇടതിനെ കൂടാതെ സിപിഐ അധികാരത്തിലെത്തി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായത് കോണ്‍ഗ്രസ് സഖ്യത്തിലാണ്. കമ്യൂണിസ്റ്റ് ഐക്യമോഹം കലശലായപ്പോഴാണ് പി.കെ. വാസുദേവന്‍നായരെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്പിച്ച് 'ക്ലീന്‍ സ്റ്റേറ്റി'ല്‍ ഇടത് ജനാധിപത്യമുന്നണി തുടക്കം കുറിച്ചത്. അതില്‍പിന്നെ സിപിഎമ്മും സിപിഐയും ചേട്ടന്‍ ബാവയും അനിയന്‍ ബാവയുമാണ്.

ഇരുവര്‍ക്കുമിടയില്‍ സംശയങ്ങളും തര്‍ക്കങ്ങളുമുണ്ടെങ്കിലും ഒരേ മുന്നണിയില്‍ തുടരുകയാണ്. ഇടതിനെക്കാള്‍ ആശയദൃഢത അവകാശപ്പെടുന്നത് വലതു കമ്യൂണിസ്റ്റുകാരാണ്. കെ.എം. മാണി നയിക്കുന്ന കേരളാ കോണ്‍ഗ്രസ്സിനെ ഇടതുമുന്നണിയിലെടുക്കാന്‍ സിപിഎം ശ്രമം നടത്തിയപ്പോള്‍ അഴിമതിക്കാരനെ മുന്നണിയില്‍ അടുപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഒച്ച വച്ച സിപിഐ ഇപ്പോള്‍ 'വേണ്ടണം' എന്ന അവസ്ഥയിലെത്തിയ മട്ടുണ്ട്. മാണിയുടെ വോട്ട് എല്‍ഡിഎഫിന് വേണ്ടെന്ന് പ്രഖ്യാപിച്ച കാനം രാജേന്ദ്രന്‍ ആരുടെ വോട്ടും സ്വീകരിക്കാമെന്ന ഭാവത്തിലായി. ആരുടെയെങ്കിലും വോട്ട് വേണ്ടെന്നോ മുന്നണിയില്‍ ചേര്‍ക്കില്ലെന്നോ ഏതെങ്കിലും ഒരു പാര്‍ട്ടി തീരുമാനിച്ചുകൂടെന്ന് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് മൂന്നാം ഊഴം കിട്ടിയ സുധാകര്‍ റെഡ്ഡിയും പറഞ്ഞുകഴിഞ്ഞു. ഡി. രാജ ജനറല്‍ സെക്രട്ടറിയാകുന്നത് ഒഴിവാക്കാനാണ് ആരോഗ്യ പ്രശ്‌നങ്ങള്‍മൂലം അരമണിക്കൂര്‍പോലും നില്‍ക്കാന്‍ കഴിയാത്ത സുധാകര്‍ റെഡ്ഡിയെ വീണ്ടും പരിഗണിച്ചതെന്ന് പിന്നാമ്പുറം സംസാരം.

ചിലരെ ചവിട്ടിക്കയറ്റുകയും മറ്റു ചിലരെ ചവിട്ടി താഴ്ത്തുകയും ചെയ്തുകൊണ്ടാണ് സിപിഐ ഭാരവാഹി നിശ്ചയമെന്ന വിശകലനങ്ങള്‍ നടക്കുമ്പോള്‍ വിമതനെ ജനറല്‍ സെക്രട്ടറിയാക്കിക്കൊണ്ടാണ് സിപിഎം ഐക്യം പ്രകടിപ്പിച്ചത്. ഹൈദ്രബാദ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചത് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഒരു ധാരണയും പാടില്ലെന്ന പ്രമേയത്തിനെതിരായിരുന്നു ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. തര്‍ക്കത്തിനൊടുവില്‍ ജനറല്‍ സെക്രട്ടറിയുടെ ആവശ്യപ്രകാരം 'ധാരണ' വേണ്ടെന്ന ഭാഗം നീക്കി പ്രമേയം പാസ്സാക്കി. അതിനര്‍ത്ഥം കോണ്‍ഗ്രസ്സുമായി സിപിഎം സഹകരിച്ച് വരാന്‍പോകുന്ന തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുമെന്നാണ്. അങ്ങനെ വാര്‍ത്ത വന്നപ്പോള്‍ പിബി മെമ്പറും പ്രകാശ് കാരാട്ടിന്റെ ഭാര്യയുമായ വൃന്ദാ കാരാട്ട് തിരുത്തി. കോണ്‍ഗ്രസ്സുമായി ഒരു ഇടപാടുമില്ലെന്ന് വൃന്ദ പ്രസ്താവിച്ചതിനെ യെച്ചൂരി ഇപ്പോള്‍ തള്ളിപറഞ്ഞിരിക്കുന്നു. ആരെന്തു പറഞ്ഞാലും മുഖ്യശത്രുവിനെ (ബിജെപി) തോല്‍പ്പിക്കാനുതകുന്ന തീരുമാനമാണു പാര്‍ട്ടി എടുത്തതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ പഥ്യം തെക്കന്‍ കാറ്റ് മാത്രമാണ്. മൂന്നരപ്പതിറ്റാണ്ട് അടക്കിവാണ ബംഗാളില്‍ നിന്നു സിപിഎം തൂത്തുമാറ്റപ്പെട്ടു. സിപിഎം ഇല്ലെങ്കില്‍ സിപിഐക്ക് നിലനില്‍പില്ല. കാല്‍നൂറ്റാണ്ട് തുടര്‍ഭരണം ലഭിച്ച ത്രിപുരയിലും കാലിടറി. ഉത്തരേന്ത്യയിലാകെ 'കടിച്ചതുമില്ല പിടിച്ചതുമില്ല' എന്ന അവസ്ഥയിലായ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കോണ്‍ഗ്രസ്സുമായി ഐക്യപെടാന്‍ തീരുമാനിച്ചാലും ഫലമെന്ത് എന്ന ചോദ്യമുയരുമ്പോഴാണ് കമ്യൂണിസ്റ്റുപാര്‍ട്ടികളുടെ തീരുമാനത്തില്‍ അമിതാഹ്ലാദം കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ പ്രകടിപ്പിക്കുന്നത്. വരാന്‍പോകുന്ന തെരഞ്ഞെടുപ്പിലെല്ലാം കോണ്‍ഗ്രസ് ജയിക്കും പോലും. അടുത്തവര്‍ഷം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേന്ദ്രഭരണം കോണ്‍ഗ്രസ് പിടിക്കുമെന്നും പറയുന്നു. കര്‍ണാടകത്തില്‍ ജയിക്കുമെന്നും അവിടെ വോട്ടെടുപ്പ് തീര്‍ന്നാല്‍ കാശിക്കു പോകുമെന്നും 'ആക്രോശ്' റാലിക്കിടെ രാഹുല്‍ മാലോകരെ അറിയിച്ചിരിക്കുന്നു. ഇപ്പറഞ്ഞതില്‍ ഒന്നേ ശരിയുള്ളൂ. രാഹുലിന് ഇനി വിധിച്ചിട്ടുള്ളത് തീര്‍ത്ഥാടനമാണ്. അത് കാശിയിലേക്കാണോ ഇറ്റലിയിലേക്കാണോ എന്നതിലേ സംശയമുള്ളൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.