ഹർത്താൽ അക്രമം, ശ്രീജിത്തിനും ജ്യോത്സനയ്ക്കും നീതി; എൻഡിഎ വൻ പ്രക്ഷോഭത്തിലേക്ക്

Tuesday 1 May 2018 5:00 am IST

കോഴിക്കോട്: വാട്‌സ് ആപ്പ് ഹര്‍ത്താലിന്റെ മറവിലെ അക്രമത്തിന് പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരിക, ലോക്കപ്പില്‍ പോലീസുകാര്‍ ചവിട്ടിക്കൊന്ന ശ്രീജിത്തിന്റെ മരണം സിബിഐ അന്വേഷിക്കുക, ഗര്‍ഭസ്ഥ ശിശുവിനെ കൊലപ്പെടുത്തിയിട്ടും പക തീരാതെ ജ്യോത്സ്‌നയുടെ കുടുംബത്തെ വേട്ടയാടുന്ന സിപിഎം ഭീകരത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ വന്‍ പ്രക്ഷോഭത്തിലേക്ക്. ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പത്രസമ്മേളനത്തില്‍ വിശദാംശങ്ങള്‍ അറിയിച്ചു. 

ഹര്‍ത്താലിന്റെ പേരില്‍ നടത്തിയ അക്രമത്തിന് പിന്നിലുള്ള ഗൂഢാലോചനയില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് എന്‍ഡിഎ താനൂരിലേക്ക് മെയ് അഞ്ചിന് മാര്‍ച്ച് നടത്തും. മലപ്പുറം ആലത്തിയൂരില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ചിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേതൃത്വം നല്‍കും. സിപിഎം, മുസ്ലിം ലീഗ്, കോണ്‍ഗ്രസ്സ് എന്നിവയില്‍ മതതീവ്രവാദികള്‍ നുഴഞ്ഞുകയറിയത് എങ്ങനെയെന്ന് നേതൃത്വം വ്യക്തമാക്കണം. വര്‍ഗ്ഗീയ കലാപം അഴിച്ചുവിടാനുള്ള ശ്രമമാണ് നടന്നത്. ഹിന്ദുക്കളുടെ മാത്രം സ്ഥാപനങ്ങളില്‍ കൊള്ള നടത്തി, ക്ഷേത്രങ്ങള്‍ അടിച്ചുതകര്‍ത്തു. ഇത് എങ്ങനെ സംഭവിച്ചു എന്നത് സംസ്ഥാന പോലീസ് അന്വേഷണത്തില്‍ വ്യക്തമാകില്ല. ഗൂഢാലോചനയ്ക്ക് പിന്നിലെ അന്താരാഷ്ട്ര ബന്ധം പുറത്ത് കൊണ്ടുവരാന്‍ ദേശീയ ഏജന്‍സിക്കേ കഴിയൂ, കൃഷ്ണദാസ് പറഞ്ഞു. 

ലോക്കപ്പില്‍ പോലീസുകാര്‍ ചവിട്ടിക്കൊലപ്പെടുത്തിയ ശ്രീജിത്തിന്റെ മരണം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് അട്ടപ്പാടിയിലെ മധുവിന്റെ വീട്ടില്‍ നിന്ന് വാരാപ്പുഴയിലേക്ക് മാര്‍ച്ച് നടത്തും. മെയ് ഏഴ്, എട്ട് തീയതികളില്‍ നടക്കുന്ന മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ നയിക്കും. അട്ടപ്പാടിയില്‍ നിന്ന് എറണാകുളം പറവൂര്‍ വരെ വാഹന പ്രചരണജാഥയും അവിടെ നിന്ന് റാലിയും.

കമ്മ്യൂണിസ്റ്റ് ഭീകരര്‍ ഗര്‍ഭസ്ഥ ശിശുവിനെ ചവിട്ടിക്കൊന്ന സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് മെയ് മൂന്നിന് താമരശ്ശേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് മാര്‍ച്ച് നടത്തും. ഗര്‍ഭസ്ഥ ശിശുവിനെ കൊലപ്പെടുത്തിയിട്ടും പക തീരാതെ ജ്യോത്സ്‌നയുടെ കുടുംബത്തെ സിപിഎം വേട്ടയാടുകയാണ്. ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ നേതൃത്വം നല്‍കും. ദേശീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, ജില്ലാ ഭാരവാഹികളായ ടി.വി.ഉണ്ണികൃഷ്ണന്‍, അഡ്വ.കെ.പി. സുധീര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.