അഫ്ഗാനിൽ ഐഎസ് ആക്രമണം; മാധ്യമപ്രവർത്തകരടക്കം 41 പേർ കൊല്ലപ്പെട്ടു

Tuesday 1 May 2018 5:05 am IST

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലും കാന്ധഹാറിലും ഐഎസ് നടത്തിയ മൂന്നു ചാവേറാക്രമണങ്ങളിലും വെടിവയ്പ്പിലും ഒന്‍പത് മാധ്യമപ്രവര്‍ത്തകരും 11 കുട്ടികളും അടക്കം 41 പേര്‍ മരിച്ചു. എട്ട് മാധ്യമ പ്രവര്‍ത്തകര്‍ അടക്കം അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. മരണം കൂടിയേക്കും. 

ഫ്രാന്‍സിന്റെ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി (ഏജന്‍സെ ഫ്രാന്‍സ് പ്രസെ)യുടെ കാബൂളിലെ ചീഫ് ഫോട്ടോഗ്രാഫര്‍ ഷാ മറായിയും ബിബിസി റിപ്പോര്‍ട്ടര്‍ അഹമ്മദ് ഷായും നാലു പോലീസുകാരും കൊല്ലപ്പെട്ടവരില്‍പ്പെടുന്നു. ഒരു സ്‌ഫോടനം മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ടു തന്നെയായിരുന്നു. കാബൂളില്‍ റിപ്പോര്‍ട്ടിങ്ങ് എത്രമാത്രം അപകടകാരിയായി മാറിയെന്ന് നിരന്തരം റിപ്പോര്‍ട്ടുകള്‍ കുറിച്ച ഫോട്ടോഗ്രഫറാണ് മറായി. ഷായെ ഭീകരര്‍ വെടിവച്ചു കൊല്ലുകയായിരുന്നു.

ഇന്നലെ അതിരാവിലെ, നാറ്റോ ആസ്ഥാനമന്ദിരം, വിദേശ നയതന്ത്രാലയങ്ങള്‍, അഫ്ഗാനിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സി ഓഫീസ് എന്നിവ സ്ഥിതി ചെയ്യുന്ന ഷാ ദാരാക് മേഖലയിലായിരുന്നു ചാവേറാക്രമണങ്ങള്‍. 29 പേരാണ് മരിച്ചത്. ആദ്യം ഒരു ചാവേര്‍ തിരക്കേറിയ സ്ഥലത്തേക്ക് ബൈക്ക് ഓടിച്ചുകയറ്റി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. വിവരമറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ എത്തുകയും പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകുകയും ചെയ്യുന്ന സമയം നോക്കി മറ്റൊരു ചാവേര്‍ ആള്‍ക്കൂട്ടത്തിലേക്ക് മാധ്യമപ്രവര്‍ത്തകനെന്ന വ്യാജേന തള്ളിക്കയറി പൊട്ടിത്തെറിക്കുകയായിരുന്നു. പത്രപ്രവര്‍ത്തകരെ ലക്ഷ്യമിട്ടാണ് ഇയാള്‍ എത്തിയതെന്ന് കരുതുന്നതായി പോലീസ് മേധാവി പറഞ്ഞു. ആദ്യ സ്‌ഫോടനത്തിന്റെ ചിത്രങ്ങള്‍ എടുക്കുകയായിരുന്നു ഷാ മറായി. ഒന്‍പത് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അഫ്ഗാന്‍ ജേണലിസ്റ്റ് സമിതി അറിയിച്ചു. രണ്ടാമത്തെ ആക്രമണത്തില്‍ ഭീകരര്‍ മാധ്യമപ്രവര്‍ത്തകരെയാണ് ലക്ഷ്യമിട്ടതെന്ന് പോലീസ് ഉദ്യോഗസ്ഥരും ടാക്‌സി ഡ്രൈവര്‍ ജാവേദ് ഗുലാം സാഖിയും പറഞ്ഞു. ടിവി കാമറാമാന്റെ വേഷമണിഞ്ഞ ഭീകരന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നടുവിലേക്ക് നുഴഞ്ഞുകയറി ദേഹത്ത് കെട്ടിവച്ച ബോംബ് പൊട്ടിക്കുകയായിരുന്നു.

ഈ സ്‌ഫോടനങ്ങള്‍ കഴിഞ്ഞ് അല്പനേരത്തിനു ശേഷം കാന്ധഹാറില്‍ വിദേശ സൈനിക വാഹനങ്ങളുടെ വ്യൂഹത്തെ ചാവേറാക്രമിക്കുകയായിരുന്നു. സ്‌ഫോടക വസ്തുക്കള്‍ കയറ്റിയ കാര്‍ വാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. സംഭവത്തില്‍ 11 കുട്ടികള്‍ മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു.

ഖോസ്റ്റ് പ്രവിശ്യയില്‍ വച്ച് ഐഎസ് ഭീകരര്‍ ബിബിസി ലേഖകന്‍ അഹമ്മദ് ഷായെ വെടിവച്ചുകൊല്ലുകയായിരുന്നു. ഷാ വീട്ടിലേക്ക് പോകുകയായിരുന്നു. സംഭവങ്ങളെ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗ്യാനി അപലപിച്ചു. കഴിഞ്ഞാഴ്ച കാബൂളിലുണ്ടായ ഐഎസ് ചാവേറാക്രമണത്തില്‍ 60 പേര്‍ മരണമടഞ്ഞിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.