പിണറായി കൂട്ട കൊലപാതകം : പ്രതിയെ അന്വേഷണസംഘം വീണ്ടും കസ്റ്റഡിയില്‍ വാങ്ങും: സൗമ്യയെ ജയിലില്‍ അറസ്റ്റ് ചെയ്തു

Monday 30 April 2018 10:45 pm IST

 

തലശ്ശേരി: പിണറായി പടന്നക്കരയില്‍ മാതാപിതാക്കളെയും മകളെയും വിഷം നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വണ്ണത്താന്‍വീട്ടില്‍ സൗമ്യയെ വിശദമായ ചോദ്യംചെയ്യലിന് അന്വേഷണസംഘം വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. നാളെ കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സൗമ്യയെ അന്വേഷണസംഘം മേധാവിയായ തലശ്ശേരി സിഐ കെ.ഇ.പ്രേമചന്ദ്രന്‍ കണ്ണൂര്‍ വനിതാ ജയലിലെത്തി അറസ്റ്റ് ചെയ്തു. എട്ട് വയസുകാരിയായിരുന്ന മകള്‍ ഐശ്വര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ധര്‍മ്മടം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. നിലവില്‍ ജൂഡീഷ്യല്‍ കസ്റ്റഡിയിലുള്ള സൗമ്യയെ അറസ്റ്റ് ചെയ്യാന്‍ തലശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പോലീസിന് കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. സൗമ്യയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി ഇന്ന് തലശ്ശേരി കോടതിയില്‍ ഹരജി നല്‍കും. രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

പിതാവ് കുഞ്ഞിക്കണ്ണന്‍, മാതാവ് കമല എന്നിവരെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസിലാണ് സൗമ്യ ഏപ്രില്‍ 24ന് അറസ്റ്റിലായത്. സൈബര്‍സെല്ലിന് കൈമാറിയ സൗമ്യയുടെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍കൂടി പരിശോധിച്ച് ചോദ്യംചെയ്യാനാണ് അന്വേഷണസംഘം ആലോചിക്കുന്നത്. രാസപരിശോധന ഫലവും കുറ്റസമ്മതമൊഴിയും സാഹചര്യതെളിവുകളുമാണ് അന്വേഷണത്തില്‍ പ്രധാനമായും കണ്ടെത്താനായത്. മൊബൈല്‍ ഫോണില്‍നിന്നുള്ള വിവരങ്ങളും തുടരന്വേഷണത്തില്‍ നിര്‍ണായകമാവും.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.