കാല്‍പ്പന്ത് കളിയെ ഹൃദയത്തിലേറ്റിയ മഹാന്‍: കണ്ണൂരുകാരുടെ പിപി ഇനി ഓര്‍മ്മകളിലെ നക്ഷത്രം

Monday 30 April 2018 10:45 pm IST

 

കണ്ണൂര്‍: കാല്‍പ്പന്ത് കളിയെ ഹൃദയത്തിലേറ്റിയ മഹാന്‍, ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ സംഘാടകരില്‍ ഒരാളാവാന്‍ അവസരം ലഭിച്ച രാജ്യത്തെ ഒരേയൊരാള്‍, അതായിരുന്നു പി.പി.ലക്ഷ്മണന്‍ എന്ന കണ്ണൂരുകാരുടെ പി.പി. ഇന്ത്യന്‍ ഫുട്‌ബോളില്‍ പ്രൊഫഷണലിസവും ദേശീയ ലീഗും കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച അദ്ദേഹം ഫിഫ അപ്പീല്‍ കമ്മിറ്റിയിലെ ആദ്യ ഇന്ത്യക്കാരനാണ്. ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്റെ 'ഗോള്‍ഡന്‍ സ്റ്റാര്‍' ബഹുമതി ലഭിച്ച അദ്ദേഹം എഎഫ്‌സിയുടെ ബഹുമതിക്ക് അര്‍ഹനാകുന്ന ആദ്യഇന്ത്യക്കാരനായിരുന്നു. 

നിരവധി ഫുട്ബാള്‍ ക്ലബ്ബുകള്‍ കളം നിറഞ്ഞ് കളിച്ചിരുന്ന പഴയ പ്രതാപകാലത്ത് കണ്ണൂരിന്റെ മണ്ണില്‍ നിന്നു തന്നെയായിരുന്നു ലക്ഷ്മണന്റെ തുടക്കം. ശ്രീനാരായണ ഫുട്ബാള്‍, സേട്ട് നാഗ്ജി ഫുട്ബാള്‍, ഫെഡറേഷന്‍ കപ്പ്, സിസേഴ്‌സ് കപ്പ് ഉള്‍പ്പടെ പ്രമുഖ ടൂര്‍ണമെന്റുകള്‍ക്കെല്ലാം മുഖ്യസംഘാടകനായി ലക്ഷ്മണന്‍ പ്രവര്‍ത്തിച്ചു. ഇതുവഴി കളത്തിലെന്ന പോലെ ഗാലറിയിലും ഉറ്റ വ്യക്തിബന്ധങ്ങളുണ്ടാക്കാന്‍ കഴിഞ്ഞു. 

1963ല്‍ കണ്ണൂരില്‍ നടന്ന ഫെഡറേഷന്‍ ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ചാലകശക്തിയായി പ്രവര്‍ത്തിച്ച ലക്ഷ്മണനും ടൂര്‍ണമെന്റിന്റെ വിജയവും ഇന്ത്യന്‍ ഫുട്ബാള്‍ മേഖലയുടെ ശ്രദ്ധാകേന്ദ്രമായി മാറുകയായിരുന്നു. കേരളത്തില്‍ ആദ്യത്തെ അന്താരാഷ്ട്ര ഫുട്ബാള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചതിന്റെ ഖ്യാതിയും ലക്ഷ്മണന് അവകാശപ്പെട്ടതാണ്. 1983ല്‍ കേരള ഫുട് ബാള്‍ അസോസിയേഷന്‍ ഭാരവാഹിയായിരിക്കുമ്പോഴാണ് കണ്ണഞ്ചിപ്പിക്കുന്ന ഈ നേട്ടം കൈവരിച്ചത്. 1985ല്‍ നാലാമത് നെഹ്‌റു കപ്പിന് ആതിഥ്യമരുളാന്‍ കേരളത്തെ പ്രാപ്യമാക്കിയതും ഇദ്ദേഹത്തിന്റെ സംഘടനാ മികവ് തന്നെയാണ്. 

നഷ്ടത്തില്‍ നിന്നു നഷ്ടത്തിലേക്ക് ഗോള്‍മഴ മാത്രം കുത്തകയായിരുന്ന കേരള ഫുട്ബാളിന് പുതിയ മുഖം സമ്മാനിച്ചത് മാത്രം മതിയാകും ലക്ഷ്മണനെ കായിക കേരളം എക്കാലവും ഓര്‍ക്കാന്‍. കെഎഫ്‌സിക്ക് 13 ലക്ഷത്തിന്റെ നീക്കിയിരുപ്പ് നല്‍കിയാണ് എട്ട് വര്‍ഷം കെഎഫ്‌സി പ്രസിഡന്റ് സ്ഥാനത്തിനിരുന്ന ലക്ഷ്മണന്‍ പടിയിറങ്ങിയത്. 

ലോകക്കപ്പ് തുടങ്ങിയാല്‍ പഴയ വിശേഷങ്ങള്‍ പങ്കുവെക്കാന്‍ എന്നും കണ്ണൂരില്‍ അദ്ദേഹമുണ്ടായിരുന്നു. പി.പി.ലക്ഷ്മണന്‍ എന്ന ജനകീയമുഖം വിടപറയുമ്പോള്‍ നഷ്ടമാവുന്നതും ഇതൊക്കെയാണ്. എന്റെ ഒടുവില്‍ വാര്‍ധക്യം തളര്‍ത്തുന്നതുവരെ അനുഭവ സമ്പത്തിലൂടെ ഫിഫയെകുറിച്ചും ഫുട്‌ബോളിനെ കുറിച്ചും അദ്ദേഹം വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു. 2014ലെ അവസാന ലോകകപ്പ് ബ്രസീലില്‍ വച്ച് നടക്കുകയാണ്. കടുത്ത അവശതയുണ്ടായിരുന്നിട്ടും മത്സരങ്ങളെല്ലാം വീട്ടിലെ ടെലിവിഷനില്‍ കാണുമായിരുന്നു ലക്ഷ്മണേട്ടന്‍. വാര്‍ധക്യത്തിന്റെ അവശതകളൊക്കെ കളി കാണുമ്പോള്‍ പുറത്തു നില്‍ക്കുമെന്ന് ലക്ഷ്മണേട്ടന്‍ തന്നെ പറയുമായിരുന്നു. പുലര്‍ച്ചെ നടക്കുന്ന മത്സരം പോലും ഉറക്കമൊഴിച്ച് കാണുന്നത് വീട്ടുകാര്‍ വിലക്കിയപ്പോഴും അതൊന്നും കാര്യമാക്കാതെ കളി കാണുമായിരുന്ന ഫുട്‌ബോളിനെ സ്‌നേഹിച്ച മഹാന്‍. കാല്‍പ്പന്തുകളിയോടുള്ള ഈ അടങ്ങാത്ത ആവേശം തന്നെയാണ് പി.പി. ലക്ഷ്മണനെ ലോകത്തിന്റെ നെറുകയിലെത്തിച്ചതും. ആരും കൊതിക്കുന്ന ഫിഫയുടെ ആദരം ഏറ്റുവാങ്ങിയ കേരളത്തിലെ തന്നെ അപൂര്‍വം ചിലരില്‍ ഒരാള്‍. വീട്ടിലെത്തുന്നവരെ കാത്ത് ഭിത്തിയില്‍ ഉറപ്പിച്ചു നിര്‍ത്തിയ ഫിഫയുടെ ഫലകവും മെഡലുകളും. എല്ലാം അപൂര്‍വ നിധിപോലെ സൂക്ഷിച്ചിട്ടുണ്ട്. ലോകകപ്പ് തുടങ്ങിയാല്‍ പേരക്കുട്ടിയുടെ കൂടെയായിരുന്നു പലപ്പോഴും രാത്രികാല കളികളെല്ലാം കാണുക. പത്രങ്ങളില്‍ വരുന്ന കളി എഴുത്തുകളെല്ലാം വായിച്ച് ടീമുകളെ വിലയിരുത്തും. ആരാണ് കേമന്‍ന്മാരെന്നും ഫൈനല്‍ മത്സരം കളിക്കാന്‍ യോഗ്യന്മാര്‍ ആരെന്നും തന്റെതായ വീക്ഷണത്തിലൂടെ അദ്ദേഹം പറയുമായിരുന്നു. ലോകകപ്പ് എത്തിയാല്‍ ലക്ഷ്മണേട്ടന്റെ വീട്ടില്‍ വിശേഷങ്ങളാരായാന്‍ എന്നും പത്രക്കാരെത്തും. അവരോട് സംസാരിക്കുമ്പോഴൊക്കെ പഴയ ഓര്‍മകളെ ആവേശത്തോടെ അദ്ദേഹം ഓര്‍ത്തെടുക്കാന്‍ ശ്രമിക്കും. അവസാന നാളുകളില്‍ സംസാരിക്കാന്‍ കൂടുതല്‍ പ്രയാസപ്പെട്ടപ്പോഴും ഫുട്‌ബോളിനു പിറകിലെ തന്റെ ലോകം ചുറ്റലിനെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു അദ്ദേഹം. 2006 മുതലാണ് ഫിഫയുടെ അപ്പീല്‍കമ്മറ്റിയിലേക്ക് ഇദ്ദേഹത്തെ തെരഞ്ഞെടുക്കുന്നത്. പിന്നീട് നിരവധി ലോക രാജ്യങ്ങളില്‍ പര്യടനം നടത്തി. ഈ സമയങ്ങളിലെല്ലാം വീട്ടില്‍ ഒരു നിമിഷംപോലും നില്‍ക്കാന്‍ കഴിയാതെ തിരക്കുള്ള യാത്രയിലായിരുന്നു അദ്ദേഹം. തന്റെ ജീവിതം തന്നെ ഫുട്‌ബോളിനു സമര്‍പ്പിച്ച ലക്ഷ്മണന്റെ വേര്‍പാട് കായിക മേഖലയ്ക്ക് തീരാ നഷ്ടമാണ്.  

കണ്ണൂര്‍ ഭാരതീയ വിദ്യാഭവന്‍ ചെയര്‍മാന്‍, ശ്രീ മുത്തപ്പന്‍ മാസിക ചെയര്‍മാന്‍, അച്യുത മേനോന്‍ ഫൗണ്ടേഷന്‍ പ്രസിഡണ്ട്, ലയണ്‍സ് ഗവര്‍ണ്ണര്‍ എന്നീ നിലയിലും പ്രവര്‍ത്തിക്കുകയുണ്ടായി. ശ്രീനാരായണ ധര്‍മ്മവേദിയുടെ ജില്ലാ ഭാരവാഹിയെന്ന നിലയിലും പ്രവര്‍ത്തിക്കുകയുണ്ടായി.     

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.