ബാഴ്സ @ 25

Tuesday 1 May 2018 5:05 am IST

കൊരുണ സിറ്റി: മൂന്ന് വട്ടം വലകുലുക്കി ലയണല്‍ മെസി കുറിച്ച ഹാട്രിക്കില്‍ ബാഴ്‌സലോണ ലാ ലിഗ കിരീടം വീണ്ടെടുത്തു. അടിമുടി ആവേശം കത്തിപ്പടര്‍ന്ന മത്സരത്തില്‍ ഡിപോര്‍ട്ടിവോ ല കൊരുണയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് ബാഴ്‌സ ലാ ലിഗ കിരീടം ചൂടിയത്. സ്പാനിഷ് ലീഗിന്റെ ചരിത്രത്തില്‍ ബാഴ്‌സയുടെ ഇരുപത്തിയഞ്ചാം കിരീടമാണിത്. അവസാന പത്ത് സീസണില്‍ അവര്‍ ശിരസിലേറ്റുന്ന ഏഴാം കിരീടവും.

കഴിഞ്ഞയാഴ്ച കിങ്‌സ് കപ്പ് നേടിയ ബാഴ്‌സലോണക്ക് ഇതോടെ ഈ സീസണില്‍ ഇരട്ട കിരീടമായി. 38, 82, 85 മിനിറ്റുകളില്‍ ഗോള്‍ നേടിയാണ് മെസി ഹാട്രിക്ക് തികച്ചത്. ഫിലിപ്പി കുടിഞ്ഞോയും ഗോള്‍ നേടി. ലുകസ് പെരസ് , ഇ. ക്ലോക്ക് എന്നിവരാണ് ഡിപ്പോര്‍ട്ടിവോക്കായി സ്‌കോര്‍ ചെയ്തത്.

ഈ വിജയത്തോടെ ബാഴ്‌സലോണയ്ക്ക് 34 മത്സരങ്ങളില്‍ 86 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന് 75 പോയിന്റാണുള്ളത്. ശേഷിക്കുന്ന മത്സരങ്ങളില്‍ വിജയിച്ചാലും അത്‌ലറ്റിക്കോ മാഡ്രിഡിന് ബാഴ്‌സലോണയെ മറികടക്കാനാകില്ല.

കിരീടമുറപ്പാക്കാന്‍ ബാഴ്‌സയ്ക്ക് ഡിപോര്‍ട്ടിവോക്കെതിരേ സമനില മാത്രം മതിയായിരുന്നു. പക്ഷെ തകര്‍ത്തുകളിച്ച ബാഴ്‌സ് തകര്‍പ്പന്‍ വിജയത്തോടെ കിരീടം ഉറപ്പിച്ചു. ഈ സീസണില്‍ ബാഴ്‌സയുടെ തുടര്‍ച്ചയായ 34-ാം വിജയമാണിത്.

വിജയം ലക്ഷ്യമിട്ടിറങ്ങിയ ബാഴ്‌സ ഏഴാം മിനിറ്റില്‍ ഗോള്‍ നേടി മുന്നിലെത്തി. ബ്രസീല്‍ താരം കുടിഞ്ഞോയാണ് ആദ്യം ഡിപ്പോര്‍ട്ടിവോയുടെ വലകുലുക്കിയത്. 38-ാം മിനിറ്റില്‍ മെസിയുടെ മാജിക്കില്‍ ബാഴ്‌സയുടെ ലീഡ് 2-0 ആയി. ലുയിസ് സുവാരസ് നല്‍കിയ പാസ് മെസി ഗോളിലേക്ക് തിരിച്ചുവിട്ടു.

രണ്ട് ഗോള്‍ വീണതോടെ ഡിപ്പോര്‍ട്ടിവോ ഉണര്‍ന്നു. രണ്ട് മിനിറ്റിനുള്ളില്‍ അവര്‍ ഒരു ഗോള്‍ മടക്കി. ലുകാസ് പെരസാണ് ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ ബാഴ്‌സ് 2-1 ന് മുന്നിട്ടു നിന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിലും ഡിപോര്‍ട്ടിവോ മികവ് നിലനിര്‍ത്തി. 64-ാം മിനിറ്റില്‍ ക്ലോക്കിന്റെ ഗോളില്‍ അവര്‍ ബാഴ്‌സയ്‌ക്കൊപ്പം എത്തി 2-2. തുടക്കത്തില്‍ ഒട്ടേറെ അവസരങ്ങള്‍ തുലച്ച മെസിയും സുവാരസും അവസാന നിമിഷങ്ങളില്‍ നിരന്തരം ഡിപ്പോര്‍ട്ടിവോയുടെ ഗോള്‍ മുഖത്ത് പന്തുമായി കറങ്ങി. 82-ാം മിനിറ്റില്‍ മെസി തന്റെ രണ്ടാം ഗോള്‍ നേടി. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം മൂന്നാം ഗോളും കുറിച്ച് ഹാട്രിക്ക് പൂര്‍ത്തിയാക്കി മെസി ബാഴ്‌സയ്ക്ക് കിരീടം സമ്മാനിച്ചു. നാലു മത്സരങ്ങള്‍  ശേഷിക്കെയാണ് ബാഴ്‌സലോണ സ്പാനിഷ് കിരീടം ഉറപ്പാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.