ഏഴാം കടലിനക്കരെ

Tuesday 1 May 2018 5:15 am IST

ബേസ്‌ബോളിനും റഗ്ബിക്കും പേരുകേട്ട അമേരിക്കയില്‍ ഫുട്‌ബോളിന് വേണ്ടത്ര വേരോട്ടമില്ലാതിരുന്ന കാലത്താണ്, 1994ല്‍ ലോകകപ്പ് ഫുട്‌ബോള്‍ അവിടേയ്ക്ക് എത്തിയത്.  വാണിജ്യ താല്പര്യങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം.ഫുട്‌ബോള്‍ ആരാധകര്‍ അധികമില്ലാത്ത അമേരിക്കയില്‍ ലോകകപ്പ് സംഘടിപ്പിക്കുന്നത് വിമര്‍ശനങ്ങള്‍ക്കുമിടയാക്കി. എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ച് കാണികളുടെ തള്ളിക്കയറ്റംകൊണ്ട് 94ലെ ലോകകപ്പ് ഏറെ ശ്രദ്ധേയമായി മാറി. 36 ലക്ഷത്തോളം കാണികളാണ് മത്സരങ്ങള്‍ കാണാനെത്തിയത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു പതിനഞ്ചാം ലോകകപ്പ് വിജയകരമാക്കിയത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ കണ്ട ലോകകപ്പായിരുന്നു ഇത്. ശരാശരി 69,000 കാണികളാണ് ഓരോ മത്സരവും വീക്ഷിക്കാന്‍ സ്‌റ്റേഡിയങ്ങളില്‍ എത്തിയത്. 

ജൂണ്‍ 17 മുതല്‍ ജൂലൈ 17 വരെ ഒമ്പത് നഗരങ്ങളിലെ ഒമ്പത് വേദികളിലായി 52 കളികള്‍. 141 ഗോളുകള്‍, രണ്ട് ഹാട്രിക്കുകള്‍. അര്‍ജന്റീനയുടെ ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ടയും റഷ്യയുടെ ഒലഗ് സാലങ്കോയുമാണ് ഹാട്രിക്കിന് അവകാശികള്‍.

ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി ഷൂട്ടൗട്ടിലൂടെ വിജയിയെ നിര്‍ണയിക്കുന്നതിനും യുഎസ്എ 94 സാക്ഷ്യം വഹിച്ചു. ഫൈനലില്‍ ഏറ്റുമുട്ടിയ ബ്രസീലും ഇറ്റലിയും നിശ്ചിത സമയത്തും അധികസമയത്തും ഗോള്‍രഹിത സമനില പാലിച്ചതോടെയാണ് കലാശപ്പോരാട്ടം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ ഇറ്റലിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കി ബ്രസീല്‍ തങ്ങളുടെ നാലാം ലോകകിരീടത്തില്‍ മുത്തമിട്ടു. 20 വര്‍ഷങ്ങള്‍ക്കുശേഷമായിരുന്നു ബ്രസീലിന്റെ കിരീടധാരണം.

മറഡോണയും എസ്‌കോബറും

മറഡോണയുടെ വീഴ്ചയും ആന്ദ്രെ എസ്‌കോബാറിന്റെ ദുരന്തവും 94 ലോകകപ്പിനെ കണ്ണീരിലാഴ്ത്തി. 1986, 1990 ലോകകപ്പുകളിലെ ശ്രദ്ധാകേന്ദ്രമായിരുന്ന മറഡോണ ഉത്തേജക മരുന്നു പരിശോധനയില്‍ പിടിക്കപ്പെട്ട് പുറത്തായതാണ് ഞെട്ടിപ്പിക്കുന്ന സംഭവം. രണ്ട് മത്സരങ്ങളില്‍ മാത്രമാണ് മറഡോണ കളിച്ചത്. അമേരിക്കക്കെതിരേ സ്വന്തം പോസ്റ്റിലേക്ക് അബദ്ധത്തില്‍ ഗോളടിച്ച കൊളംബിയയുടെ ആന്ദ്രേ എസ്‌കോബറായിരുന്നു മറ്റൊരു ദുരന്ത കഥാപാത്രം. പത്തു ദിവസത്തിനുശേഷം നാട്ടിലേക്കു മടങ്ങിയ എസ്‌കോബറിനെ അക്രമികള്‍ വെടിവച്ചുകൊന്നു. ലോകകപ്പില്‍ എക്കാലത്തും വേദനിപ്പിക്കുന്ന ഓര്‍മ്മയാണ് കൊളംബിയയുടെ എസ്‌കോബര്‍. 1990 ഒക്ടോബര്‍ മൂന്നിലെ കിഴക്കന്‍-പശ്ചിമ ഏകീകരണത്തിനുശേഷം ഒറ്റ ടീമായി ജര്‍മനി കളിക്കാനിറങ്ങിയത് മറ്റൊരു വിശേഷം.  നൈജീരിയ, ഗ്രീസ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ ആദ്യ ലോകകപ്പായിരുന്നു ഇത്. 

ക്വാര്‍ട്ടറില്‍ ഇറ്റലി 2-1ന് സ്‌പെയിനിനെയും ബ്രസീല്‍ 3-2ന് നെതര്‍ലന്‍ഡ്‌സിനെയും ബള്‍ഗേറിയ 2-1ന് ജര്‍മ്മനിയെയും സ്വീഡന്‍ ഷൂട്ടൗട്ടിനൊടുവില്‍ 5-4ന് റുമാനിയയെയും കീഴടക്കി സെമിയിലെത്തി.  ജൂലൈ 13ന് നടന്ന സെമിഫൈനലില്‍ ഇറ്റലി 2-1ന് ബള്‍ഗേറിയയെയും ബ്രസീല്‍ 1-0ന് സ്വീഡനെയും കീഴടക്കി ഫൈനലിലെത്തി. ഫൈനലില്‍ ഷൂട്ടൗട്ടിനൊടുവില്‍ ബ്രസീല്‍ കിരീടത്തില്‍ മുത്തമിട്ടു. റൊമാരിയോ-ബബറ്റോ കൂട്ടുകെട്ടാണ് ബ്രസീലിനെ നാലാം കിരീടത്തിലേക്ക് നയിച്ചത്. ഇറ്റലിയുടെ സൂപ്പര്‍താരം റോബര്‍ട്ടോ ബാജിയോ ഷൂട്ടൗട്ടില്‍ കിക്ക് പാഴാക്കുന്നതിനും സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചു. ബള്‍ഗേറിയയെ 4-0ന് തകര്‍ത്ത് സ്വീഡന്‍ മൂന്നാം സ്ഥാനത്തെത്തി.

റോജര്‍ മില്ലയും റൊമാരിയോയും

റഷ്യക്കെതിരെ കാമറൂണിന്റെ ആശ്വാസ ഗോള്‍ നേടിയ റോജര്‍ മില്ല ലോകകപ്പ് ഫൈനല്‍ റൗണ്ടില്‍  ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി. കാമറൂണിന്റെ സിംഹങ്ങളെ തകര്‍ത്ത് റഷ്യന്‍ ടീമിനെ വിജയത്തിലേക്ക് നയിച്ച ഒലഗ് സാലങ്കോയാണ് മറ്റൊരു റെക്കോഡിട്ടത് 60 മിനിറ്റിനുള്ളില്‍ അഞ്ചു ഗോളടിച്ച ആദ്യത്തെ കളിക്കാരനായി മാറി ഒലഗ് സാലെങ്കോ. ആറു ഗോള്‍ നേടിയ സാലങ്കോയും ബള്‍ഗേറിയയുടെ ഹ്രിസ്‌റ്റോ സ്‌റ്റോയിക്കോവും ഗോള്‍വേട്ടക്കാര്‍ക്കുള്ള സുവര്‍ണ്ണ പാദുകം പങ്കിട്ടു. ബ്രസീലിന്റെ റൊമാരിയോ ഏറ്റവും മികച്ച കളിക്കാരനുള്ള സ്വര്‍ണ്ണ പന്ത് കരസ്ഥമാക്കി.  അഞ്ച് ഗോളുകളുമായി രണ്ടാമത്തെ ടോപ് സ്‌കോറര്‍ക്കുള്ള വെള്ളി പാദുകവും ഇറ്റലിയുടെ റോബര്‍ട്ടോ ബാജിയോ, ജര്‍മ്മനിയുടെ ജുര്‍ഗന്‍ ക്ലിന്‍സ്മാന്‍, സ്വീഡന്റെ കെന്നറ്റ് ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ക്കൊപ്പം റൊമാരിയോ പങ്കിട്ടു. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള യാഷിന്‍ അവാര്‍ഡ് ബല്‍ജിയത്തിന്റെ മൈക്കല്‍ പ്ര്യുഡ്‌ഹോം നേടി. മുന്‍ റഷ്യന്‍ താരമായിരുന്ന ലെവ് യാഷിന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയതാണ് യാഷ് അവാര്‍ഡ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.