പിവി ലക്ഷമണൻ അന്തരിച്ചു

Tuesday 1 May 2018 5:25 am IST

കണ്ണൂര്‍: ഫിഫ അപ്പീല്‍ കമ്മിറ്റി മുന്‍ അംഗവും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ മുന്‍ എക്‌സിക്യൂട്ടീവ് പ്രസിഡന്റുമായ പി.പി.ലക്ഷ്മണന്‍(83) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ കണ്ണൂരിലെ സ്വകാര്യ  ആശുപത്രിയിലായിരുന്നു അന്ത്യം.

ഫിഫ അപ്പീല്‍ കമ്മിറ്റി അംഗമായ ആദ്യ ഇന്ത്യക്കാരനായിരുന്നു ലക്ഷ്മണന്‍. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റായും സേവനമനുഷ്ഠിക്കുകയുണ്ടായി. നാല് വര്‍ഷം എഐഎഫ്എഫിന്റെ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍, 1980ല്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം, 1984ല്‍ ട്രഷറര്‍, 1988 മുതല്‍ സെക്രട്ടറി, 1996ല്‍ സീനിയര്‍ വൈസ് പ്രസിഡന്റ്, 2000ല്‍ എക്‌സിക്യൂട്ടീവ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. എഎഫ്‌സിയുടെയും ഫിഫയുടെയും സബ് കമ്മറ്റികളിലും അംഗമായിരുന്നു. മലബാര്‍ ഡൈയിംഗ് ആന്റ് ഫിനിഷിംഗ് മില്‍സിന്റെ മാനേജിംഗ് ഡയറക്ടറായിരുന്നു. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ ഗോള്‍ഡന്‍ സ്റ്റാര്‍ ബഹുമതി ലഭിച്ചിട്ടുണ്ട്. എഎഫ്‌സിയുടെ ബഹുമതിക്ക് അര്‍ഹനാകുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു ലക്ഷ്മണന്‍.

ഭാര്യ: ഡോ.പ്രസന്ന, മക്കള്‍: ഷംല, ഡോ.സ്മിത (യു.എസ്), ലസിത (ടെലികമ്മ്യൂണിക്കേഷന്‍ എന്‍ജിനിയര്‍), നമിത (കമ്പ്യൂട്ടര്‍ എന്‍ജിനിയര്‍), നവീന്‍. മരുമക്കള്‍: സുജിത് (ടെക്‌സ്‌റ്റൈല്‍ എക്‌സ്‌പോര്‍ട്ടര്‍, കോയമ്പത്തൂര്‍), സതീഷ് (മെക്കാനിക്കല്‍ എന്‍ജിനിയര്‍, യുഎസ്), ജയകൃഷ്ണന്‍ (കെമിക്കല്‍ എന്‍ജിനിയര്‍, മുംബൈ), പ്രകാശ് (അബുദാബി), സിമിത. 

ഭൗതികശരീരം നാളെ വൈകിട്ട് 3.30 വരെ കണ്ണൂര്‍ ട്രെയ്‌നിംഗ് സ്‌കൂളിനു സമീപത്തെ വീട്ടില്‍ പൊതുദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഓഫീസ് പരിസരത്തും മഹാത്മാമന്ദിരത്തിലും പൊതുദര്‍ശനത്തിന് വെച്ച ശേഷം വിലാപയാത്രയായി പയ്യാമ്പലത്ത് എത്തിക്കും. 4 മണിക്ക് സംസ്‌കാരം  നടക്കും. ലക്ഷ്മണന്‍ 2006 ലാണ് ഫിഫ അപ്പീല്‍ കമ്മറ്റിയംഗമായത്. കോണ്‍ഗ്രസ്സിന്റെ മുന്‍കാല നേതാക്കളിലൊരാളാണ്. 1999-2000 കാലഘട്ടത്തില്‍ കണ്ണൂര്‍ നഗരസഭാ അദ്ധ്യക്ഷനായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.