ഫുട്ബോളിനെ നെഞ്ചിലേറ്റിയ മഹാൻ

Tuesday 1 May 2018 5:35 am IST

കണ്ണൂര്‍: ഇന്നലെ അന്തരിച്ച പി പി ലക്ഷ്മണന്‍ ബഹുമുഖ പ്രതിഭയും പ്രമുഖ സഹകാരിയുമായിരുന്നു. ഫുട്‌ബോളിനെ നെഞ്ചേറ്റിയ മഹാനും  കണ്ണൂരിലെ സാമൂഹ്യ-സാംസ്‌ക്കാരിക രാഷ്ട്രീയ മേഖലകളിലെ നിറസാന്നിധ്യവുമായിരുന്നു. കായികമേഖലയുടെ വളര്‍ച്ചക്കായി നിതാന്ത പരിശ്രമം നടത്തി. രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഫുട്‌ബോള്‍ സംഘാടകനായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ സംഘാടകരില്‍ ഒരാളാവാന്‍ അവസരം ലഭിച്ച രാജ്യത്തെ ഒരേയൊരാള്‍.  ഇന്ത്യന്‍ ഫുട്‌ബോളില്‍ പ്രൊഫഷണലിസവും ദേശീയ ലീഗും കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച അദ്ദേഹം ഫിഫ അപ്പീല്‍ കമ്മിറ്റിയിലെ ആദ്യ ഇന്ത്യക്കാരനാണ്. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ 'ഗോള്‍ഡന്‍ സ്റ്റാര്‍' ബഹുമതി ലഭിച്ച അദ്ദേഹം എഎഫ്‌സിയുടെ ബഹുമതിക്ക് അര്‍ഹനാകുന്ന ആദ്യഇന്ത്യക്കാരനുമായിരുന്നു. 

 ശ്രീനാരായണ ഫുട്ബാള്‍, സേട്ട് നാഗ്ജി ഫുട്‌ബോള്‍, ഫെഡറേഷന്‍ കപ്പ്, സിസേഴ്‌സ് കപ്പ് ഉള്‍പ്പെടെ പ്രമുഖ ടൂര്‍ണമെന്റുകള്‍ക്കെല്ലാം മുഖ്യസംഘാടകനായി.  കേരളത്തില്‍ ആദ്യത്തെ അന്താരാഷ്ട്ര ഫുട്ബാള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചതിന്റെ ഖ്യാതിയും ലക്ഷ്മണന് അവകാശപ്പെട്ടതാണ്. 1983ല്‍ കേരള ഫുട് ബാള്‍ അസോസിയേഷന്‍ ഭാരവാഹിയായിരിക്കുമ്പോഴാണ് ഈ നേട്ടം കൈവരിച്ചത്. 1985ല്‍ നാലാമത് നെഹ്‌റു കപ്പിന് ആതിഥ്യമരുളാന്‍ കേരളത്തിന് അവസരമൊരുക്കിയതും ഇദ്ദേഹമാണ്. 

കെഎഫ്‌സിക്ക് 13 ലക്ഷത്തിന്റെ നീക്കിയിരുപ്പ് നല്‍കിയാണ് എട്ട് വര്‍ഷം കെഎഫ്‌സി പ്രസിഡന്റ് സ്ഥാനത്തിനിരുന്ന ലക്ഷ്മണന്‍ പടിയിറങ്ങിയത്.  ഊടും പാവും എന്ന പേരില്‍ ആത്മകഥ രചിച്ചിട്ടുണ്ട്. വ്യത്യസ്ത മേഖലകളില്‍ വ്യത്യസ്ത ആശയങ്ങള്‍ പുലര്‍ത്തുന്നവരോടൊപ്പം പ്രവര്‍ത്തിക്കുമ്പോഴും എല്ലാവരുടെയും ആശയങ്ങളെ അംഗീകരിക്കുകയും എല്ലാവരെയും ഒന്നിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള അസാമാന്യ കഴിവിന്റെ ഉടമ കൂടിയാണ് ലക്ഷ്മണന്‍. തൊട്ടതെല്ലാം പൊന്നാക്കുന്ന വൈഭവം ലക്ഷ്മണന്  അവകാശപ്പെട്ടതാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.