ക്രിമിനല്‍ സംസ്ഥാനമാകുന്നോ കേരളം

Wednesday 2 May 2018 6:00 pm IST

വിദേശ വനിത ലീഗയെ കാണാനില്ലെന്നു കേട്ടപ്പോള്‍ മലയാളികള്‍ ഒന്നടങ്കം വിചാരിച്ചുകാണും അവര്‍ക്കീ ഗതി വരുമെന്ന്. കാരണം ഇതു കേരളമാണ്! എന്തും ഏതും എപ്പോഴും ഇവിടെ ആര്‍ക്കും സംഭവിക്കാം. അവരെ കാണാതായപ്പോള്‍ അവരുടെ ഭര്‍ത്താവ് കേറിയിറങ്ങി അപേക്ഷിക്കാത്ത സ്ഥലങ്ങളില്ല. അപമാനമേല്‍ക്കാനും മര്‍ദനമേല്‍ക്കാനുമായിരുന്നു ആ പാവത്തിനു വിധി. അതിഥി ദേവോ ഭവ എന്നു പരത്തിപ്പറയുന്ന കേരളത്തിലെത്തിയ ഒരു വിദേശ വനിതയാണ് മൃഗീയമായി കൊല്ലപ്പെട്ടത്.

ലീഗയെ കാണാതായെന്നു പരാതികിട്ടിയപ്പോള്‍ വേണ്ടവിധം നടപടിയെടുക്കാനോ അന്വേഷിക്കാനോ അധികൃതര്‍ തയ്യാറായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കുകയില്ലായിരുന്നു.പിണറായി വിജയനും അദ്ദേഹത്തിന്റെ പോലീസും ഭരിക്കുമ്പോള്‍ ഇതിലധികവും സംഭവിക്കുമെന്ന് നമുക്കറിയാം. പക്ഷേ പിണറായിയുടെ ഭരണം ഇങ്ങനെയാണെന്നു വിദേശികള്‍ക്കറിയില്ലല്ലോ. ഇനിയും എന്തെല്ലാം സംഭവിക്കാനിരിക്കുന്നുവെന്ന ആധിയാണ് ബാക്കി.

ഇപ്പോള്‍ പ്രതിക്കൂട്ടില്‍ ആദ്യം നില്‍ക്കുന്നത് സര്‍ക്കാരും പോലീസും തന്നെയാണ്. ലീഗാ കേസില്‍ പ്രതികളെ പ്രതികളെ എത്രപെട്ടെന്നാണ്  കണ്ടെത്തിയെന്ന് സര്‍ക്കാരും പോലീസും നാളെ  നെഞ്ചു തള്ളി പറയും. ഉപേക്ഷകൊണ്ട് ഒരു സാധുവിനെ ദാരുണാന്ത്യത്തിനു ഇട്ടുകൊടുത്തശേഷമുള്ള വീരസ്യം പറച്ചിലായിരിക്കും അത്. പ്രതികളെന്നു സംശയിക്കപ്പെട്ടവരെ ഇതുവരെ അറസ്‌ററു ചെയ്തിട്ടില്ല.അതിനുള്ള തെളിവിനായി പരക്കം പായുകയാണ് പോലീസ്.ഓരോ ദിവസവും ഇതുമായി ബന്ധപ്പെട്ട് കുറ്റാന്വേഷണ സിനിമകളേയും തോല്‍പ്പിക്കുംവിധമുള്ള വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.

കുറ്റം നടന്നശേഷം പ്രതിയെ പിടിക്കുക എന്നതിനെനെക്കാളുപരി കുറ്റം നടക്കാതിരിക്കാനുള്ള ജാഗ്രതയും പോലീസ് ഒരുക്കണം. വിദേശ വനിതകള്‍ കാമ പൂര്‍ത്തിക്കുള്ളവരാണെന്നുമാത്രം വിശ്വസിക്കുന്ന ഒരു കൂട്ടം ഞരമ്പുരോഗികള്‍ ഇപ്പോഴും മലയാളികളിലുണ്ട്. തരംകിട്ടിയാല്‍ വളച്ചെടുക്കാം എന്ന മട്ടില്‍ അനധികൃത ടൂറിസ്റ്റു ഗൈഡുകളും അവരുടെ ഏജന്റുമാരും അതിനു പറ്റിയ ഹോട്ടലുകളും മയക്കു മരുന്നു ലോബികളും വരെ ഇവിടെ തയ്യാറാണ്. വിദേശികള്‍ വേണമെന്നില്ല ആരായാലും തക്കംകിട്ടിയാല്‍ ബലാല്‍സംഘമോ കൊള്ളയോ കൊലപാതകമോ സംഭവിക്കാം.

ഇന്ത്യയിലെ കുപ്രസിദ്ധ ക്രിമിനല്‍ സംസ്ഥാനമായി മാറിയിരിക്കുകയാണ് കേരളം.ക്രിമിനലുകള്‍ക്ക് ഇവിടെ എന്തുമാകാം എന്നു വന്നിരിക്കുന്നു. ഉന്നത രാഷ്ട്രീയ-പോലീസ് ബന്ധത്തില്‍ അവര്‍ വിലസുകയാണ്. എല്‍ഡിഎഫ് വന്നതോടെ കേരളം സമ്പൂര്‍ണ്ണ ക്രിമിനല്‍വല്‍ക്കരണമായിക്കഴിഞ്ഞു. പിണറായിക്ക് ഭരിക്കാനല്ല രാഷ്ട്രീയം കളിക്കാന്‍മാത്രമേ നേരമുള്ളൂ. വെടക്കാക്കി തനിക്കാക്കുക എന്ന കുതന്ത്ര രാഷ്ട്രീയമാണ് ഇദ്ദേഹം പയറ്റുന്നത്. പൗരരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാരിന്റെ തലവനായ പിണറായി സ്വന്തം താല്‍പ്പര്യം മാത്രം സംരക്ഷിച്ചു മുന്നോട്ടുപോകുമ്പോള്‍ കേരളീയനു കിട്ടുന്നത് ഏറ്റവും മോശമായ സര്‍ക്കാരും മുഖ്യമന്ത്രിയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.