ചരിത്രം തിരുത്തി വൈദ്യുതി ഉപഭോഗം; ഏപ്രില്‍ 30ന് ഉപയോഗിച്ചത് 80.9358 ദശലക്ഷം യൂണിറ്റ്

Thursday 3 May 2018 2:37 am IST

ഇടുക്കി: സംസ്ഥാന ചരിത്രത്തിലെ പുതിയ റെക്കോര്‍ഡുകള്‍ തേടി വൈദ്യുതി ഉപഭോഗം കുതിക്കുന്നു. മെയ് ഒന്നിന് രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ (ഏപ്രില്‍ 30ന്) കേരളത്തില്‍ ഉപയോഗിച്ചത് 80.9358 ദശലക്ഷം യൂണിറ്റ് വൈദ്യുതി. 27.679 ദശലക്ഷം യൂണിറ്റ് ആഭ്യന്തരമായി ഉത്പാദിപ്പിച്ചപ്പോള്‍ 53.2568 ആണ് കേന്ദ്രപൂളില്‍ നിന്നെത്തിച്ചത്. 

സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന ഉപഭോഗം 2016 ഏപ്രില്‍ 26ന് ആയിരുന്നു. 80.6 ദശലക്ഷം യൂണിറ്റ്. കഴിഞ്ഞ വര്‍ഷം ഇത് 77.58 വരെ എത്തിയിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 27ന് 79.2574 ദശലക്ഷം യൂണിറ്റായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന ഉപഭോഗം. 

ഈ വര്‍ഷം 4500 മെഗാവാട്ട് അഥവാ 85 ദശലക്ഷം യൂണിറ്റ് വരെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയരുമെന്നായിരുന്നു വകുപ്പിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ചൂട് കൂടിയതിനൊപ്പം വേനല്‍മഴയും വൈദ്യുതി മുടക്കവുമെത്തിയതിനാല്‍ ഇതുവരെ ഇതിലേയ്ക്ക് എത്താനായിട്ടില്ല. 

ഏപ്രില്‍ മാസം സംസ്ഥാനത്താകെ 2252.8903 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചപ്പോള്‍ ആഭ്യന്തര ഉത്പാദനം 669.9705 ആയിരുന്നു. മൊത്തം ഉപഭോഗത്തിന്റെ ഏതാണ്ട് 28 ശതമാനം. ഒരുമാസത്തിനിടെ സംഭരണികളില്‍ നിന്ന് കുറഞ്ഞത് 13 ശതമാനം വെള്ളമാണ്. ഒഴുകിയെത്തിയത് 114.479 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളവും. ദിവസങ്ങളായി മഴ ലഭിക്കുന്നതിനാല്‍ അണക്കെട്ടുകളിലേയ്ക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് 2008ന് ശേഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.

അവശേഷിക്കുന്നത് 32 ശതമാനം വെള്ളം

വൈദ്യുതി വകുപ്പിന് കീഴിലുള്ള സംഭരണികളിലാകെ ഇനി അവശേഷിക്കുന്നത് 32 ശതമാനം വെള്ളം. ഇതുപയോഗിച്ച് 1341.307 ദശലക്ഷം യൂണിറ്റ് വൈദ്യുതി നിര്‍മ്മിക്കാനാകും. മുന്‍വര്‍ഷത്തേക്കാള്‍ 533 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം കൂടുതലാണിത്. ഇടുക്കി സംഭരണിയില്‍ 32 ശതമാനം വെള്ളമാണ് അവശേഷിക്കുന്നത്. 677.006 ദശലക്ഷം യൂണിറ്റ് ഇതുപയോഗിച്ച് നിര്‍മ്മിക്കാനാകും. പമ്പ-40, ഷോളയാര്‍-29, ഇടമലയാര്‍-24, കുണ്ടള-13, മാട്ടുപെട്ടി-44, കുറ്റ്യാടി-25, തരിയോഡ്-18, ആനയിറങ്കല്‍-11, പൊന്‍മുടി-54, നേര്യമംഗലം-39, പൊരിങ്കല്‍ -17, ലോവര്‍ പെരിയാര്‍- 50 എന്നിങ്ങനെയാണ് മറ്റ് സംഭരണികളിലെ ജലശേഖരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.