സിം എടുക്കാന്‍ ഇനി ആധാര്‍ നിര്‍ബന്ധമില്ല

Thursday 3 May 2018 2:45 am IST

ന്യൂദല്‍ഹി: മൊബൈല്‍ സിം കാര്‍ഡ് എടുക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന് ടെലികോം മന്ത്രാലയം. ആധാര്‍ കാര്‍ഡിനു പകരം മറ്റ് തിരിച്ചറിയല്‍ രേഖകളായ ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, വോട്ടേഴ്‌സ് ഐഡി എന്നിവ ഹാജരാക്കിയാലും മതിയെന്നാണ് പുതിയ നിര്‍ദേശം. ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കാതെ നിര്‍ദ്ദേശം എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നാണ് മൊബൈല്‍ കമ്പനികളെ അറിയിച്ചിരിക്കുന്നതെന്ന് ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ അറിയിച്ചു. 

മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ ആധാര്‍ കാര്‍ഡ് സ്വീകരിച്ചു മാത്രം സിം നല്‍കുന്നത് നിരവധി ഉപയോക്താക്കളെ വലച്ചിരുന്നു. എന്നാല്‍ ആധാര്‍ കാര്‍ഡ് സംബന്ധിച്ച് അന്തിമ തീരുമാനം വരുന്നതുവരെ മറ്റു രേഖകള്‍ വാങ്ങിയും സിം കാര്‍ഡ് നല്‍കണമെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു. കെവൈസി ഫോമുകള്‍ (നോ യുവര്‍ കസ്റ്റമര്‍) ഉപയോഗിച്ച് സിംകാര്‍ഡുകള്‍ നല്‍കുന്നത് തുടരണമെന്നാണ് ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദേശം. 

ടെലികോം മന്ത്രാലയം നേരത്തെ നല്‍കിയിരുന്ന നിര്‍ദേശ പ്രകാരം ആധാര്‍ ഉപയോഗിച്ചാണ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നത്. മൊബൈല്‍ നമ്പര്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്നും കമ്പനികള്‍ എസ്എംഎസ് വഴിയും അല്ലാതെയും ഉപയോക്താക്കളെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കാലാവധി അവസാനിക്കുന്നതെന്നാണെന്ന് അറിയിച്ചിരുന്നില്ല.

സിം കാര്‍ഡെടുക്കാന്‍ ആധാര്‍ വേണമെന്ന മൊബൈല്‍ ഓപ്പറേറ്റര്‍മാരുടെ കടുംപിടുത്തം കാരണം നാട്ടിലെത്തുന്ന പ്രവാസികളും വിദേശികളും ഏറെ പ്രതിസന്ധിലായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.