മലബാര്‍ ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ ശരിവെച്ചു

Thursday 3 May 2018 3:10 am IST

കൊച്ചി : മലബാര്‍ ദേവസ്വം ബോര്‍ഡിലെ വിവിധ ക്ഷേത്രങ്ങളില്‍ 2007 ല്‍ നടത്തിയ എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെ നിയമനം ഹൈക്കോടതി ശരിവച്ചു. 2016 ല്‍ ഇതേ തസ്തികയിലേക്ക് തയാറാക്കിയ റാങ്ക് ലിസ്റ്റ് സര്‍ക്കാര്‍ റദ്ദാക്കിയതും ഹൈക്കോടതി ശരിവച്ചിട്ടുണ്ട്. നിയമനത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ചല്ല ഇന്റര്‍വ്യൂവിന്റെ മാര്‍ക്ക് നിശ്ചയിച്ചതെന്ന് വിലയിരുത്തിയാണ് സര്‍ക്കാര്‍ ലിസ്റ്റ് റദ്ദാക്കിയത്. സര്‍ക്കാര്‍ നടപടിക്കെതിരെ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി തള്ളി.

നിയമനത്തിനായി നടത്തിയ അഭിമുഖം പ്രഹസനമായിരുന്നെന്ന് ആരോപിച്ച് തൃശൂര്‍ പാവറട്ടി സ്വദേശി കെ.പി.ആര്‍ വാസുദേവന്‍ 2007 ല്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. അന്ന് അധികാരത്തിലിരുന്ന സിപിഎമ്മിന്റെ നിര്‍ദേശ പ്രകാരമാണ് നിയമനം നടത്തിയതെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. പല ദിവസങ്ങളിലായാണ് അഭിമുഖം നടത്തിയത്. മൂന്നംഗ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ചില ദിവസങ്ങളില്‍ മലബാര്‍ ദേവസ്വം കമ്മിഷണര്‍ ഹാജരായെന്നും മറ്റു ദിനങ്ങളില്‍ ദേവസ്വം ബോര്‍ഡ് സൂപ്രണ്ടാണ് ഹാജരായതെന്നും ഹര്‍ജിയില്‍ പറയുന്നു. 

എല്ലാ ദിവസവും ദേവസ്വം കമ്മിഷണര്‍ ഹാജരാകാതിരുന്നത് പോരായ്മയാണെങ്കിലും അതിന്റെ പേരില്‍ നിയമനം വഴിവിട്ടാണെന്ന് പറയാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒരു പതിറ്റാണ്ടിലേറെക്കഴിഞ്ഞതിനാല്‍ ഇപ്പോള്‍ ഇടപെടുന്നത് ഉചിതമല്ലെന്നും വ്യക്തമാക്കിയാണ് ഹര്‍ജി തള്ളിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.