കസ്റ്റഡി കൊലപാതകം എസ്പിയുടെ ഇടപെടല്‍ വ്യക്തമാക്കി റിമാന്‍ഡ് റിപ്പോര്‍ട്ട്

Thursday 3 May 2018 3:13 am IST

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകക്കേസില്‍  ആലുവ മുന്‍ റൂറല്‍ എസ്പി ഏ. വി. ജോര്‍ജിന്റെ ഇടപെടല്‍ ചൂണ്ടികാട്ടി റിമാന്‍ഡ് റിപ്പോര്‍ട്ട്.  സിഐ ക്രിസ്പിന്‍ സാമിനെ വരാപ്പുഴയില്‍ നിയോഗിച്ചത് റൂറല്‍ എസ്പിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിസ്പിന്‍ സാമിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ജോര്‍ജിനെതിരായ പരാമര്‍ശം.

 ചൊവ്വാഴ്ച അറസ്റ്റിലായ സിഐ ക്രിസ്പിന്‍ സാമിന് പറവൂര്‍ മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.കൊലപാതകത്തില്‍ സിഐയ്ക്ക് പങ്കുള്ളതായി കണ്ടെത്താനായില്ലെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. റൂറല്‍ എസ്പിയായിരുന്ന ഏ. വി ജോര്‍ജിന് പുറമേ ആലുവ ഡിവൈഎസ്പി പ്രഫുല്ല ചന്ദ്രനെയും ചോദ്യം ചെയ്യും. മേല്‍നോട്ട ചുമതലയില്‍ വീഴ്ച വരുത്തിയോ എന്ന് പരിശോധിക്കാനാണ് പ്രഫുല്ല ചന്ദ്രനെ ചോദ്യം ചെയ്യുന്നത്. വരാപ്പുഴ പോലീസ് സ്റ്റേഷന്റെ ചുമതല ഡിവൈഎസ്പിക്കാണ്. വീഴ്ച കണ്ടെത്തിയാല്‍ വകുപ്പുതല നടപടി ഉണ്ടാകും. ഗണേശന്‍ എന്നയാള്‍ പ്രതികളെ കാണിച്ചുതരുമെന്ന് സിഐ വ്യക്തമാക്കിയിരുന്നതായി റൂറല്‍ എസ്പിയുടെ ടൈഗര്‍ഫോഴ്സ് അംഗങ്ങളായിരുന്ന പ്രതികള്‍ വെളിപ്പെടുത്തിയിരുന്നു.

എസ്പിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ആര്‍ടിഎഫ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്. കേസില്‍ എസ്പിക്ക് പ്രത്യേക താത്പര്യം ഉണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട് എന്നാല്‍ എസ്പിയെ സംരക്ഷിക്കുന്ന നിലപാടാണ് ആഭ്യന്തരവകുപ്പിനുള്ളത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.