ഗോാപി കോട്ടമുറിക്കല്‍ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായേക്കും

Thursday 3 May 2018 3:20 am IST

കൊച്ചി: ഗോപി കോട്ടമുറിക്കല്‍ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയാകാന്‍ സാധ്യത. ജില്ലാ സെക്രട്ടറി പി. രാജീവ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ  സാഹചര്യത്തില്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടിവരുന്നതോടെയാണ് ഗോപി കോട്ടമുറിക്കലിന് സാധ്യത തെളിയുന്നത്.  നേരത്തെ ജില്ലാ സെക്രട്ടറിയായിരുന്ന കോട്ടമുറിക്കല്‍ ഒളികാമറ വിവാദത്തില്‍ സെക്രട്ടറി സ്ഥാനം ഒഴിയുകയായിരുന്നു. 

 കടുത്ത പിണറായി പക്ഷക്കാരനായ കോട്ടമുറിക്കലിനെ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാന്‍  നീക്കം തുടങ്ങി. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും സംസ്ഥാന കമ്മറ്റിയംഗങ്ങളും പങ്കെടുക്കുന്ന യോഗത്തിലാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കുക. യോഗത്തില്‍ ബേബി-ഐസക്ക് പക്ഷം സിഐടിയു ജില്ലാ സെക്രട്ടറി സി.കെ. മണിശങ്കറിന്റെയും വിഎസ് പക്ഷം സിഐടിയു ജില്ലാ പ്രസിഡന്റ് കെ.എന്‍. ഗോപിനാഥിന്റെയും പേരുകളായിരിക്കും സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദ്ദശിക്കുന്നത്. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ തിരുമാനമായിരിക്കും നടപ്പാകുക. രാജീവിനെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് എടുത്തത് കോട്ടമുറിക്കലിനെ സെക്രട്ടറിയാക്കാനാണെന്ന്  ഒരു വിഭാഗം ആരോപിക്കുന്നു. ജില്ലയില്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത കെട്ടടങ്ങിവരുന്ന സാഹചര്യത്തില്‍ കോട്ടമുറിക്കലിനെ സെക്രട്ടറിയാക്കുന്നതോടെ വീണ്ടും വിഭാഗീയത ആളിക്കത്തുമെന്ന് ഒരു വിഭാഗം കരുതുന്നു.

വിഎസ് പക്ഷക്കാരാണ് കോട്ടമുറക്കലിനെ പാര്‍ട്ടി ഓഫീസില്‍ ഒളി കാമറ സ്ഥാപിച്ച് കുടുക്കിയത്. ഇതോടെ പാര്‍ട്ടി നടപടി നേരിട്ട കോട്ടമുറിക്കല്‍ അടുത്തിടെയാണ് പാര്‍ട്ടിയില്‍ സജീവമായത്. ഒളികാമറ സ്ഥാപിച്ചവര്‍ തരംതാഴ്ത്തപ്പെട്ടു. കോട്ടമുറക്കലിനെ വീണ്ടും സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടു വരുന്നത് പാര്‍ട്ടിക്കുള്ളില്‍ വീണ്ടും വിഭാഗീയത രൂക്ഷമാകുമെന്ന് ഒരു വിഭാഗം പറയുന്നു. എസ്. ശര്‍മ്മക്ക് ശേഷം ജില്ലയില്‍ നിന്ന് സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് എത്തുന്നയാളാണ് രാജീവ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.