പീഡനമാരോപിക്കുന്ന വ്യാജപ്പരാതികളെ ഗൗരവത്തോടെ കാണണം: ഹൈക്കോടതി

Thursday 3 May 2018 3:24 am IST

കൊച്ചി: പീഡനമാരോപിച്ചുള്ള വ്യാജപ്പരാതികളെ പോലീസ് ഗൗരവത്തില്‍ കാണണമെന്ന് ഹൈക്കോടതി. പീഡനക്കേസില്‍ പ്രതിയെ ശിക്ഷിക്കാന്‍ ഇരയുടെ മൊഴി മാത്രം മതിയെന്ന സാഹചര്യം നിലനില്‍ക്കുമ്പോള്‍ ഇത്തരം പരാതികളില്‍ മതിയായ പരിശോധന നടത്തണമെന്നും കോടതി പറഞ്ഞു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് കള്ളപ്പരാതി നല്‍കിയ തിരുവനന്തപുരം ചെല്ലമംഗലം സ്വദേശിയായ യുവതിക്കെതിരെ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കാനും സിംഗിള്‍ബെഞ്ച് ഉത്തരവിട്ടു. 

തനിക്കെതിരായ വ്യാജപ്പരാതിയില്‍ 2013ല്‍ ശ്രീകാര്യം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ തിരുവനന്തപുരം അതിയന്നൂര്‍ സ്വദേശി സനല്‍കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. നിക്ഷിപ്ത താല്പര്യത്തോടെയാണ് യുവതി പരാതി നല്‍കിയതെന്നു വിലയിരുത്തിയ കോടതി വ്യാജപ്പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുക്കുകയാണ് വേണ്ടതെന്നു വ്യക്തമാക്കി. ഇതിനായി ഉടന്‍ നടപടിയെടുക്കാന്‍ തിരുവനന്തപുരം ജില്ലയുടെ ചുമതലയുള്ള ഐജിക്കും ജില്ലാ പോലീസ് മേധാവിക്കും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുവതിയുടെ പരാതി വ്യാജമാണെന്ന് കണ്ടെത്തി സിംഗിള്‍ബെഞ്ച് ഹര്‍ജിക്കാരനെതിരായ കേസ് റദ്ദാക്കിയിട്ടുമുണ്ട്. 

പുനര്‍വിവാഹത്തിന് താല്പര്യമുണ്ടെന്ന പത്രപ്പരസ്യത്തിലൂടെയാണ് സനല്‍കുമാറിനെ പരിചയപ്പെട്ടതെന്നും വിവാഹം കഴിക്കാമെന്ന് പറഞ്ഞ് തന്നെ പീഡിപ്പിച്ചെന്നുമായിരുന്നു യുവതി പരാതി നല്‍കിയിരുന്നത്. 2013ല്‍ ഒരു ക്ഷേത്രത്തില്‍ വച്ച് സനല്‍ കുമാര്‍ യുവതിയുടെ കഴുത്തില്‍ താലി കെട്ടിയെങ്കിലും വിവാഹം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തില്ല. തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ നേരത്തെ പലതവണ വിവാഹം കഴിച്ചിട്ടുള്ള യുവതി മുന്‍ വിവാഹബന്ധം നിയമപരമായി വേര്‍പെടുത്താതെ കള്ളം പറഞ്ഞ് തനിക്കൊപ്പം ജീവിക്കുകയായിരുന്നെന്നും പിന്നീട് സത്യമറിഞ്ഞ് ചോദിച്ചപ്പോള്‍ പീഡനക്കേസ് നല്‍കുകയായിരുന്നെന്നും സനല്‍ കുമാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. വാദം തുടരുന്നതിനിടെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ തയ്യാറാണെന്നു വ്യക്തമാക്കി യുവതി സത്യവാങ്മൂലം നല്‍കി. പക്ഷേ ഹൈക്കോടതി ഇതനുവദിച്ചില്ല. 

സനല്‍കുമാറിനെതിരെ നല്‍കിയ പരാതിയിലെ പുരോഗതി അന്വേഷിക്കാന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ സിഐ തന്നെ കയറി പിടിച്ചെന്ന് യുവതി മറ്റൊരു പരാതി കൂടി നല്‍കിയിട്ടുണ്ട്. കൂടാതെ കല്യാണം കഴിക്കാമെന്ന് പറഞ്ഞു പീഡിപ്പിച്ചെന്നാരോപിച്ച് മനോജ് എന്ന മറ്റൊരാള്‍ക്കെതിരെയും ഇതേ യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവര്‍ അഞ്ച് തവണ കല്യാണം കഴിച്ചിട്ടുണ്ടെന്ന് പോലീസും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്നാണ് യുവതിയുടെ പരാതി വ്യാജമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.