ഡിറ്റക്ടീവ് മാര്‍ക്‌സും , പുഷ്പരാജും പിറവിയെടുത്ത തൂലിക

Thursday 3 May 2018 3:25 am IST

കോട്ടയം: അക്ഷരങ്ങളിലൂടെ ഭീതിയും ഉദ്വേഗവും ജനിപ്പിച്ച് വായനക്കാരെ പ്രത്യേകിച്ച് യുവാക്കളെ ത്രസിപ്പിച്ച എഴുത്തുകാരനായിരുന്നു കോട്ടയം പുഷ്പനാഥ്. ടിവിയും സീരിയലുകളും മലയാളികള്‍ക്ക് അന്യമായിരുന്ന കാലത്ത് വായനയ്ക്ക് ജനകീയ മുഖമായിരുന്നു അദ്ദേഹം ഒരുക്കിക്കൊടുത്തത്. കുറ്റാന്വേഷണ നോവലുകള്‍ ആണെങ്കിലും അപസര്‍പ്പക കഥകളാണെങ്കിലും വായനക്കാരെ പിടിച്ചിരുത്തുന്നവയായിരുന്നു. ഭയപ്പെടുത്തുന്ന ഇരുണ്ട മുഖവും കൈകളും കടവാവല്‍ ചിറകടിയൊച്ചകളും വായനക്കാരെ  സംഭ്രമജനകമായ ലോകത്ത് എത്തിച്ചു.      

പുഷ്പനാഥിന്റെ നോവലുകള്‍ 70 കളുടെ തുടക്കത്തിലും മറ്റും ജനഹൃദയങ്ങളില്‍ കയറിപ്പറ്റി. അതിലെ ഒരോ വരികളും അക്കാലത്ത് യുവാക്കളുടെ നാവിന്‍ തുമ്പത്തുണ്ടയായിരുന്നു. ഡിറ്റക്ടീവ് നോവലുകളായിരുന്നു പുഷ്പനാഥിനെ ജനകീയമാക്കിയത്. ഡിറ്റക്ടീവ് പുഷ്പരാജ്, ഡിറ്റക്ടീവ് മാര്‍ക്‌സ് എന്നീ സ്വകാര്യ കുറ്റാന്വേഷകരെ കേന്ദ്രകഥാപാത്രങ്ങളാക്കി രചിച്ച നോവലുകള്‍ മലയാളി യുവാക്കളുടെ ഹരമായിരുന്നു. ഹാഫ് എ കൊറോണ ചുരുട്ടായിരുന്നു മാര്‍ക്‌സിന്റെ ലഹരി. 

വിദേശത്തെ മലനിരകളും പര്‍വ്വതങ്ങളും വിമാനങ്ങളും നോവലുകളില്‍ ഇടംപിടിച്ചു. കംപ്യൂട്ടര്‍ സാര്‍വ്വത്രികമാകുന്നതിന് മുമ്പെ  അത്തരം സാങ്കേതിക വിദ്യകള്‍ നോവലിന്റെ ഭാഗമാക്കുന്നതില്‍ വിജയം വരിച്ച എഴുത്തുകാരനായിരുന്നു. ശാസ്ത്രത്തിന്റെ ബുദ്ധി അപകടകാരികളായ മനുഷ്യരുടെ കൈകളില്‍ എത്തിപ്പെട്ടാല്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചുവന്ന മനുഷ്യന്‍ എന്ന നോവലിലൂടെ അനാവരണനം ചെയ്തത്. 

കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന പല വാരികകളും പിടിച്ച് നിന്നതും രക്ഷപ്പെട്ടതും കോട്ടയം പുഷ്പനാഥിന്റെ നോവലുകളിലൂടെയായിരുന്നു. ഒന്നിലധികം വാരികകള്‍ക്ക് വേണ്ടി ഒരേസമയം എഴുതി. ഡോക്ടറെ കാണാന്‍ രോഗികള്‍ കാത്തിരിക്കുന്നത് പോലെയാണ് വാരികകളുടെ ആളുകള്‍ പുഷ്പനാഥിന്റെ വീടിന്റെ ഉമ്മറത്ത് നിന്നതെന്ന് അക്കാലത്തെ വര്‍ത്തമാനമായിരുന്നു. വാരികയുടെ പ്രതിനിധി കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച നോവലിന്റെ അവസാനഭാഗം വായിച്ച് കേള്‍പ്പിച്ച് കഴിയുമ്പോള്‍ അടുത്ത ഭാഗത്തിനുള്ള കഥ പറയുകയായി. മനസ്സില്‍നിന്ന് പറയുന്ന കഥ രണ്ട് പേര് എഴുതിയെടുക്കും. എട്ട് പേജായി കഴിയുമ്പോള്‍ ഇത് വാരികയുടെ പ്രതിനിധിക്ക് നല്‍കും. പിന്നീട് അടുത്ത വാരികയുടെ ഊഴമായി. വിദേശത്ത് കഥപറയുന്ന നോവലുകള്‍ക്ക് വേണ്ടി മാത്രമായിരുന്നു അദ്ദേഹം കഥാസന്ദര്‍ഭങ്ങള്‍ക്കായി ചാര്‍ട്ടുകള്‍ തയ്യാറാക്കിയിരുന്നത്. 

 കുറ്റാന്വേഷണ, അപസര്‍പ്പക നോവലുകളുടെ ആചാര്യനായിരുന്ന പുഷ്പനാഥ് ഇതിനോടകം 300-ല്‍ അധികം നോവലുകള്‍ എഴുതിയിരുന്നു. ഇത് കൂടാതെ അദ്ദേഹം സ്വന്തമായി 10 വര്‍ഷത്തോളം പുഷ്പനാഥ് വാരിക എന്ന പേരിലും ഒരു മാസിക നടത്തി. പുസ്തകങ്ങളുടെ അദ്ദേഹത്തിന്റെ വലിയ ശേഖരം  പിന്നീട് പല ലൈബ്രികള്‍ക്ക് നല്‍കി. പുഷ്പനാഥിന്റെ നോവലുകള്‍ വരും തലമുറയ്ക്ക് വായിക്കുന്നതിനായി ഡിജിറ്റൈസ്  ചെയ്ത് സൂക്ഷിക്കാന്‍ തീരുമാനിച്ചിരുന്നതായി ചെറുമകന്‍ റയന്‍ പുഷ്പനാഥ് പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.