ന്യൂദല്‍ഹി: പ്രധാനമന്ത്രി വയ വന്ദന്‍ യോജന പ്രകാരമുള്ള നിക്ഷേപപരിധി 7.5 ലക്ഷത്തില്‍ നിന്നും 15 ലക്ഷമാക്കി വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്കി. വരിസംഖ്യ അടയ്ക്കുന്നതിനുള്ള കാലാവധി 2018 മേയ് 4 മുതല്‍ 2020 മാര്‍ച്ച് 31 വരെ നീട്ടാനും തീരുമാനിച്ചു.
ഇതിലൂടെ മുതിര്‍ന്ന പൗരന്മാര്ക്ക് വിശാലമായ സാമൂഹികസുരക്ഷാ പരിരക്ഷയാണ് ലഭിക്കുന്നത്. പ്രതിമാസം 10,000 രൂപയുടെ വരെ പെന്ഷന് ലഭിക്കാനിടയാകും. മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനും 60 വയസിന് മുകളിലുള്ളവരെ സംരക്ഷിക്കുന്നതിനുമായി ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ വഴി നടപ്പാക്കുന്ന പദ്ധതിയാണ് പിഎംവിവിവൈ. 2018 മാര്‍ച്ച് വരെ 2.23 ലക്ഷം മുതിര്‍ന്ന പൗരന്മാര്ക്ക് ഗുണം ലഭിച്ചിട്ടുണ്ട്. പത്തുവര്‍ഷത്തേക്ക് എട്ട് ശതമാനം പലിശ അടിസ്ഥാനമാക്കിയുള്ള നിശ്ചിത പെന്ഷന് പദ്ധതി വഴി ലഭിക്കും.
മാസാമാസമോ, മൂന്ന് മാസത്തിലൊരിക്കലോ, അര്ദ്ധവാര്ഷികമായോ അല്ലെങ്കില്‍ വാര്ഷികനിരക്കിലോ പെന്ഷന് തെരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ട്. എല്‍ഐസി തിരിച്ചുനല്‍കുന്ന തുകയും പ്രതിവര്‍ഷം എട്ട് ശതമാനം നിരക്കില്‍ ഉറപ്പുനല്‍കുന്ന തുകയും തമ്മിലുള്ള അന്തരം കേന്ദ്ര സര്‍ക്കാര്‍ വാര്‍ഷിക സബ്സിഡിയായി വഹിക്കും. ഇതിന് മുമ്പുണ്ടായിരുന്ന വരിഷ്ട പെന്ഷന് ഭീമായോജന-2014 പ്രകാരം മൊത്തം 3.11 ലക്ഷം മുതിര്‍ന്ന പൗരന്മാര്ക്ക് ഗുണമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: