വുഹാനിലെ ചേര്‍ച്ച

Thursday 3 May 2018 3:52 am IST

മൂന്നുമാസം മുമ്പ് ചൈനയുടെ പ്രകോപനം അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചതാണ്. ദോക്‌ലാമില്‍ ചൈന സേനാവിന്യാസം വരെ നടത്തി. ശക്തമായ നിലപാടും താക്കീതുമാണ് ഇന്ത്യ നടത്തിയത്. അതിനെ അവഗണിക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ സാധിക്കില്ല. കണ്ണുരുട്ടിയാല്‍ ഭയക്കുന്നവരല്ല ദല്‍ഹിയിലെ ഭരണകര്‍ത്താക്കളെന്ന് ബോദ്ധ്യപ്പെട്ടതുകൊണ്ടാകാം അവര്‍ നിലപാടില്‍ അയവു വരുത്തി. സേനാവിന്യാസം പിന്‍വലിച്ചു. സൗഹൃദത്തിലാകാന്‍ താല്‍പര്യവും പ്രകടിപ്പിച്ചു.

അങ്ങിനെയാണ് ചൈനീസ് നഗരമായ വുഹാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയത്. അവിടെ ചൈനീസ് പ്രസിഡന്റ് സീ ജിന്‍ പിങ്ങുമായി രണ്ടു ദിവസങ്ങളിലായി ആറുതവണ കൂടിക്കാഴ്ച നടത്തി. അത് ഇരു രാജ്യങ്ങളും തമ്മില്‍ നല്ല ചേര്‍ച്ചയ്ക്ക് സാഹചര്യം ഒരുക്കി. അതിര്‍ത്തിയില്‍ സമാധാനവും പരസ്പരവിശ്വാസവും ഉറപ്പാക്കുംവിധം പ്രവര്‍ത്തിക്കുന്നതിന് ധാരണയുമായി. ദോക്‌ലാമിന് സമാനമായ സാഹചര്യം ഭാവിയിലുണ്ടാകാതിരിക്കാനാണ് ഇരു രാഷ്ട്രങ്ങളും ഏറെ ശ്രദ്ധിച്ചത്. ചൈനയും ഇന്ത്യയും നല്ല അയല്‍ക്കാരും സുഹൃത്തുക്കളുമായിരിക്കേണ്ടത് ലോകത്തിന് തന്നെ അനിവാര്യമാണ്.

അയല്‍ക്കാരുമായി നല്ല ബന്ധം സ്ഥാപിക്കാനാണ് ഇന്ത്യ എക്കാലവും ശ്രമിച്ചുകൊണ്ടിരുന്നത്. അതിനെ തകിടം മറിച്ചത് പാക്കിസ്ഥാനും ചൈനയുമാണെന്നത് കലര്‍പ്പില്ലാത്ത സത്യങ്ങളാണ്. നാലുവര്‍ഷം മുമ്പ് നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അയല്‍രാജ്യങ്ങളുടെ സാന്നിധ്യം ഉറപ്പാക്കിയത് ബന്ധം മെച്ചപ്പെടുത്താനാണ്. സാര്‍ക്ക് രാജ്യ തലവന്മാരെല്ലാം എത്തുകയും ചെയ്തു. പുതിയൊരു സുരേ്യാദയമാണ് അന്ന് ദര്‍ശിച്ചത്. ഇടയ്ക്ക് വഷളായ ബന്ധം മെച്ചപ്പെടുത്താന്‍ വുഹാനില്‍ നിന്നുയര്‍ന്ന വെളുത്ത പുക ആശ്വാസമേകുന്നത് തന്നെയാണ്. ഉഭയകക്ഷി ബന്ധത്തിന്റെ എല്ലാ മേഖലകളിലുമുള്ള വളര്‍ച്ചക്കായി അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയില്‍ ഊന്നിയായിരുന്നു ചര്‍ച്ച. 

അതിര്‍ത്തിയില്‍ സമാധാനം ഉറപ്പാക്കുന്നതിനും നിലനിര്‍ത്തുന്നതിനും പ്രത്യേക ചര്‍ച്ചകള്‍ക്കായി പ്രതിനിധികളെ നിയോഗിക്കും. രണ്ട് രാജ്യങ്ങളുടെയും സൈനികര്‍ക്കിടയില്‍ പരസ്പര വിശ്വാസം വളര്‍ത്തുന്നതിന് നിര്‍ദ്ദേശങ്ങളും നടപടികളുമുണ്ടാകുമെന്ന ധാരണ മുമ്പില്ലാത്തതാണ്.  ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കാനും നിശ്ചയിച്ചിരിക്കുകയാണ്.  നിലവിലുള്ള നടപടിക്രമങ്ങളും ആശയകൈമാറ്റവും ശക്തമാക്കും. നിലവില്‍ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനായുള്ള പ്രത്യേക സമിതിയുടെ യോഗം യഥാസമയം ചേരാനുള്ള തീരുമാനവും സ്വാഗതാര്‍ഹമാണ്. 

എല്ലാ തരത്തിലുമുള്ള ഭീകരത വെല്ലുവിളിയാണെന്ന് കണ്ടെത്തിയത് ആശ്വാസകരമാണ്. വുഹാനില്‍ നടന്ന ചര്‍ച്ചയില്‍ ഇരു നേതാക്കളും വിവിധ മേഖലകളില്‍ കൂടുതല്‍ വികസന പദ്ധതികള്‍ നടപ്പാക്കും. അഫ്ഗാനില്‍ വികസന പദ്ധതികള്‍ സംയുക്തമായി നടപ്പാക്കാനും ധാരണയായി. പദ്ധതികള്‍ ഏതൊക്കെയെന്ന് പിന്നീട് തീരുമാനിക്കും. അഫ്ഗാനില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ പാക്കിസ്ഥാന്റെ പിന്തുണയോടെ ചൈന ശ്രമിക്കുന്നുണ്ട്. സമാധാന ശ്രമങ്ങള്‍ അട്ടിമറിക്കാന്‍ പാക്കിസ്ഥാന്‍ താലിബാനെ സഹായിക്കുകയാണെന്ന് അഫ്ഗാനും അമേരിക്കയും ആരോപിച്ചിരുന്നു.

ഇന്ത്യയുടെയും ചൈനയുടെയും സംയുക്ത നീക്കം പാക്കിസ്ഥാന് തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. ചൈനയുമായുള്ള ബന്ധം വളരണമെന്ന് ആഗ്രഹിക്കുകയും അതിനായി കഠിനശ്രമങ്ങള്‍ നടത്തുകയും ചെയ്യുമ്പോള്‍ കരുതലുകള്‍ അനിവാര്യമാണെന്നാണ് മുന്‍കാല അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. ചൌ എന്‍ലായിയും പണ്ഡിറ്റ് നെഹ്‌റുവും ഇന്ത്യ-ചൈന ഭായി ഭായി പറഞ്ഞ് പിരിഞ്ഞതിന്റെ തൊട്ടുപിന്നാലെ ചൈന ഇന്ത്യക്കെതിരെ 1962ല്‍ യുദ്ധത്തിനിറങ്ങി.  പിന്നെയും പലതവണ നമ്മുടെ മണ്ണ് മാന്തിയെടുത്തു. ഇതൊന്നും മറന്നുകൂടാ. എങ്കിലും സൗഹൃദം അനിവാര്യം തന്നെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.