ഐഎസ് വളരുന്നു; കണ്ണൂരും കാസർകോട്ടും താവളങ്ങൾ

Thursday 3 May 2018 5:14 am IST

കൊച്ചി: കേരളത്തില്‍ ഇസ്ലാമിക ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) പ്രവര്‍ത്തനം ശക്തമെന്ന് എന്‍ഐഎ. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇവരുടെ പ്രവര്‍ത്തനം ശക്തമെന്നും ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി. കണ്ണൂരില്‍ രഹസ്യയോഗങ്ങള്‍ ചേരാന്‍ പ്രത്യേക കേന്ദ്രങ്ങളും ഇവര്‍ സജ്ജീകരിച്ചിട്ടുണ്ട്. 

പള്ളികള്‍ കേന്ദ്രീകരിച്ച് വളരാനാണ് അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രത്തിലുള്ള മലയാളികളായ ഭീകരര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയും മുന്‍ പീസ് സ്‌കൂള്‍ ജീവനക്കാരനുമായ അബ്ദുല്ല റാഷിദും ഒന്നാം ഭാര്യ സോണി സെബാസ്റ്റിയനുമാണ് സംസ്ഥാനത്തെ ഐഎസ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. ഇവര്‍ കാബൂളിലാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലയിലുള്ളവരുമായി ഇരുവരും നിരന്തരം ബന്ധപ്പെടുന്നുണ്ട്. വിവരങ്ങള്‍ പുറത്തറിയാതിരിക്കാന്‍ ടെലഗ്രാഫ് സംവിധാനം വഴിയാണ് സമ്പര്‍ക്കം. 

അപ്രഖ്യാപിത ഹര്‍ത്താലിനും ഹൈന്ദവ സ്ഥാപനങ്ങള്‍ക്കു നേരെയുണ്ടായ അക്രമങ്ങള്‍ക്കും പിന്നില്‍ റാഷിദിന്റെ നിര്‍ദ്ദേശം ഉണ്ടായിരുന്നു. റാഷിദ് അയച്ച, ജിഹാദിന് ആഹ്വാനം ചെയ്തുള്ള സന്ദേശങ്ങള്‍ കഴിഞ്ഞ ദിവസം എന്‍ഐഎക്ക് ലഭിച്ചിരുന്നു.  

കേരളത്തിലെ ചില ക്ഷേത്രങ്ങള്‍ തകര്‍ക്കണമെന്നും അതിനുള്ള പദ്ധതികള്‍ തയ്യാറാക്കണമെന്നും റാഷിദ് നിര്‍ദ്ദേശം നല്‍കിട്ടുണ്ടെന്ന് എന്‍ഐഎയ്ക്ക് സൂചന ലഭിച്ചിട്ടുണ്ട്. ടെലഗ്രാഫ് വഴി പങ്കുവെയ്ക്കുന്ന സന്ദേശങ്ങള്‍ ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവര്‍ മാത്രമുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലാണ്  പ്രചരിപ്പിക്കുന്നത്. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ഭീകരപ്രവര്‍ത്തനം സജീവമായിട്ടും കാഴ്ച്ചക്കാരായി നില്‍ക്കുകയാണ് പോലീസ്. 

എൻഐഎയെ വെല്ലുവിളിച്ച് റാഷിദ്

ദേശീയ അന്വേഷണ ഏജന്‍സിയെ (എന്‍ഐഎ) വെല്ലുവിളിച്ച് മലയാളിയായ ഐഎസ് ഭീകരന്‍ അബ്ദുല്ല റാഷിദ്. കേരളത്തിലെ ഓരോ പ്രവര്‍ത്തനങ്ങളും കൃത്യമായി എന്‍ഐഎ നീരിക്ഷിക്കാന്‍ തുടങ്ങിയതോടെയാണ് റാഷിദ് അന്വേഷണ ഏജന്‍സിയെ വെല്ലുവിളിച്ച് ഇത്തരം സന്ദേശങ്ങള്‍ അയയ്ക്കുന്നത്. ഭീകരപ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കേണ്ടത് പോലീസാണ്. എന്നാല്‍ പോലീസ് ഇക്കാര്യത്തില്‍ അലംഭാവം കാട്ടുന്നതിനാലാണ് എന്‍ഐഎ കൂടുതല്‍ ജാഗ്രതയോടെ സംസ്ഥാനത്തെ ഓരോ പ്രവര്‍ത്തനങ്ങളും വീക്ഷിക്കാന്‍ ആരംഭിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.