കസ്റ്റഡി കൊലപാതകം; എസ്‌പി എ.വി ജോർജിനെ ചോദ്യം ചെയ്യും

Thursday 3 May 2018 5:15 am IST

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയില്‍ ചവിട്ടിക്കൊന്ന കേസില്‍ ആലുവ മുന്‍ റൂറല്‍ എസ്പി എ.വി. ജോര്‍ജിനെ ചോദ്യം ചെയ്യും. പ്രത്യേക അന്വേഷണ സംഘമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. കസ്റ്റഡി മരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് എസ്പിയെ മാറ്റിനിര്‍ത്താനാകില്ലെന്ന നിലപാടിലാണ് ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം.

ശ്രീജിത്തിനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത് എസ്പി എ.വി. ജോര്‍ജാണെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ കേസിലെ അഞ്ചാം പ്രതി പറവൂര്‍ സിഐ ക്രിസ്പിന്‍ സാം മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജോര്‍ജിനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യാനാണ് തീരുമാനം. കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തില്‍ ജോര്‍ജിനെ ആലുവ റൂറല്‍ എസ്പി സ്ഥാനത്ത് നിന്നും നീക്കി തൃശൂര്‍ പോലീസ് അക്കാദമിയില്‍ നിയമിച്ചിരുന്നു. 

കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ സിഐ ക്രിസ്പിന്‍ സാമിന് പറവൂര്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. കൊലപാതകത്തില്‍ സിഐക്ക് നേരിട്ട് പങ്കുണ്ടെന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്. കേസിലെ അഞ്ചാം പ്രതിയാണ് ക്രിസ്പിന്‍. 

നേരത്തെ വരാപ്പുഴ എസ്ഐ ജി.എസ്. ദീപക്, മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നാലുപേരും ഇപ്പോള്‍ റിമാന്‍ഡിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.