വിദേശ വനിതയെ കൊന്നത് ബലാത്സംഗം ചെയ്ത്; രണ്ട് പേര്‍ അറസ്റ്റില്‍

Thursday 3 May 2018 1:52 pm IST

തിരുവനന്തപുരം: വിദേശ വനിതയെ കൊലപ്പെടുത്തിയത് ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം. സംഭവത്തില്‍ കസ്റ്റഡിയിലുണ്ടായിരുന്ന രണ്ടുപേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പനത്തുറ സ്വദേശികളായ ഉമേഷ് (28), ഉദയന്‍ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ രണ്ടുപേര്‍ക്കും കൊലപാതകത്തില്‍ നേരിട്ടു പങ്കുണ്ടെന്നും ലൈംഗികപീഡനത്തിന് ഇരയായതിനാല്‍ ഇരയുടെ പേര് ഇനി വെളിപ്പെടുത്തരുതെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മാര്‍ച്ച് 14ന് പോത്തന്‍കോട് ധര്‍മ്മ ആയുര്‍വേദ റിസോര്‍ട്ടില്‍ നിന്ന് കാണാതായ വിദേശവനിത ഇതേദിവസം കോവളത്തെ ഗ്രോവ് ബീച്ചില്‍ ഓട്ടോയില്‍ എത്തിയതായി സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. കാഴ്ചകള്‍ കാണാന്‍ ബോട്ടിങ് നടത്താമെന്നും കഞ്ചാവു നല്‍കാമെന്നും പറഞ്ഞ് പ്രതികള്‍ ഇവരെ പനത്തുറയിലേക്ക് കൂട്ടിക്കൊണ്ടു പോയി. തുടര്‍ന്ന് ഫൈബര്‍ ബോട്ടില്‍ ഇവരെ വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടിലെത്തിച്ചു.

അവിടെ വച്ച് ലഹരി നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചു. ശ്രമം തടഞ്ഞ യുവതിയെ വള്ളികള്‍ കഴുത്തില്‍ കുരുക്കി ശ്വാസം മുട്ടിച്ച് കൊന്നു. വൈകിട്ട് 5.30ന് ശേഷമാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു. ഫൊറന്‍സിക് പരിശോധനയുടെ ഫലവും രാസപരിശോധനാഫലവും ലഭിച്ച ശേഷമാണ് ബലാത്സംഗം ചെയ്ത്  കൊലപ്പെടുത്തിയതാണെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. 

മൃതശരീരത്തില്‍ കണ്ടെത്തിയ ജാക്കറ്റ് ഉദയന്റേതാണെന്ന് തെളിഞ്ഞിട്ടുണ്ട്. മൃതദേഹത്തിലെ വിരലടയാളങ്ങളും കണ്ടല്‍ക്കാട്ടില്‍ നിന്നും കണ്ടെത്തിയ മുടിയിഴകളും പ്രതികളുടേതാണെന്ന് തിരിച്ചറിഞ്ഞു. കണ്ടല്‍ക്കാട്ടിലെത്തിയശേഷം എന്തു നടന്നുവെന്നതിന് വ്യക്തമായ തെളിവ് ലഭിക്കാത്തതാണ് അറസ്റ്റ് വൈകിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.