ഭസ്മമായി; അവള്‍ ഇനി ജ്വാല

Thursday 3 May 2018 6:17 pm IST
തൈക്കാട് ശാന്തികവാടത്തിലായിരുന്നു സംസ്‌കാരം. ബലാത്സംഗം നടന്നെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഇനി യുവതിയുടെ പേര് പറയാനാവില്ല. സംസ്‌കാരകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി ഭര്‍ത്താവും സഹോദരിയും പിണറായി സര്‍ക്കാര്‍ നല്‍കിയ വിമാനടിക്കറ്റില്‍ ലാത്വിയയിലേക്ക് മടങ്ങും. ലത്തീന്‍ കത്തോലിക്ക സഭയിലെ വികാരി ജനറല്‍ യൂജിന്‍ പെരേരയുടെ കാര്‍മ്മികത്വത്തില്‍ പ്രാര്‍ത്ഥനകളോടെയായിരുന്നു അന്തിമചടങ്ങുകള്‍.

തിരുവനന്തപുരം: ഇനി അവള്‍ക്ക് പേരില്ല. ഒന്നരമാസത്തെ അനിശ്ചിതത്വങ്ങള്‍ക്കും കരുനീക്കങ്ങള്‍ക്കുമൊടുവില്‍ ലാത്വിയന്‍ വനിത ഒരു പിടി ഭസ്മമായി. ബാക്കിയാകുന്നത് ഇത്രനാളും ചൂഴ്ന്നു നിന്ന ദുരൂഹതകള്‍. കടല്‍ കാണാന്‍ കൊതിച്ച യുവതിക്ക് ഇവിടെ അന്ത്യവിശ്രമം. 

തൈക്കാട് ശാന്തികവാടത്തിലായിരുന്നു സംസ്‌കാരം. ബലാത്സംഗം നടന്നെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഇനി യുവതിയുടെ  പേര് പറയാനാവില്ല.  സംസ്‌കാരകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി ഭര്‍ത്താവും സഹോദരിയും പിണറായി സര്‍ക്കാര്‍ നല്‍കിയ വിമാനടിക്കറ്റില്‍  ലാത്വിയയിലേക്ക് മടങ്ങും. ലത്തീന്‍ കത്തോലിക്ക സഭയിലെ വികാരി ജനറല്‍ യൂജിന്‍ പെരേരയുടെ കാര്‍മ്മികത്വത്തില്‍ പ്രാര്‍ത്ഥനകളോടെയായിരുന്നു അന്തിമചടങ്ങുകള്‍.

ചിതാഭസ്മം ലാത്വിയയിലേക്ക് കൊണ്ടുപോകും. പോകുന്നതിന് മുമ്പ് മരിച്ചുപോയ സഹോദരിക്ക് വേണ്ടി ഞായറാഴ്ച നിശാഗന്ധിയില്‍ അനുസ്മരണ സമ്മേളനം. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമെല്ലാം അണിനിരക്കും. വയലിന്‍സംഗീത നിശയും സ്‌നേഹസംഗമവുമൊരുക്കും.

മാര്‍ച്ച് 14ന് പോത്തന്‍കോട്ടുള്ള ആയുര്‍വേദ കേന്ദ്രത്തില്‍ കാണാതായ ലാത്വിയക്കാരിയെത്തേടിയുള്ള ഭര്‍ത്താവിന്റെയും സഹോദരിയുടെയും ഒന്നരമാസത്തെ  അലച്ചിലിന് തുണ നിന്ന അശ്വതിജ്വാലയ്ക്ക് നേരെയുള്ള സര്‍ക്കാര്‍ വേട്ടയാടല്‍ തുടരും. 

സംസ്‌കാരകര്‍മ്മവും ആഘോഷമാക്കാന്‍ ഒരുങ്ങുന്ന അനുസ്മരണസന്ധ്യയും വിരല്‍ ചൂണ്ടുന്നത് പോലീസിന്റെയും സര്‍ക്കാരിന്റെയും സംശയാസ്പദ സമീപനങ്ങളിലേക്കാണ്. കാണാതായ വിദേശവനിതയുടെ സഹോദരിക്ക് മുഖ്യമന്ത്രിയെ കാണാന്‍ അനുവാദം ലഭിച്ചില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞതിന്റെ പേരിലാണ് അശ്വതി ജ്വാല അധിക്ഷേപിക്കപ്പെട്ടത്. സിപിഎം സംസ്ഥാന സെക്രട്ടറിയും മന്ത്രി കടകംപള്ളി സുരേന്ദ്രനും അതിന് മുന്‍കൈയെടുത്തു. അതിന് തൊട്ടുപിന്നാലെ പണപ്പിരിവിനെതിരെ പരാതിയുണ്ടെന്ന പേരില്‍ അവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ തീരുമാനിച്ചു. അതേസമയം വിദേശവനിതയുടെ സഹോദരിക്ക് താമസിക്കാന്‍ ഇടവും സഞ്ചരിക്കാന്‍ വാഹനവും മടക്കയാത്രയ്ക്ക് ടിക്കറ്റും നല്‍കി. ഡിജിപി അടക്കമുള്ളവര്‍ അപമര്യാദയായി പെരുമാറിയെന്ന് ആദ്യം മാധ്യമങ്ങളോട് പറഞ്ഞ ഇവര്‍ സര്‍ക്കാര്‍ സമീപനങ്ങളില്‍ പൊടുന്നനെ സംതൃപ്തയായതിന്റെ ദുരൂഹതകളും ബാക്കി നില്‍ക്കുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.