പ്രതിഷേധവും ബഹിഷ്‌കരണവും; ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

Thursday 3 May 2018 7:46 pm IST
എല്ലാവര്‍ക്കും രാഷ്ട്രപതി പുരസ്‌കാരം വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് അമ്പത്തഞ്ചോളം ജേതാക്കള്‍ ചടങ്ങ് ബഹിഷ്‌കരിച്ചതായാണ് സൂചന. പതിനൊന്ന് പേര്‍ക്ക് മാത്രമാണ് രാംനാഥ് കോവിന്ദ് അവാര്‍ഡ് നല്‍കിയത്. ആകെ 120 പുരസ്‌കാര ജേതാക്കളാണുണ്ടായിരുന്നത്.
" മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം, അന്തരിച്ച നടി ശ്രീദേവിക്കു വേണ്ടി ഭര്‍ത്താവ് ബോണി കപൂര്‍, മക്കള്‍ ഝാന്‍വി, ഖുഷി എന്നിവര്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍ നിന്ന് സ്വീകരിക്കുന്നു"

ന്യൂദല്‍ഹി: അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ് എന്നിവര്‍ ജേതാക്കള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി. മലയാളികളായ കെ.ജെ. യേശുദാസ് (മികച്ച ഗായകന്‍), ജയരാജ് (മികച്ച സംവിധായകന്‍), നിഖില്‍ എസ് പ്രവീണ്‍ (മികച്ച ഛായാഗ്രഹകന്‍), സന്ദീപ് പാമ്പള്ളി (നവാഗത സംവിധായകന്‍), ഷിബു ജി സുശീലന്‍ (മികച്ച സിനിമയുടെ നിര്‍മ്മാതാവ്) എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. 

 

എല്ലാവര്‍ക്കും രാഷ്ട്രപതി പുരസ്‌കാരം വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് അമ്പത്തഞ്ചോളം ജേതാക്കള്‍ ചടങ്ങ് ബഹിഷ്‌കരിച്ചതായാണ് സൂചന. പതിനൊന്ന് പേര്‍ക്ക് മാത്രമാണ് രാംനാഥ് കോവിന്ദ് അവാര്‍ഡ് നല്‍കിയത്. ആകെ 120 പുരസ്‌കാര ജേതാക്കളാണുണ്ടായിരുന്നത്. മികച്ച സഹനടന്‍ ഫഹദ് ഫാസില്‍, പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ച പാര്‍വതി എന്നിവര്‍ ചടങ്ങ് ബഹിഷ്‌കരിച്ചവരിലുണ്ട്. പരിപാടി വിവാദമായതില്‍ രാഷ്ട്രപതി ഭവന്‍ അത്ഭുതം പ്രകടിപ്പിച്ചു. പുരസ്‌കാരദാന ചടങ്ങുകളില്‍ രാംനാഥ് കോവിന്ദ് ഒരു മണിക്കൂറിലധികം പങ്കെടുക്കാറില്ല. ചുമതലേറ്റത് മുതല്‍ പിന്തുടരുന്ന പ്രോട്ടോക്കോളാണിത്. ഇക്കാര്യം ആഴ്ചകള്‍ക്ക് മുന്‍പ് വാര്‍ത്താ വിതരണ മന്ത്രാലയത്തെ അറിയിച്ചതാണെന്നും രാഷ്ട്രപതിയുടെ മാധ്യമ സെക്രട്ടറി അശോക് മാലിക് വിശദീകരിച്ചു. 

 പ്രതിഷേധക്കാരുമായി സ്മൃതി ഇറാനി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. മുഴുവന്‍ പുരസ്‌കാരങ്ങളും രാഷ്ട്രപതി നല്‍കണമെന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നു. ജൂറി അധ്യക്ഷന്‍ ശേഖര്‍ കപൂറിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയും വിഫലമായി. പുരസ്‌കാരം ബഹിഷ്‌കരിച്ചിട്ടില്ലെന്നും ചടങ്ങിനോട് മാത്രമാണ് എതിര്‍പ്പെന്നും അവര്‍ അറിയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.