കണക്കില്‍പ്പെടാത്ത ഒരു ലക്ഷം കോടിയുടെ പണമിടപാടുകള്‍

Friday 4 May 2018 2:24 am IST

ന്യൂദല്‍ഹി: ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം നടന്ന ഒരുലക്ഷം കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണമിടപാടുകള്‍ കണ്ടെത്തി. ആദായനികുതി വകുപ്പിന്റെ ഇന്റലിജന്‍സ് ഡയറക്ടറേറ്റും കുറ്റാന്വേഷണവിഭാഗവും രാജ്യത്തെ വിവിധ സഹകരണബാങ്കുകള്‍, ബാങ്കിങ്ങിതര ധനകാര്യസ്ഥാപനങ്ങള്‍, അംഗീകൃത ഡീലര്‍മാര്‍, ഫോറിന്‍ എക്‌സ്‌ചേഞ്ച് ഡീലര്‍മാര്‍, സബ് രജിസ്ട്രാര്‍ ഓഫീസുകള്‍, ജൂവലറികള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് കണക്കില്‍പ്പെടാത്ത വന്‍ പണമിടപാടുകള്‍ കണ്ടെത്തിയത്. 

2017-18 സാമ്പത്തികവര്‍ഷം നടന്ന മൂന്നുലക്ഷം ഇടപാടുകളിലായാണ് ഒരുലക്ഷം കോടിരൂപയുടെ കൈമാറ്റം നടന്നത്. 800 സ്ഥാപനങ്ങളില്‍ നടന്ന പരിശോധനയിലാണ് കണ്ടെത്തല്‍. ആദായനികുതി നിയമപ്രകാരം ഇത്തരം വന്‍കിട ധനയിടപാടുകള്‍  ആദായനികുതി വകുപ്പിനെ അറിയിക്കണം.

2016-17 സാമ്പത്തികവര്‍ഷത്തേക്കാള്‍ കണക്കില്‍പ്പെടാത്ത മൂന്നിരട്ടി  ഇടപാടുകളാണ് കണ്ടെത്തിയത്. തുകയുടെ കാര്യത്തില്‍ അഞ്ചിരട്ടിയാണ് വര്‍ധന. 2016-17 ല്‍ 16,240 കോടിയുടെ കണക്കില്‍പ്പെടാത്ത ഇടപാടുകളാണ് കണ്ടെത്തിയതെങ്കില്‍ ഇത്തവണ അത് 1.03 ലക്ഷം കോടിയായി ഉയര്‍ന്നു. ആദായനികുതി വകുപ്പിനെ അറിയിക്കാതെ നടത്തിയ ഇടപാടുകളില്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. നിശ്ചിതദിവസത്തിനുള്ളില്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കാത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും പിഴ ചുമത്താനുമാണ് ആദായനികുതി വകുപ്പിന്റെ തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.