ഇ.പി. ജയരാജന്റെ മകന്‍ കുന്നിടിച്ച് റിസോര്‍ട്ട് നിര്‍മ്മിക്കുന്നു

Friday 4 May 2018 2:48 am IST
ജയരാജന്റെ മകന്‍ പുതുശ്ശേരി കോറോത്ത് ജയ്‌സണ്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ സ്വകാര്യ കമ്പനിക്ക് വേണ്ടി റിസോര്‍ട്ട് നിര്‍മ്മിക്കാനാണ് മൊറാഴ ഉടുപ്പ് കുന്നിടിച്ച് നിരപ്പാക്കുന്നത്. ആയുര്‍വേദ റിസോര്‍ട്ടും ആശുപത്രിയും പണിയാന്‍ 10 ഏക്കര്‍ കുന്നാണ് ഇടിക്കുന്നത്. ജയരാജന്റെ മകനും വന്‍ വ്യവസായികളും ചേര്‍ന്നാണ് റിസോര്‍ട്ട് നിര്‍മ്മിക്കുന്നത്.

കണ്ണൂര്‍: സിപിഎം നേതാവും എംഎല്‍എയുമായ ഇ.പി. ജയരാജന്റെ മകന്റെ നേതൃത്വത്തിലുള്ള കമ്പനിയ്ക്കു വേണ്ടി  കുന്നിടിച്ച് നിരത്തി റിസോര്‍ട്ട് നിര്‍മ്മിക്കുന്നത് വിവാദത്തില്‍ 

ജയരാജന്റെ മകന്‍ പുതുശ്ശേരി കോറോത്ത് ജയ്‌സണ്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ സ്വകാര്യ കമ്പനിക്ക് വേണ്ടി റിസോര്‍ട്ട് നിര്‍മ്മിക്കാനാണ്   മൊറാഴ ഉടുപ്പ് കുന്നിടിച്ച് നിരപ്പാക്കുന്നത്. ആയുര്‍വേദ റിസോര്‍ട്ടും ആശുപത്രിയും പണിയാന്‍  10 ഏക്കര്‍  കുന്നാണ് ഇടിക്കുന്നത്.  ജയരാജന്റെ മകനും  വന്‍ വ്യവസായികളും ചേര്‍ന്നാണ് റിസോര്‍ട്ട് നിര്‍മ്മിക്കുന്നത്. സിപിഎം ഭരിക്കുന്ന ആന്തൂര്‍ നഗരസഭയാണ് അനുമതി നല്‍കിയത്. അനധികൃതമായി കുന്നിടിക്കാന്‍ സിപിഎം അംഗങ്ങള്‍ മാത്രമുളള നഗരസഭാ  അനുമതി നല്‍കുകയായിരുന്നു. 2016 ഒക്‌ടോബര്‍ 27നാണ് നഗരസഭ ബില്‍ഡിങ് പെര്‍മിറ്റിന് അനുമതി നല്‍കിയത്. ആന്തൂര്‍ നഗരസഭ രൂപീകരിച്ച് ഒരാഴ്ചയ്ക്കകം റിസോര്‍ട്ട് നിര്‍മ്മാണത്തിനുള്ള അനുമതി  നേടിയെടുത്തു.

 മൂന്നു കോടി മുടക്കില്‍ കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് റിസോര്‍ട്ടും ആശുപത്രി സമുച്ചയവും ആരംഭിക്കുന്നത്. ജയ്‌സണും വ്യവസായി കളത്തില്‍ പാറയില്‍ രമേഷ് കുമാറും ചേര്‍ന്ന് രൂപീകരിച്ചതാണ് കമ്പനി. ജയരാജന്റെ മകന്‍ കമ്പനിയുടെ ചെയര്‍മാനും രമേഷ് കുമാര്‍ മാനേജിംഗ് ഡയറക്ടറുമാണ്. 1000 രൂപയുടെ 2500 ഷെയറുകള്‍ ഉള്‍പ്പെടെ 25 ലക്ഷം രൂപയുടെ ഷെയറാണ് ജയരാജന്റെ മകന് കമ്പനിയില്‍ ഉള്ളത്.  കണ്ണൂരിലെ പ്രമുഖവ്യവസായി കൂടിയായ കാദിരി ഗ്രൂപ്പും കേന്ദ്രകമ്മിറ്റി അംഗത്തിന്റെ മകന്‍ പങ്കാളിയായ കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളാണ്. ഏഴുപേരാണ് കമ്പനി ഡയറക്ടര്‍മാര്‍.

 എംഎല്‍എയുടെ മകന്റെ നേതൃത്വത്തില്‍ നടക്കുന്ന കുന്നിടിക്കലിനെതിരെ പ്രതിഷേധം ശക്തമാണ്. വന്‍പാരിസ്ഥിതികാഘാതം ഉണ്ടാക്കുന്ന നിര്‍മാണപ്രവര്‍ത്തനത്തിനെതിരെ ശാസ്ത്രസാഹിത്യ പരിഷത്തും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. കളക്ടര്‍ തളിപ്പറമ്പ് തഹസില്‍ദാരോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാരിസ്ഥിതികാഘാതം പഠിക്കാന്‍ ജിയോളജി വകുപ്പിനെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.