കേന്ദ്ര വനം-പരിസ്ഥിതി സംഘം കീഴാറ്റൂര്‍ സന്ദര്‍ശിച്ചു

Friday 4 May 2018 2:49 am IST
ബെംഗളൂരു മേഖലാ ഓഫീസര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തിലുളള മൂന്നംഗ സംഘം രാവിലെ പതിനൊന്നോടെ കീഴാറ്റൂര്‍ വയലിലെത്തി. വയല്‍ക്കിളികളുമായും ഐക്യദാര്‍ഢ്യസമിതി ഭാരവാഹികളുമായും ചര്‍ച്ചകള്‍ നടത്തി, നിവേദനങ്ങള്‍ സ്വീകരിച്ചു.
"കീഴാറ്റൂരില്‍ കേന്ദ്ര വനം-പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു"

കണ്ണൂര്‍: വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്ന കീഴാറ്റൂര്‍ കേന്ദ്ര പരിസ്ഥിതി സംഘം സന്ദര്‍ശിച്ചു.  വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ സമരം നടക്കുന്ന ഇവിടെ കേന്ദ്ര വനം-പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയ ഉദ്യോഗസ്ഥരാണ്  പരിശോധനയ്ക്ക് എത്തിയത്.  

ബെംഗളൂരു മേഖലാ ഓഫീസര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തിലുളള മൂന്നംഗ സംഘം  രാവിലെ പതിനൊന്നോടെ കീഴാറ്റൂര്‍ വയലിലെത്തി. വയല്‍ക്കിളികളുമായും ഐക്യദാര്‍ഢ്യസമിതി ഭാരവാഹികളുമായും ചര്‍ച്ചകള്‍ നടത്തി,  നിവേദനങ്ങള്‍ സ്വീകരിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്തും നാട്ടുകാരുടെ പ്രതിനിധികളും ഇവര്‍ക്ക് നിവേദനങ്ങള്‍ നല്‍കി,  തങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിച്ചു.  നിര്‍മ്മല്‍ പ്രസാദ്, എം.എസ്.ഷീബ എന്നിവരാണ് സംഘത്തിലെ മറ്റുള്ളവര്‍.   സമരനായകന്‍ സുരേഷ് കീഴാറ്റൂരടക്കമുളള  വയല്‍ക്കിളി പ്രവര്‍ത്തകരുടെ പരാതികള്‍ ചോദിച്ചറിഞ്ഞു. 

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, പി.കെ.വേലായുധന്‍, പി.ബാലകൃഷ്ണന്‍, ബിജെപി പരിസ്ഥിതി സെല്‍ ഭാരവാഹി ഇന്ദുചൂഡന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘത്തില്‍ നിന്നും പരിസ്ഥിതി സംഘം അരമണിക്കൂറോളം തെളിവെടുപ്പ് നടത്തി.

കുമ്മനം രാജശേഖരനും വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരും കേന്ദ്ര സര്‍ക്കാരിന് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേന്ദ്ര സംഘമെത്തിയത്.  കേന്ദ്ര സംഘത്തില്‍ വിശ്വാസമര്‍പ്പിക്കുകയാണെന്ന് വയല്‍ക്കിളികള്‍ പറഞ്ഞു. കേന്ദ്ര സംഘം ദേശീയപാത അതോറിറ്റി, കൃഷി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുമായും  ഇന്ന് കൂടിക്കാഴ്ച നടത്തും. ബിജെപി സംസ്ഥാന പരിസ്ഥിതിസെല്‍ കണ്‍വീനര്‍ സി.എം.ജോയി, ജോയിന്റ് കണ്‍വീനര്‍ ഡോ.ഇന്ദുചൂഡന്‍ എന്നിവരും ഡെപ്യൂട്ടി കളക്ടര്‍ മാവില നളിനിയുടെ നേതൃത്വത്തില്‍ റവന്യൂ-കൃഷി വകുപ്പുകളിലെയും ദേശീയപാത വിഭാഗത്തിലെ ഉദ്യോഗസ്ഥരും ഇന്നലെ കീഴാറ്റൂരിലെത്തിയിരുന്നു. ഇന്നും കീഴാറ്റൂരില്‍ പരിസ്ഥിതി മന്ത്രാലയം പ്രതിനിധികള്‍ തെളിവെടുപ്പ് നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.