അമിത ചാര്‍ജ്ജ് വര്‍ദ്ധന: മാഹിയില്‍ ബിജെപി ബസ്സുകള്‍ തടഞ്ഞു

Thursday 3 May 2018 9:30 pm IST

 

മാഹി: എംഎല്‍എയുടെ സാന്നിധ്യത്തില്‍ സര്‍വ്വകക്ഷി യോഗത്തിലുണ്ടാക്കിയ ധാരണക്ക് വിരുദ്ധമായി മാഹിയില്‍ ബസ്ചാര്‍ജ്ജ് കുത്തനെ വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി ബസ്സുകള്‍ തടഞ്ഞു. നേരത്തെ മാഹിയില്‍ മിനിമം ചാര്‍ജ്ജ് ആറ് രൂപയായിരുന്നു. മൂന്ന് സ്റ്റേജാണ് നിലവിലുണ്ടായിരുന്നത്. എന്നാല്‍ ഒന്നു മുതല്‍ സ്റ്റേജുകളുടെ എണ്ണം നാലാക്കുകയും ചാര്‍ജ്ജ് കൂത്തനെ കൂട്ടുകയുമാണ് ചെയ്തത്. പോണ്ടിച്ചേരി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റ നാല് ബസ്സുകളും കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള നാല് ബസ്സുകളുമാണ് മാഹിയുടെ വിവിധ ഭാഗങ്ങളില്‍ സര്‍വ്വീസ് നടത്തിയിരുന്നത്. 

കേരളത്തെ അപേക്ഷിച്ച് ടാക്‌സും ഇന്ധനവിലയും മാഹിയില്‍ ഗണ്യമായി കുറവുണ്ട്. എന്നിട്ടും യാത്രക്കാര്‍ക്ക് ഇതിന്റ ആനുകൂല്യങ്ങള്‍ നല്‍കാതെ ബസ് ചാര്‍ജ്ജ് കൂട്ടിയതില്‍ പ്രതിഷേധിച്ചായിരുന്നു ബിജെപി സമരവുമായി രംഗത്തെത്തിയത്. സര്‍വ്വകക്ഷി യോഗ തീരുമാനപ്രകാരം മിനിമം ചാര്‍ജ്ജ് ആറില്‍നിന്ന് ഏഴാക്കാനും ഏഴ് ഒമ്പതാക്കാനും ഒമ്പത് പതിനൊന്നാക്കാനുമായിരുന്നു തീരുമാനം. എന്നാല്‍ മെയ് 1 മുതല്‍ മൂന്ന് സ്റ്റേജിന് പകരം നാല് സ്റ്റേജാക്കുകയും മിനിമം ചാര്‍ജ്ജിന് ദൂരം കുറക്കുകയും ഏഴ് രൂപ ചാര്‍ജ്ജ് പതിനൊന്നാക്കി മാറ്റുകയും ഒമ്പത് പതിമൂന്നാക്കി മാറ്റുകയുമായിരുന്നു. ബസ്ചാര്‍ജ്ജ് വര്‍ദ്ധനവ് മാഹിയിലെ ഭരണാധികാരികളെ അറിയിക്കാതെയാണ് നടത്തിയതെന്നും പരാതിയുണ്ട്. ഇതേതുടര്‍ന്നാണ് ബിജെപി ബസ് തടഞ്ഞത്.

ഇന്നലെ എംഎല്‍എയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത യോഗതീരുമാനപ്രകാരം നേരത്തെ സര്‍വ്വകക്ഷിയോഗം തീരുമാനിച്ച ചാര്‍ജ്ജ് നടപ്പിലാക്കാനും സ്റ്റേജ് വര്‍ദ്ധനവും മറ്റും ഉപേക്ഷിക്കാനും തീരുമാനമായതിനെതുടര്‍ന്നാണ് സമരം അവസാനിച്ചത്. മാഹി അഡ്മിനിസ്‌ട്രേറ്ററുടെ ചുമതലയുള്ള മുനിസിപ്പല്‍ കമ്മീഷണര്‍ അമല്‍ ശര്‍മ്മ, ഡോ.വി.രാമചന്ദ്രന്‍ എംഎല്‍എ, ബിജെപി നേതാക്കളായ സത്യന്‍ ചാലക്കര, വിജയന്‍ പൂവച്ചേരി, ആഞ്ജനേയന്‍ എന്നിവരെ കൂടാതെ വടക്കന്‍ ജനാര്‍ദ്ദനന്‍, കെ.പി.സുനില്‍കുമാര്‍ (സിപിഎം), സത്യന്‍ കേളോത്ത്, കെ.മോഹനന്‍ (കോണ്‍ഗ്രസ്), ഉണ്ണിമാസ്റ്റര്‍ (സിപിഐ) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.