പിണറായി കുട്ടക്കൊല: എലിവിഷ വില്‍പ്പനക്കെതിരെ നടപടി വരുന്നു

Thursday 3 May 2018 9:32 pm IST

 

തലശ്ശേരി: എലിവിഷവും മൂട്ട മരുന്നുമെല്ലാം പല കടകളിലും സുലഭമായി വില്‍പ്പന വസ്തുക്കളായിരുന്നെങ്കിലും ഇനി അവയ്ക്കും ഡിമാന്റ് വരുന്നു. ഇവ സാധാരണ വിഷവില്ലന്മാരാണെങ്കിലും സാധാരണക്കാര്‍ ഇവയെ ഗൗനിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ പഴയത് പോലെയല്ല. മാതാപിതാക്കളെയും മകളെയും ആരുമറിയാതെ ഇഞ്ചിഞ്ചായി കൊല്ലാന്‍ ഭക്ഷണത്തില്‍ എലിവിഷം കലര്‍ത്തിയാണ് നല്‍കിയതെന്ന പിണറായി പടന്നക്കര കൂട്ടക്കൊലക്കേസ് പ്രതിയായ സൗമ്യ പോലീസിനോട് കുറ്റസമ്മതം നടത്തിയതോടെ എലിവിഷത്തിന് മുന്‍പില്ലാത്ത ഒരു തരം ക്രൂരമുഖം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. 

നേരത്തെ സ്‌റ്റേഷനറി അനാദികടകളില്‍ ഇഷ്ടം പോലെ കിട്ടുമായിരുന്ന വിഷ മരുന്നുകള്‍ ഇപ്പോള്‍ കാണാമറയത്തേക്ക് ഉള്‍വലിഞ്ഞു കഴിഞ്ഞു. അലൂമിനിയം ഫോസ്‌ഫേഡ് എന്ന മാരക രാസവസ്തുവാണ് എലിവിഷത്തില്‍ അടങ്ങിയിട്ടുള്ളത്. ഇതിന്റെ വില്‍പ്പനക്ക് സര്‍ക്കാരിന്റെ നിയന്ത്രണമുണ്ട്. കീടനാശിനി ഗണത്തില്‍പ്പെട്ട ഇവ വില്‍ക്കാന്‍ കൃഷിഭവനില്‍ നിന്നുള്ള ലൈസന്‍സ് വേണമെന്നാണ് വ്യവസ്ഥ. അനധികൃതമായി എലിവിഷം വിറ്റാല്‍ അത്തരം കടകള്‍ പൂട്ടി സീല്‍ ചെയ്യാന്‍ പോലീസിനും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ക്കും അധികാരമുണ്ട്. ലൈസന്‍സുള്ള മൊത്തക്കച്ചവടക്കാര്‍ മാത്രമേ ഇത് കൈകാര്യം ചെയ്യാന്‍ പാടുള്ളൂ. ഇവരില്‍ നിന്നും വാങ്ങുന്ന ചെറുകിട വ്യാപാര സ്ഥാപനങ്ങളുടെ പേരും വിവരങ്ങളും വിശദാംശങ്ങളും രജിസ്റ്റര്‍ വച്ച് സൂക്ഷിക്കണമെന്നുമുണ്ട്. എന്നാല്‍ പെരുകി വരുന്ന എലികളെ വകവരുത്താന്‍ ആവശ്യക്കാര്‍ ഏറിയതോടെ നാട്ടിലെ കടകളിലെല്ലാം എലിവിഷപാക്കറ്റുകള്‍ ഇഷ്ടം പോലെ കിട്ടുമായിരുന്നു. പിണറായി സൗമ്യയിലൂടെ എലിവിഷം സംസ്ഥാന ചര്‍ച്ചാ വിഷയമായതോടെയാണ് ഇവയ്‌ക്കെതിരെ നടപടി എടുക്കാന്‍ അധികൃതര്‍ തയ്യാര്‍ എടുക്കുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.