അവര്‍ വന്നില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നേനെ...

Friday 4 May 2018 3:04 am IST

കോഴിക്കോട്: അവര്‍ ഞങ്ങളെ സഹായിക്കാന്‍ വന്നില്ലായിരുന്നെങ്കില്‍ ഞങ്ങളുടെ കുടുംബത്തിന് ആത്മഹത്യ ചെയ്യേണ്ടി വന്നേനെ... സിപിഎമ്മുകാരുടെ ചവിട്ടേറ്റ് ഗര്‍ഭസ്ഥശിശു കൊല്ലപ്പെട്ട സംഭവത്തിലെ അമ്മ കോടഞ്ചേരി വേളാങ്കോട്  ജ്യോത്സ്‌ന കണ്ണീരോടെ പറഞ്ഞു. 

ജ്യോത്സ്‌നക്കും ജീവിക്കണം എന്ന മുദ്രാവാക്യവുമായി സിപിഎം അക്രമത്തിനെതിരെ ബിജെപി സംഘടിപ്പിക്കുന്ന പ്രതിരോധയാത്രയുടെ ഉദ്ഘാടന വേദിയിലാണ് ജ്യോത്സ്‌നയുടെ വാക്കുകള്‍. ഇന്ന് എനിക്ക് നിവര്‍ന്ന് നില്‍ക്കാന്‍ കഴിയുന്നത് ബിജെപി സഹോദരന്മാരുടെ പിന്തുണ കൊണ്ടാണ്. സിപിഎമ്മുകാര്‍ പല കള്ളക്കഥകളും പ്രചരിപ്പിക്കുന്നുണ്ട്. അത് ഞാന്‍ കാര്യമാക്കുന്നില്ല. ബിജെപിക്കാര്‍ കെട്ടിച്ചമച്ച കഥയാണ് ഇതെന്ന് അവര്‍ പറയുന്നു. ജനുവരി 28ന് ഉണ്ടായ സംഭവത്തില്‍ ഫെബ്രുവരി 14ന് പോലീസ് സ്റ്റേഷന് മുമ്പില്‍ സത്യഗ്രഹ സമരം നടത്തുമ്പോഴാണ് ബിജെപി ഇതില്‍ ഇടപെട്ടത്. ബിജെപിക്ക് കള്ളക്കഥയുണ്ടാക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. 

ഒരമ്മയ്ക്കും ഇതുപോലൊരു ഗതിയുണ്ടാവരുത് എന്ന ആഗ്രഹമാണ് എനിക്കുള്ളത്. പണം വാങ്ങി ഒത്തുതീര്‍പ്പിലെത്തണമെന്ന് സിപിഎം എന്നോട് നിര്‍ബന്ധിച്ചിരുന്നു. കോടികള്‍ തന്നാലും കേസില്‍ നിന്ന് പിന്നോട്ട് പോവാന്‍ തയാറല്ല. ഒരമ്മയ്ക്കും ഇതുപോലൊരു ദുരന്തത്തില്‍ തന്റെ കുഞ്ഞിനെ നഷ്ടപ്പെടരുത്. ഇപ്പോഴുള്ള അന്വേഷണം തൃപ്തികരമല്ല. സത്യസന്ധമായി അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ നിയോഗിച്ചില്ലെങ്കില്‍ നീതി കിട്ടില്ല. 

ഒരു സ്ത്രീക്കും പെരുവഴിയിലും പോലീസ് സ്റ്റേഷനിലും ഇങ്ങനെ നില്‍ക്കേണ്ടി വരരുത് എന്ന ആഗ്രഹത്താലാണ് ഞാന്‍ പിടിച്ചുനില്‍ക്കുന്നത്, ജ്യോത്സ്‌ന പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.