തമിഴ് ഉദ്യോഗാര്‍ത്ഥികള്‍ സമരത്തിന്

Friday 4 May 2018 3:09 am IST

കുമളി (ഇടുക്കി): കഴിഞ്ഞ വര്‍ഷം കേരള പിഎസ്‌സി ഇടുക്കി ജില്ലയില്‍ നടത്തിയ എല്‍ഡി ക്ലാര്‍ക്ക് പരീക്ഷയിലെ ചോദ്യ പേപ്പറില്‍ ഉണ്ടായ പിഴവ് പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് തമിഴ് വിഭാഗത്തില്‍ പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ സമരത്തിന്്. 2017 ജൂലായ് 29നാണ് പരീക്ഷ നടത്തിയത്. 

പരീക്ഷാ സമയത്ത് തമിഴ് മാധ്യമമായി പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത ചോദ്യ പേപ്പറില്‍ 23 ചോദ്യങ്ങള്‍ തെറ്റായിരുന്നു എന്നാണ് ഹര്‍ജിക്കാരുടെ വാദം. മലയാള ചോദ്യ പേപ്പറുമായി താരതമ്യം ചെയ്യുമ്പോള്‍ കൃത്യമായി ഉത്തരമില്ലാത്തവയും ചോദ്യങ്ങളില്‍ വ്യക്തതയില്ലാത്തതുമായിരുന്നു ഇവയില്‍ പലതും. മലയാളത്തില്‍ നിന്ന് തമിഴിലേക്ക് മൊഴിമാറ്റിയപ്പോള്‍ ഉണ്ടായ പിഴവാണ് ഇതിനു കാരണം.

ഔദ്യോഗികമായി ഉത്തരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയപ്പോള്‍ തമിഴ് ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലുകള്‍ വഴി പിഎസ്‌സിയെ ഇതുമായി ബന്ധപ്പെട്ട് പരാതി അറിയിച്ചു. നടപടിയെടുക്കാത്തതിനെത്തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ ഹര്‍ജി നല്‍കി. കോടതി ഉത്തരവിനെ തുടര്‍ന്ന് വിദഗ്ധ സമിതിയെ നിയോഗിക്കാമെന്ന് പിഎസ്‌സി സമ്മതിക്കുകയും ചെയ്തു. 

പിഎസ്‌സി നിയോഗിച്ച വിദഗ്ധ സമിതി ഇവയില്‍ രണ്ട് ചോദ്യങ്ങള്‍ മാത്രം ഒഴിവാക്കി. വസ്തുതാവിരുദ്ധമായ ചോദ്യങ്ങളും ഉത്തരങ്ങളും ഉള്‍പ്പെടുത്തി എങ്ങനെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ കഴിയുമെന്ന് കോടതി ആരാഞ്ഞപ്പോള്‍ വീണ്ടും വിദഗ്ധ സമിതിയെ പിഎസ്‌സി നിയോഗിച്ചു. അവര്‍ രണ്ട് ചോദ്യങ്ങള്‍ കൂടി ഒഴിവാക്കി. ഇതിന് മുന്‍പു തന്നെ ഇതേ ചോദ്യപേപ്പര്‍ ഉപയോഗിച്ച് പരീക്ഷയെഴുതിയ കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് പിഎസ്‌സി നിയമന നടപടികള്‍ ആരംഭിച്ചു. 

74000ത്തോളം പേര്‍ മലയാളത്തിലും 536 പേര്‍ തമിഴിലുമാണ് ഇടുക്കിയില്‍ പരീക്ഷ എഴുതിയത്. തമിഴില്‍ പരീക്ഷ എഴുതിയ മൂന്ന് പേര്‍ പ്രധാന ലിസ്റ്റിലും 12 പേര്‍ സപ്ലിമെന്ററി ലിസ്റ്റിലും കടന്നു. 

അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായ പിഴവുകള്‍ തിരുത്താന്‍ തയ്യാറായിരുന്നെങ്കില്‍ തങ്ങളില്‍ കൂടുതല്‍ പേര്‍ ജോലിക്ക് അര്‍ഹത നേടുമായിരുന്നുവെന്ന് കുമളിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.