'ആദര്‍ശത്തിന്റെ ആള്‍രൂപങ്ങള്‍'

Friday 4 May 2018 3:11 am IST

'ആദര്‍ശത്തിന്റെ ആള്‍രൂപ'ത്തെ ആദ്യം കണ്ടപ്പോള്‍ എന്തു ഭംഗിയായിരുന്നു! ആവര്‍ത്തനം കൊണ്ട് ആള്‍രൂപം അതി വികൃതമായി. എവിടെയും എപ്പോഴും ഈ രൂപം കടന്നുവരാം. 

പ്രമുഖരുടെ ചരമവാര്‍ത്തകളിലും അനുസ്മരണങ്ങളിലും 'ആള്‍രൂപ'മൊന്നെങ്കിലും ഉണ്ടാകും. 'ആദര്‍ശത്തിന്റെ ആള്‍രൂപ'മായിരുന്നു അദ്ദേഹം. ആദര്‍ശത്തിന് ഇത്രയേറെ ആള്‍രൂപങ്ങള്‍ കേരളത്തിലേ കാണൂ! സഹിഷ്ണുതയ്ക്കും സേവന സന്നദ്ധതയ്ക്കും സമരവീര്യത്തിനുമെല്ലാം ആള്‍രൂപങ്ങളുണ്ട്. അഴിമതിക്കും അക്രമത്തിനും അവസരവാദ രാഷ്ട്രീയത്തിനും ഒറ്റ ആള്‍രൂപം പോലുമില്ല! അതും കേരളത്തിന്റെ ഭാഗ്യം !

പത്രക്കാര്‍ മാത്രമല്ല, രാഷ്ട്രീയനേതാക്കളടക്കമുള്ള പ്രാസംഗികരും ആള്‍രൂപത്തിന്റെ ആരാധകരാണ്. ആവര്‍ത്തന വിരസതയെ അകറ്റാനാകാം, ചിലര്‍ ആള്‍രൂപത്തിന്റെ 'പരിഷ്‌കൃത രൂപങ്ങള്‍' അവതരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. 

''നവതി പിന്നിട്ട നമ്മുടെ പ്രിയ നേതാവിനെ ആദരിക്കുന്നതിനാണ് നാമിവിടെ കൂടിയിരിക്കുന്നത്. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ ഈ 'വയോധികരൂപ'ത്തിന് എന്റെ പ്രണാമം''. 

പ്രായമനുസരിച്ച് ഇങ്ങനെ രൂപം മാറ്റാം! പഠനമികവിന്റെ കൗമാരരൂപമായ, ഊര്‍ജ്ജസ്വലതയുടെ യുവരൂപമായ, ഉത്തമമായ പൊതുബോധത്തിന്റെ മധ്യവയസ്‌കരൂപമായ, നിസ്വാര്‍ത്ഥസേവനത്തിന്റെ വാര്‍ദ്ധക്യരൂപമായ... 

ഒരാള്‍ അനുശോചിച്ചത് ഇങ്ങനെ:

''കര്‍മ്മധീരതയുടെ ആ മൃതദേഹരൂപം കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞുപോയി !''

പരിഷ്‌കൃത രൂപങ്ങള്‍ വേറെയുമുണ്ട്. 

''സേവന സന്നദ്ധതയുടെ 'ആള്‍രൂപ'മായ നമ്മുടെ പ്രിയസഹോദരിക്ക് പുരസ്‌കാരം നല്‍കുന്നതിന് മുഖ്യാതിഥിയെ ക്ഷണിച്ചു കൊള്ളുന്നു''. പേടിക്കേണ്ട കക്ഷി ആള്‍രൂപത്തിന്റെ സ്ത്രീലിംഗം പ്രയോഗിച്ചതാണ് ! അതറിഞ്ഞപ്പോള്‍, 'ആള്‍രൂപിണി'യാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. 'ആള്‍രൂപവതി'യാണെങ്കില്‍ സൗന്ദര്യമേറുമെന്ന് വേറൊരു കൂട്ടര്‍. 

സ്‌റ്റേജില്‍ നിന്ന്:

''ഈ നൃത്തോത്സവം ഉദ്ഘാടനം ചെയ്യാന്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുള്ളത് നര്‍ത്തനകലയുടെ 'അരരൂപ'മായ കുമാരി...യാണ്''. 

ഗാന്ധിജിയെ ഇക്കൂട്ടര്‍ ആദര്‍ശത്തിന്റെ 'അര്‍ദ്ധനഗ്നരൂപ'മാക്കിയാലും ഖേദിക്കാനില്ല !

ആള്‍രൂപങ്ങള്‍ അരങ്ങുവാണുകൊള്ളട്ടെ. പക്ഷി മൃഗാദികളുടെ രൂപങ്ങള്‍ക്ക്. ചെറിയ സംവരണം ഏര്‍പ്പെടുത്തണമെന്നോരപേക്ഷയുണ്ട്. ചില മാതൃകകള്‍:

''തലയെടുപ്പിന്റെ 'ഗജരൂപ'മായ പത്തനംതിട്ട രാജുവിന് ആരാധകരുടെ ആദരം''. 

''ചാളയ്ക്ക് കടുത്ത ക്ഷാമം. സ്വാദിന്റെയും സമൃദ്ധിയുടെയും ഈ 'മത്സ്യരൂപം'...

''കൈസര്‍ ഇനി കുരയ്ക്കുന്ന ഓര്‍മ്മ. ചുറുചുറുക്കിന്റെയും പണംപിടിക്കല്‍ ശേഷിയുടെയും 'നായരൂപ'മായ കൈസര്‍ പോലീസ് സംഘത്തിനൊപ്പം സഞ്ചരിക്കേയാണ്, ജീപ്പില്‍ കുഴഞ്ഞുവീണത്''. 

''ശാന്തിയുടെയും സമാധാനത്തിന്റെയും 'പക്ഷിരൂപ'മായ പ്രാവുകളോടും സാമൂഹിക വിരുദ്ധരുടെ ക്രൂരത''. 

ആള്‍രൂപങ്ങളെപ്പോലെ ശല്യക്കാരാണ് 'തേടിയെത്തുന്ന അവാര്‍ഡു'കളും. ചരമറിപ്പോര്‍ട്ടുകളിലോ അനുസ്മരണങ്ങളിലോ അനുമോദന കുറിപ്പുകളിലോ 'അവാര്‍ഡ് കിട്ടി'യവരെ കാണിക്കില്ല. അവാര്‍ഡുകള്‍ എല്ലാവരെയും 'തേടിയെത്തിയിട്ടേ'യുള്ളു !

''ഇരുപതാം വയസ്സില്‍ത്തന്നെ ആദ്യ അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തി''. 

ചിലര്‍ ജീവിച്ചിരിക്കുന്നു എന്നറിയുന്നതുതന്നെ എന്തെങ്കിലും അവാര്‍ഡ് അവരെ തേടിയെത്തുമ്പോഴാണ് ! പലര്‍ക്കും മേല്‍വിലാസമില്ലാത്തുകൊണ്ടാവാം, അവാര്‍ഡുകള്‍ അവരെ തേടി നടക്കുന്നത്. ചില അവാര്‍ഡുകള്‍ക്ക് ആളെ തേടിത്തേടി അലയേണ്ടിവരും!

ആളെത്തേടിയിറങ്ങുന്ന അവാര്‍ഡുകളെ 'അജ്ഞാതര്‍' തട്ടിക്കൊണ്ടുപോകുന്നതും കേരളത്തില്‍ സാധാരണമാണ്. 

ടി.വി അഭിമുഖത്തില്‍ കേട്ടത്:

''എന്നാണ്  ആദ്യത്തെ അവാര്‍ഡ് അങ്ങയെ തേടിയെത്തിയത്?''

ചോദ്യക്കടലാസില്‍ നിന്ന്:

''ഇത്തവണ കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് തേടിയെത്തിയതാരെ?''

അനുമോദനയോഗത്തിലെ പ്രസംഗത്തില്‍ നിന്ന്:

''ഇനിയും ഇനിയും അവാര്‍ഡുകളും ബഹുമതികളും അദ്ദേഹത്തെ തേടിത്തേടിയെത്തുമെന്ന് എനിക്കുറപ്പുണ്ട്.''

പിന്‍കുറിപ്പ് :

സുഹൃത്ത്: ''എന്താ ഈയിടെയായി പുറത്തിറങ്ങാറില്ലേ?''

എഴുത്തുകാരന്‍: ''ഇല്ല. ഒരവാര്‍ഡ് എന്നെത്തേടിയിറങ്ങിട്ടുണ്ടെന്നറിഞ്ഞു. എത്തുമ്പോള്‍ വീട്ടില്‍തന്നെ ഉണ്ടാകണമല്ലോ.''

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.