ഇനി ഉറങ്ങിയാല്‍ നമുക്ക് നദികള്‍ ഉണ്ടാവില്ല

Friday 4 May 2018 3:18 am IST
അപ്പര്‍ ഭവാനിയിലെ ജലസംഭരണിയില്‍ നിന്ന് കേരളത്തിലേയ്ക്ക് വരുന്ന ജലം പമ്പുചെയ്ത് തമിഴ്‌നാട്ടിലേക്കു തന്നെ കൊണ്ടുപോവുകയാണ് ലക്ഷ്യമെങ്കില്‍ അതിനര്‍ത്ഥം കേരളത്തെ സംബന്ധിച്ച് ഭവാനിപ്പുഴതന്നെ ഇല്ലാതാവുക എന്നതാണ്. മുല്ലപ്പെരിയാറില്‍ കാലങ്ങളായി കലഹത്തിന് കാരണമാകാറുള്ള ജലമോഷണം ഇവിടെ നദീമോഷണമായി മാറും. തങ്ങളുടെ നാട്ടില്‍നിന്ന് പുറപ്പെടുന്ന നദിയിലെ ജലം തങ്ങള്‍ക്കുമാത്രം അവകാശപ്പെട്ടതാണെന്ന ചിന്ത അപകടത്തിലേക്കുള്ള പോക്കാണ്. അത് വളര്‍ന്നാല്‍ ഇന്ത്യയില്‍ പല സംസ്ഥാനങ്ങളും മരുഭൂമിയായെന്നു വരും.

ട്ടപ്പാടിയില്‍ ഭവാനിപ്പുഴയിലെ ജലം ഊറ്റാന്‍ തമിഴ്‌നാട് രഹസ്യമായി നിര്‍മ്മിക്കുന്ന തുരങ്കം കേരളത്തെ ബാധിക്കുന്നത് പലതരത്തിലായിരിക്കും. 

കേവലം വെള്ളത്തിന്റെ നഷ്ടത്തില്‍ അത് ഒതുങ്ങില്ല.  തമിഴ്‌നാട്ടില്‍ ഉത്ഭവിച്ച് കേരളത്തിലൂടെ ഒഴുകി തമിഴ്‌നാട്ടില്‍ത്തന്നെ പ്രവേശിക്കുന്ന നദിയാണ് ഭവാനി. തങ്ങളുടെ വെള്ളം തങ്ങള്‍ക്കുതന്നെ വേണമെന്ന പിടിവാശിയായിരിക്കാം തമിഴ്‌നാടിന്റെ നടപടിക്ക് പിന്നില്‍. ഇരുചെവിയറിയാതെ അത് സമര്‍ത്ഥമായി കടത്തിക്കൊണ്ടുപോകാനുള്ള നീക്കം വിജയിച്ചാല്‍ അട്ടപ്പാടി ദാഹിച്ചുവരളും. തമിഴ്‌നാട്ടിലെ മുക്കുര്‍ത്തിയില്‍ ആരംഭിക്കുന്ന നദി അട്ടപ്പാടിയിലൂടെ 30 കിലോമീറ്റര്‍ സഞ്ചരിച്ചാണ് തിരിച്ചുപോകുന്നത്. ആദിവാസി ഊരുകളുടെ കുടിവെള്ളം മുട്ടിക്കുന്ന പദ്ധതിയാണ് തുരങ്കത്തിന്റെ രൂപത്തില്‍ ഒരുങ്ങിവരുന്നത്. സൈലന്റ്‌വാലി ദേശീയോദ്യാനവും ദാഹിച്ചുവരളും. ചുട്ടുപൊള്ളുന്ന പാലക്കാട് ഒന്നുകൂടി പൊള്ളും. അട്ടപ്പാടിയിലെ കാര്‍ഷിക മേഖലയേയും ഇത് ബാധിക്കും. ചുരുക്കത്തില്‍ മനുഷ്യരേയും മൃഗങ്ങളേയും പ്രകൃതിയേയും ഒരുപോലെ ബാധിക്കും ഈ നടപടി. 

അപ്പര്‍ ഭവാനിയിലെ ജലസംഭരണിയില്‍ നിന്ന് കേരളത്തിലേയ്ക്ക് വരുന്ന ജലം പമ്പുചെയ്ത് തമിഴ്‌നാട്ടിലേക്കു തന്നെ കൊണ്ടുപോവുകയാണ് ലക്ഷ്യമെങ്കില്‍ അതിനര്‍ത്ഥം കേരളത്തെ സംബന്ധിച്ച് ഭവാനിപ്പുഴതന്നെ ഇല്ലാതാവുക എന്നതാണ്. മുല്ലപ്പെരിയാറില്‍ കാലങ്ങളായി കലഹത്തിന് കാരണമാകാറുള്ള ജലമോഷണം ഇവിടെ നദീമോഷണമായി മാറും. തങ്ങളുടെ നാട്ടില്‍നിന്ന് പുറപ്പെടുന്ന നദിയിലെ ജലം തങ്ങള്‍ക്കുമാത്രം അവകാശപ്പെട്ടതാണെന്ന ചിന്ത അപകടത്തിലേക്കുള്ള പോക്കാണ്. അത് വളര്‍ന്നാല്‍ ഇന്ത്യയില്‍ പല സംസ്ഥാനങ്ങളും മരുഭൂമിയായെന്നു വരും. 

ഇവിടെ, കേരളത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നവര്‍ വിശദീകരിക്കേണ്ട ചില കാര്യങ്ങളുണ്ട്. രണ്ടുവര്‍ഷമായി നടക്കുന്ന തുരങ്ക നിര്‍മ്മാണം ആറ് കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയിട്ടും കേരളം അറിയാതെപോയത് എങ്ങനെയാണ്?  നമുക്കുമുണ്ടല്ലോ ഭരണസംവിധാനവും ഉദ്യോഗസ്ഥരും. അവര്‍ക്കും കണ്ണും കാതും ഉണ്ടല്ലോ. മാവോയിസ്റ്റ് ഭീഷണിയുടെ പേരില്‍ തമിഴ്‌നാട് അവിടെ ചെക്കുപോസ്റ്റുകള്‍ നിര്‍മ്മിച്ചതും നമ്മള്‍ ശ്രദ്ധിച്ചില്ല. മാവോയിസ്റ്റുകളുടെ പേരില്‍ അങ്ങോട്ടുള്ള യാത്രയ്ക്കും വിലക്ക് ഏര്‍പ്പെടുത്തി. തുരങ്കനിര്‍മ്മാണം ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ തന്ത്രപൂര്‍വം അവര്‍ നടപ്പാക്കിയതാവാം ഇത്. വെള്ളം എന്നും തമിഴ്‌നാടിന് ബലഹീനതതന്നെയാണ്. അത് ലഭ്യമാകാന്‍ അവര്‍ ആവും വിധം ശ്രമിച്ചുകൊണ്ടിരിക്കും. ആ വെള്ളം എങ്ങനെ, എന്തിന് ഉപയോഗിക്കണം എന്ന കാര്യത്തില്‍വരെ വ്യക്തമായ ധാരണയുമുണ്ട്. നാടിന്റെയും നാട്ടുകാരുടേയും കാര്യത്തില്‍ അവര്‍ രാഷ്ട്രീയ, ജാതിമത വ്യത്യാസമില്ലാതെ ഒരുമിച്ച് നില്‍ക്കുകയും ചെയ്യും. അതിന് അവരെ പഴിക്കുന്നതില്‍ കാര്യമില്ല. നമുക്ക് ആ കൂട്ടായ ചിന്തയും സഹകരണബോധവും ഇല്ലാതെ പോയത് അവരുടെ കുറ്റമല്ലല്ലോ. 

പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വ്യക്തമായ ധാരണയോ ദീര്‍ഘവീക്ഷണമോ ആത്മാര്‍ഥമായ സമീപനമോ നടപടികളില്‍ തുടര്‍ച്ചയോ ഇല്ലാത്തതാണ് കേരളത്തിന്റെ ശരിയായ പ്രശ്‌നം. സര്‍ക്കാര്‍ മാറിമാറി വരുന്ന കേരളത്തില്‍ നടപടിക്രമത്തില്‍ എങ്ങനെ തുടര്‍ച്ചയുണ്ടാവും? ഉദ്യോഗസ്ഥരുടെ സ്വാര്‍ഥ താത്പര്യങ്ങള്‍ തമിഴ്‌നാടിന് സഹായകമാവുകയും ചെയ്യും. അവരുടെ നീക്കങ്ങള്‍ അറിയാന്‍ നമുക്ക് കഴിയുന്നില്ലെന്നതിനൊപ്പം, നമ്മുടെ ഓരോ ചലനവും തമിഴ്‌നാടിന് ലഭിക്കാന്‍ നമ്മുടെ സംവിധാനം തന്നെ അവരെ സഹായിക്കുന്നുവെന്ന പരമാര്‍ത്ഥം ബാക്കി നില്‍ക്കുന്നു. കൃത്യമായ പദ്ധതിയോടെ വേണ്ടത്ര കൃത്യതയോടെ ഉദ്യോഗസ്ഥരെ വിന്യസിക്കുകവരെ തമിഴ്‌നാട് ചെയ്യുമ്പോള്‍, കേരളം ഇത്തരം മേഖലകളെ കാണുന്നത് ശിക്ഷാ സ്ഥലംമാറ്റത്തിനുള്ള ഇടങ്ങളായി മാത്രമാണ്. മുല്ലപ്പെരിയാറില്‍ മിക്കപ്പോഴും നടക്കുന്നത് അതുതന്നെയാണ്. കേരളാ അതിര്‍ത്തിക്കുള്ളിലിരിക്കുന്ന അണക്കെട്ടിന്റെ കാര്യത്തില്‍ തമിഴ്‌നാടിന് വ്യക്തമായ മേല്‍ക്കൈ കിട്ടുന്നത് ഉദ്യോഗസ്ഥതലത്തിലെ വീഴ്ചകള്‍ കൊണ്ടുതന്നെയാണ്. 

ചുരുക്കത്തില്‍, തമിഴ്‌നാടിന്റെ ജാഗ്രതയേക്കാള്‍ കേരളത്തിന്റെ അലംഭാവമാണ് മുല്ലപ്പെരിയാറിലെപ്പോലെതന്നെ അട്ടപ്പാടിയിലും നടന്നിരിക്കുന്നത്. ജലസമൃദ്ധിക്ക് പേരുകേട്ടിരുന്ന കേരളം മരുഭൂമിയാകാന്‍ വലിയ കാലതാമസമുണ്ടാവില്ലെന്നത് പലരും പറഞ്ഞുകഴിഞ്ഞ കാര്യമാണ്. ആ യാഥാര്‍ത്ഥ്യം കൂടുതല്‍ അടുത്തേക്ക് എത്തിക്കുകയാണ് ഇത്തരം പ്രശനങ്ങളുടെ പരിണിതഫലം. അതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഇവിടുത്തെ സര്‍ക്കാരുകള്‍ക്ക് ഒഴിഞ്ഞുമാറാനുമാകില്ല. നാം ഉറങ്ങുമ്പോള്‍ നമ്മുടെ വെള്ളംകൊണ്ടു തമിഴിനാട് സ്വര്‍ണം വിളയിക്കുന്നു. അത് കണ്ടും, അവരുടെ പച്ചക്കറിയിലേയും പഴങ്ങളിലേയും വിഷത്തെ പഴിച്ചും അതേസമയം അവ വിലകൊടുത്തുവാങ്ങിയും കേരളത്തിന് കഴിയേണ്ടിവരും. തമിഴ്‌നാട് സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മള്‍ എല്ലാം വിലകൊടുത്ത് വാങ്ങാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, നദികള്‍ വിലകൊടുത്ത് വാങ്ങാനാവില്ലെന്ന് നമ്മളും നമ്മേ ഭരിക്കുന്നവരും പഠിക്കേണ്ടകാലം ഏറെ വൈകി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.