ജയിച്ചിട്ടും റോമ പുറത്ത്; ലിവര്‍പൂള്‍ ഫൈനലില്‍

Friday 4 May 2018 3:25 am IST

റോം: സ്വന്തം തട്ടകത്തില്‍ കളംനിറഞ്ഞുകളിച്ച റോമയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞിട്ടും ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗിന്റെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. ഒളിമ്പിക്കോ സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം പാദ സെമിയില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ റോമയ്ക്ക് മുന്നില്‍ മുട്ടുമടക്കിയത്. പക്ഷെ രണ്ട് പാദങ്ങളിലുമായി 7-6 ന്റെ വിജയം നേടിയ അവര്‍  ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. ആന്‍ഫീല്‍ഡിലെ ആദ്യ പാദ സെമിയില്‍ കുറിച്ച 5-2 ന്റെ വിജയമാണ് ലിവര്‍പൂളിനെ കലാശക്കളിയിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. 

2007 നു ശേഷം ഇതാദ്യമായാണ് ലിവര്‍പൂള്‍ ഫൈനലിലെത്തുന്നത്്. ഈ മാസം 26 ന് കീവില്‍ നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ ലിവര്‍പൂള്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനെ നേരിടും. ബയേണ്‍ മ്യൂണിക്കിനെ മറികടന്നാണ് റയല്‍ ഫൈനലില്‍ കടന്നത്.

ആദ്യ പാദത്തില്‍ തോറ്റ റോമ രണ്ടാം പാദത്തില്‍ ഉജ്ജ്വലമായ തിരിച്ചുവരവാണ് നടത്തിയത്. സ്വന്തം തട്ടകത്തില്‍ അവര്‍ ലിവര്‍പൂളിനെതിരെ തകര്‍ത്തുകളിച്ചു. നാലു ഗോളിന്റെ വ്യത്യാസത്തില്‍ ലിവര്‍പൂളിനെ തോല്‍പ്പിച്ചിരുന്നെങ്കില്‍ അവര്‍ക്ക് കലാശക്കളിയിലേക്ക് കടന്നുകയറാമായിരുന്നു. പക്ഷെ ഭാഗ്യം ലിവര്‍പൂളിനൊപ്പമായിരുന്നു.

ലിവര്‍പൂളിന്റെ തുടക്കം നന്നായി. ഒമ്പതാം മിനിറ്റില്‍ അവര്‍ ലക്ഷ്യം കണ്ടു. സാദിയോ മാനെയാണ് ഗോള്‍ നേടിയത്. പക്ഷെ ഏറെ താമസിയാതെ റോമ സെല്‍ഫ് ഗോളില്‍ സമനില പിടിച്ചു. ലിവര്‍പൂള്‍ താരം ഡീജാന്റെ പന്ത് അടിച്ചകറ്റാനുളള ശ്രമമാണ് സെല്‍ഫ് ഗോളായത്. ഡീജാന്റെ ഷോട്ട് സഹതാരം ജയിംസ് മില്‍നറുടെ ശരീരത്തില്‍ തട്ടി വലയില്‍ കയറുകയായിരുന്നു.

ഇരുപത്തിയാറാം മിനിറ്റില്‍ ലിവര്‍പൂള്‍ ലീഡ് നേടി. കോര്‍ണര്‍ കിക്കില്‍ തലവെച്ച് ജോര്‍ജിയാനോ വിജ്‌നാള്‍ഡമാണ് ലിവര്‍പൂളിന്റെ രണ്ടാം ഗോള്‍ നേടിയത്. ഇടവേളയ്ക്ക് ലിവര്‍പൂള്‍ 2-1 ന് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ റോമ ലിവര്‍പൂളിനെ വാരിക്കളഞ്ഞു. മികച്ച നീക്കങ്ങളിലൂടെ അവര്‍ ഗോള്‍ മുഖം വിറപ്പിച്ചു. 52-ാം മിനിറ്റില്‍ എഡിന്‍ സെക്കോ റോമയുടെ രണ്ടാം ഗോള്‍ കുറിച്ചു. പന്തുമായി മുന്നേറിയ സെക്കോ മികച്ചൊരു ഷോട്ടിലൂടെ ലിവര്‍പൂള്‍ ഗോളിയെ കീഴ്‌പ്പെടുത്തി.

അവസാന നിമിഷങ്ങളില്‍ തകര്‍ത്തുകളിച്ച റെഡ്ജ പത്ത് മിനിറ്റില്‍ രണ്ട് ഗോള്‍ നേടിയതോടെ റോമയുടെ ലീഡ് 4-2 ആയി ഉയര്‍ന്നു. 84-ാം മിനിറ്റിലാണ് റെഡ്ജയുടെ ആദ്യ ഗോള്‍ പിറന്നത്. പെനാല്‍റ്റി ഏരിയയ്ക്ക്   പുറത്ത് നിന്ന് തൊടുത്തുവിട്ട ഷോട്ട് ലിവര്‍പൂള്‍ ഗോളിയെ കബളിപ്പിച്ച് വലയില്‍ കയറി. രണ്ടാം പകുതിയുടെ അധികസയത്ത് ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് റെഡ്ജ രണ്ടാം ഗോള്‍ കുറിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.