സിദാന്റെ കപ്പ്, ഫ്രാന്‍സിന്റേയും

Friday 4 May 2018 3:22 am IST

ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തിലെ 16-ാമത് എഡിഷനാണ് 1998-ല്‍ ഫ്രാന്‍സില്‍ അരങ്ങേറിയത്. രണ്ടാം തവണയാണ് ഫ്രാന്‍സ് ആതിഥേയരായത്. 1938-ലായിരുന്നു ഫ്രാന്‍സിന്റെ ആദ്യ ആതിഥേയത്വം. പിന്നീട് 60 വര്‍ഷത്തിനുശേഷം രണ്ടാമതും. രണ്ട് തവണ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിച്ച മൂന്നാമത്തെ രാജ്യമായി ഫ്രാന്‍സ്. മെക്‌സിക്കോയും ഇറ്റലിയുമാണ് മുന്‍പ് രണ്ട് തവണ ആതിഥേയത്വം വഹിച്ച രാജ്യങ്ങള്‍.

തൊട്ടുമുന്‍പിലെ ലോകകപ്പില്‍ നിന്ന് വ്യത്യസ്തമായി 32 ടീമുകളാണ് ഈ ലോകകപ്പില്‍ പന്തുതട്ടാനെത്തിയത്. ആതിഥേയരെന്ന നിലയില്‍ ഫ്രാന്‍സും നിലവിലെ ചാമ്പ്യന്മാരെന്ന നിലയില്‍ ബ്രസീലും നേരിട്ട് യോഗ്യത നേടി.

1998 ജൂണ്‍ 10 മുതല്‍ ജൂലൈ 12 വരെ ഫ്രാന്‍സിലെ 10 നഗരങ്ങളിലെ 10 സ്‌റ്റേഡിയങ്ങൡലായാണ് ഈ ലോകകപ്പ് നടന്നത്. 64 മത്സരങ്ങളില്‍ നിന്നായി ഒരു ഹാട്രിക്ക് ഉള്‍പ്പെടെ 171 ഗോളുകള്‍ ടൂര്‍ണമെന്റില്‍ പിറന്നു.  അര്‍ജന്റീനയുടെ ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ടയാണ് ഹാട്രിക്കിന് അവകാശിയായത്. 

സിനദിന്‍ സിദാന്‍ എന്ന മാന്ത്രികന്റെ മികവില്‍ ബ്രസീലിനെ തകര്‍ത്ത് ആതിഥേയരായ ഫ്രാന്‍സ് ചരിത്രത്തിലാദ്യമായി ആദ്യ ലോകകപ്പ് സ്വന്തമാക്കുകയും ചെയ്തു. ഫൈനല്‍ വരെയുള്ള മുന്നേറ്റത്തില്‍ ഒരു ഗോള്‍ പോലും അടിക്കാതിരുന്ന സിദാന്‍ ഫൈനലില്‍ രണ്ട് ഹെഡ്ഡര്‍ ഗോളിലൂടെ ഫ്രാന്‍സിനെ ലോകകിരീടത്തിലേക്ക് നയിച്ചു. സിദാന്റെ രണ്ടെണ്ണമടക്കം മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ബ്രസീലിനെ തകര്‍ത്തത്. ഇമ്മാനുവല്‍ പെറ്റിറ്റാണ് മൂന്നാം ഗോള്‍ നേടിയത്.

ക്രൊയേഷ്യ, ജപ്പാന്‍, ദക്ഷിണാഫ്രിക്ക, ജമൈക്ക എന്നീ ടീമുകളുടെ പ്രഥമ ലോകകപ്പായിരുന്നു ഇത്. യോഗ്യതാ റൗണ്ടില്‍ ആറ് വന്‍കരകളില്‍ നിന്നായി 174 ടീമുകളാണ് യോഗ്യതാ റൗണ്ടില്‍ മത്സരിച്ചത്. ആകെ 643 മത്സരങ്ങള്‍. ഗോളുകള്‍ 1922. യൂറോപ്പില്‍ നിന്ന് ആതിഥേയരായ ഫ്രാന്‍സിന് പുറമെ ഡെന്മാര്‍ക്ക്, ഇംഗ്ലണ്ട്, നോര്‍വേ, ആസ്ട്രിയ, ബള്‍ഗേറിയ, സ്‌പെയിന്‍, നെതര്‍ലന്‍ഡ്‌സ്, റുമാനിയ, ജര്‍മ്മനി ടീമുകള്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി നേരിട്ട് യോഗ്യത നേടി. പിന്നീട് പ്ലേ ഓഫ് കളിച്ച് ക്രൊയേഷ്യ, ഇറ്റലി, ബെല്‍ജിയം, യൂഗോസ്ലാവ്യ, സ്‌കോട്ട്‌ലന്‍ഡ് ടീമുകളും ഫ്രാന്‍സ് ടിക്കറ്റ് സ്വന്തമാക്കി. ഏഷ്യയില്‍ നിന്ന് സൗദി അറേബ്യ, ദക്ഷിണകൊറിയ എന്നീ ടീമുകള്‍ നേരിട്ടും ജപ്പാന്‍ പ്ലേ ഓഫില്‍ വിജയിച്ചും യോഗ്യത സ്വന്തമാക്കി. ഇറാന്‍ ഇന്റര്‍ കോണ്‍ഫെഡറേഷന്‍ പ്ലേ ഓഫില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ് ടിക്കറ്റ് തരപ്പെടുത്തിയത്. ലാറ്റിനമേരിക്കന്‍ മേഖലയില്‍ നിന്ന് അര്‍ജന്റീന, പരാഗ്വെ, കൊളംബിയ, ചിലി ടീമുകളും കോണ്‍കാകാഫ് മേഖലയില്‍ നിന്ന് മെക്‌സിക്കോ, അമേരിക്ക, ജമൈക്ക, ആഫ്രിക്കന്‍ മേഖലയില്‍ നിന്ന് നൈജീരിയ, ടുണീഷ്യ, ദക്ഷിണാഫ്രിക്ക, കാമറൂണ്‍, മൊറാക്കോ ടീമുകളുമാണ് ഫ്രാന്‍സില്‍ പന്തുതട്ടാന്‍ യോഗ്യത നേടിയത്.

ഈ ടീമുകളെ എട്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ലോകകപ്പ് പോരാട്ടങ്ങള്‍ അരങ്ങേറിയത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് എയില്‍ നിന്ന് ബ്രസീല്‍, നോര്‍വേ, ബിയില്‍ നിന്ന് ഇറ്റലി, ചിലി, സിയില്‍ നിന്ന് ഫ്രാന്‍സ്, ഡെന്മാര്‍ക്ക്, ഡിയില്‍ നിന്ന് നൈജീരിയ, പരാഗ്വെ, ഇയില്‍ നിന്ന് നെതര്‍ലന്‍ഡ്‌സ്, മെക്‌സിക്കോ, എഫില്‍ നിന്ന് ജര്‍മ്മനി, യൂഗോസ്ലാവ്യ, ഗ്രൂപ്പ് എച്ചില്‍ നിന്ന് റുമാനിയ, ഇംഗ്ലണ്ട് ടീമുകളാണ് അവസാന 16ലെത്തിയത്.

പ്രീ ക്വാര്‍ട്ടറില്‍ ഇറ്റലി 1-0ന് നോര്‍വേയെയും ബ്രസീല്‍ 4-1ന് ചിലിയെയും ഫ്രാന്‍സ് അധികസമയത്തേക്ക് നീണ്ട മത്സരത്തിനൊടുവില്‍ 1-0ന് പരാഗ്വെയെയും ഡെന്മാര്‍ക്ക് 4-1ന് പരാഗ്വെയെയും ജര്‍മ്മനി 2-1ന് മെക്‌സിക്കോയെയും നെതര്‍ലന്‍ഡ്‌സ് 2-1ന് യൂഗോസ്ലാവിയയെയും ക്രൊയേഷ്യ 1-0ന് റുമാനിയയെയും അര്‍ജന്റീന ഷൂട്ടൗട്ടിനൊടുവില്‍ 4-3ന് ഇംഗ്ലണ്ടിനെയും പരാജയപ്പെടുത്തി ക്വാര്‍ട്ടറിലെത്തി.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിന് എതിരാളികള്‍ ഇറ്റലിയായിരുന്നു. നിശ്ചിത സമയത്തും അധികസമയത്തും ഗോള്‍രഹിത സമനില പാലിച്ചശേഷം ഷൂട്ടൗട്ടില്‍ 3-4ന് അസൂറികളെ മറികടന്ന് ഫ്രാന്‍സ് സെമിയില്‍. ബ്രസീല്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഡെന്മാര്‍ക്കിനെ വീഴ്ത്തിയും നെതര്‍ലന്‍ഡ്‌സ് 2-1ന് അര്‍ജന്റീനയെയും ക്രൊയേഷ്യ 3-0ന് ജര്‍മ്മനിയെ അട്ടിമറിച്ചും സെമിയിലെത്തി. സെമിയില്‍ ബ്രസീലിന് നെതര്‍ലന്‍ഡ്‌സും ഫ്രാന്‍സിന് ക്രൊയേഷ്യയുമായിരുന്നു എതിരാളികള്‍. നെതര്‍ലന്‍ഡ്‌സിനെ ഷൂട്ടൗട്ടില്‍ 4-2ന് പരാജയപ്പെടുത്തിയാണ് ബ്രസീല്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലിന് യോഗ്യത നേടിയത്. നിശ്ചിത സമയത്തും അധികസമയത്തും 1-1 സമനില പാലിച്ചതിനെ തുടര്‍ന്നായിരുന്നു ഷൂട്ടൗട്ട്. രണ്ടാം സെമിയില്‍ ക്രൊയേഷ്യന്‍ വെല്ലുവിളി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മറികടന്ന് ഫ്രാന്‍സും ചരിത്രത്തിലാദ്യമായി കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. 

ജൂലൈ 12ന് സെന്റ് ഡെനിസിലെ സ്‌റ്റേഡ് ഡി ഫ്രാന്‍സില്‍ കലാശപ്പോര്. 80,000 കാണികളെ സാക്ഷിയാക്കിയായിരുന്നു ഫ്രാന്‍സ് ബ്രസീലിനെ നേരിട്ടത്. കളിയാരംഭിച്ച്—27-ാം മിനിറ്റില്‍ സിനദിന്‍ സിദാന്റെ ഹെഡ്ഡറില്‍ ബ്രസീലിന്റെ ഗോള്‍മുഖം കുലുങ്ങി. ആദ്യപകുതിയുടെ പരിക്ക് സമയത്ത് സിദാന്‍ വീണ്ടും ഹെഡ്ഡറിലൂടെ ബ്രസീല്‍ വല കലുക്കി. അതിന്റെ ആഘാതത്തില്‍നിന്ന്—ബ്രസീലിന്—പിന്നീട് കരകയറാന്‍ ആയതുമില്ല. കളിയുടെ 48-ാം മിനിറ്റില്‍ മാര്‍സെല്‍ ഡെസെയിലി ചുവപ്പുകാര്‍ഡു കണ്ട് പുറത്തായി. കളിയുടെ അവസാന നിമിഷത്തില്‍ ഇമ്മാനുവല്‍ പെറ്റിറ്റിന്റെ കാലുകളുതിര്‍ത്ത സുന്ദരന്‍ ഗോള്‍ ബ്രസീലിന്റെ പതനം പൂര്‍ത്തിയായി. ലോകകപ്പു കണ്ട ഏറ്റവും ഏകപക്ഷീയമായ ഫൈനല്‍ മത്സരമായിരുന്നു ഫ്രാന്‍സിലേത്. 

ഏവരേയും അമ്പരപ്പിച്ചുകൊണ്ട് ക്രൊയേഷ്യ മൂന്നാം സ്ഥാനത്ത് കുതിച്ചെത്തി. അവരുടെ ഡവര്‍ സൂക്കര്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടി (6) സുവര്‍ണ്ണ പാദുകവും കരസ്ഥമാക്കി. മികച്ച കളിക്കാരനുള്ള സുവര്‍ണ്ണ പന്ത് ബ്രസീലിന്റെ റൊണാള്‍ഡോയും മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള യാഷിന്‍ അവാര്‍ഡ് ഫ്രാന്‍സിന്റെ ഫാബിയന്‍ ബാര്‍ത്തേസും  നേടി. മികച്ച യുവ കളിക്കാരനുള്ള അവാര്‍ഡ് ഇംഗ്ലണ്ടിന്റെ മൈക്കല്‍ ഓവനാണ്. ഫിഫ ഫെയര്‍ പ്ലേ അവാര്‍ഡ് ഫ്രാന്‍സും ഇംഗ്ലണ്ടും പങ്കിട്ടപ്പോള്‍ മോസ്റ്റ് എന്റര്‍ടെയ്‌നിങ് ടീമായും ഫ്രാന്‍സ് തെരഞ്ഞെടുക്കപ്പെട്ടു. 1994-ലെ ലോകകപ്പില്‍ മൂന്നാംസ്ഥാനക്കാരായ സ്വീഡന്—യോഗ്യതാ മത്സരത്തില്‍പോലും വിജയം കണ്ടെത്താനായിരുന്നില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.