ബൗള്‍ട്ട് രാജസ്ഥാനെ പിടിച്ചുകെട്ടി

Friday 4 May 2018 3:21 am IST

ന്യൂദല്‍ഹി : അവസാന പന്തുവരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ കിവീസ് പേസര്‍ ട്രന്റ് ബൗള്‍ട്ടിന്റെ മികവില്‍ ദല്‍ഹി ഡെയര്‍ഡെവിള്‍സിന് വിജയം. മഴ തടസ്സപ്പെടുത്തിയ ഐപിഎല്‍ മത്സരത്തില്‍ അവര്‍ നാലു റണ്‍സിന് രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചു. അവസാന ഓവറില്‍ രാജസ്ഥാന് ജയിക്കാന്‍ 15 റണ്‍സ് വേണമായിരിന്നു. പക്ഷെ ബോള്‍ട്ട് പത്ത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ദല്‍ഹിയെ വിജയത്തിലേക്ക് നയിച്ചു. ബൗള്‍ട്ട് മൂന്ന് ഓവറില്‍ 26 റണ്‍സിന് രണ്ട് വിക്കറ്റും വീഴ്ത്തി.

മഴയെ തുടര്‍ന്ന് മത്സരം പതിനെട്ട് ഓവറാക്കി. ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി 17.1 ഓവറില്‍ 196 റണ്‍സ് എടുത്തുനില്‍ക്കെ വീണ്ടും മഴയെത്തി. തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ വിജയലക്ഷ്യം 12 ഓവറില്‍ 151 റണ്‍സാക്കി പുതുക്കി നിശ്ചയിച്ചു. മറുപടി പറഞ്ഞ രാജസ്ഥാന് 12 ഓവറില്‍ അഞ്ചു വിക്കറ്റിന് 146 റണ്‍സേ നേടാനായുള്ളൂ. ഈ വിജയത്തോടെ ദല്‍ഹി പോയിന്റ് നിലയില്‍ ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

തുടക്കത്തില്‍ ഷോര്‍ട്ടും ബട്ട്‌ലറും അടിച്ചതകര്‍ത്തതോടെ രാജസ്ഥാന്‍ വിജയത്തിലേക്ക് നീങ്ങിയതാണ്. പക്ഷെ ഇവര്‍ പുറത്തായതോടെ അവര്‍ പരാജയത്തിലേക്ക് നീങ്ങി. ബട്ട്‌ലര്‍ 26 പന്തില്‍ 67 റണ്‍സ് അടിച്ചെടുത്താണ് മടങ്ങിയത്. ഏഴ് സിക്‌സറും നാല് ഫോറും ബട്ട്‌ലറുടെ ബാറ്റില്‍ നിന്ന് പിറവിയെടുത്തു. ഷോര്‍ട്ട് 25 പന്തില്‍ നാല് സിക്‌സറും രണ്ട് ഫോറുമുള്‍പ്പെടെ 44 റണ്‍സ് നേടി. മലായാളി താരം സഞ്ജു സാംസണ് മൂന്ന് റണ്‍സേ നേടാനായുള്ളൂ.

നേരത്തെ, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് എന്നിവരുടെ അര്‍ധ സെഞ്ചുറികളിലാണ് ദല്‍ഹി 196 റണ്‍സ് നേടിയത്. പന്ത് 29 പന്തില്‍ 69 റണ്‍സ് നേടി ടോപ്പ്് സ്‌കോററായി. അഞ്ചു സിക്‌സറും ഏഴ് ഫോറും അടിച്ചു. ഋഷഭ് പന്താണ് കളിയിലെ കേമന്‍.

ശ്രേയസ്് അയ്യര്‍ 35 പന്തില്‍ മൂന്ന് സിക്‌സറും അത്രയും തന്നെ ഫോറും ഉള്‍പ്പെടെ 50 റണ്‍സ്് കുറിച്ചു. ഓപ്പണര്‍ പൃഥ്‌വി ഷാ 47 റണ്‍സ് എടുത്തു.  25 പന്തില്‍ നാല് സിക്‌സറും നാലു ഫോറുമടിച്ചു.

രാജസ്ഥാന്‍ റോയല്‍സിന്റെ പേസര്‍ ഉനദ്ഘട്ട് നാല് ഓവറില്‍ 46 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.