സ്‌പെഷല്‍ സ്‌ക്കൂള്‍ പദവി നഷ്ടമായ ടാഗോര്‍ വിദ്യാനികേതനില്‍ പ്രവേശനത്തിന് രാത്രി മുതലേ രക്ഷിതാക്കള്‍ ക്യൂവില്‍

Thursday 3 May 2018 10:55 pm IST

 

തളിപ്പറമ്പ്: സ്‌പെഷല്‍ സ്‌ക്കൂള്‍ പദവി നഷ്ടമായ ടാഗോര്‍ വിദ്യാനികേതനില്‍ പ്രവേശനത്തിന് രാത്രി മുതലേ രക്ഷിതാക്കള്‍ ക്യൂവില്‍. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ചുവടു പിടിച്ച് കേരള സര്‍ക്കാര്‍ ഏതാനും ദിവസം മുമ്പ് ടാഗോര്‍ വിദ്യാനികേതന്റെ പ്രത്യേക പദവി എടുത്തു മാറ്റിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം നടന്ന 2018-19 വിദ്യാഭ്യാസ വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനായി രക്ഷിതാക്കള്‍ രാത്രിയിലും ക്യൂ നിന്നത്.

കഴിഞ്ഞ വര്‍ഷം വരെ ടാഗോര്‍ വിദ്യാനികേതനില്‍ പ്രവേശനം നല്‍കിയിരുന്നത് പ്രവേശന പരീക്ഷ നടത്തിയായിരുന്നു. കണ്ണൂര്‍ ജില്ല കളക്ടര്‍ ചെയര്‍മാനും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ല വിദ്യാഭ്യാസ ഓഫീസര്‍, സ്‌ക്കൂള്‍ പ്രഥമാദ്ധ്യാപകന്‍ എന്നിവര്‍ അടങ്ങുന്ന സമിതിക്കായിരുന്നു പ്രവേശന പരീക്ഷ നടത്താനും കുട്ടികളെ പ്രവേശിപ്പിക്കാനുമുള്ള അധികാരം. ഈ കമ്മിറ്റി പരീക്ഷ നടത്തിപ്പിനായി ചോദ്യം തയ്യാറാക്കുന്നതിനായി ഈ മേഖലയില്‍ പ്രാവീണ്യമുള്ളവരുടെ സഹായത്തോടെയാണ് പരീക്ഷ നടത്തിയിരുന്നത്. 

ഏതു മാനദണ്ഡത്തില്‍ 2018-19 അദ്ധ്യയന വര്‍ഷത്തേക്ക് കുട്ടികളെ പ്രവേശിപ്പിക്കും എന്നത് വ്യക്തമാക്കാതെയാണ് പ്രവേശന പരീക്ഷ വേണ്ടെന്നു വച്ചത്. വിദ്യാലയം പൊതു വിദ്യാലയമായപ്പോള്‍ പ്രവേശനം ആവശ്യപ്പെടുന്ന ഏതൊരു കുട്ടിക്കും പ്രവേശനം നല്‍കേണ്ട അവസ്ഥ വന്നു. പ്രവേശന പരീക്ഷ വേണ്ടെന്നു വയ്ക്കുന്ന തീരുമാനം വരുന്നതിനു മുമ്പ് പ്രവേശന പരീക്ഷയ്ക്ക് സ്‌ക്കൂളില്‍ അപേക്ഷ ക്ഷണിച്ചിരുന്നു. അഞ്ചാം ക്ലാസ്സിലേക്ക് 40 കുട്ടികളേയും എട്ടാം ക്ലാസ്സിലേക്ക് 40 കുട്ടികളെയും പ്രവേശന പരീക്ഷ നടത്തി പ്രവേശനം നടത്തും എന്നാണ് പറഞ്ഞിരുന്നുത്. 40 കുട്ടികളെ പ്രവേശിപ്പിക്കേണ്ട അഞ്ചാം ക്ലാസ്സിലേക്ക് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നത് മുന്നൂറോളം കുട്ടികളാണ്. 40 കുട്ടികള്‍ വേണ്ട എട്ടാം ക്ലാസ്സിലേക്ക് പ്രവേശനം ആവശ്യപ്പെട്ടിരുന്നത് നൂറില്‍പ്പരം കുട്ടികളാണ്.

ഇന്നലെ അഞ്ചാം ക്ലാസ്സിലേക്ക് പ്രവേശനം നടത്തുമെന്ന് സ്‌ക്കൂള്‍ അധികൃതര്‍ അറിയച്ചതിന്റെ ഫലമായി പ്രവേശനത്തിനായി കുട്ടികളും രക്ഷിതാക്കളും രാത്രി തന്നെ സ്‌ക്കൂളില്‍ ക്യൂ നില്‍പ്പ് ആരംഭിച്ചിരുന്നു. രാത്രി പത്ത് മണിയോടെ ആരംഭിച്ച ക്യൂവില്‍ രാവിലെ 5 മണിയോടെ നൂറോളം പേര്‍ സ്ഥാനം പിടിച്ചു. 10 മണി ആയപ്പോഴേക്കും ക്യൂവിന്റെ നീളം കൂടുകയും എണ്ണം ഇരുനൂറ്റമ്പതോളം ആവുകയും ചെയ്തു. 120 പേരെ പ്രവേശിപ്പിക്കുമെന്ന് അധികൃതരും പിടിഎ ഭാരവാഹികളും പറഞ്ഞപ്പോള്‍ പ്രശ്‌നം വഷളാകാനുള്ള സാഹചര്യം ഉണ്ടായി. ചിലര്‍ സ്‌ക്കൂളിനകത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. പ്രതിഷേധക്കാരെയും പ്രവേശനത്തിന് എത്തിയവരേയും പോലീസ് ഏറെ പ്രയാസപ്പെട്ടാണ് നിയന്ത്രിച്ചത്. രംഗം വഷളാകുമെന്ന് കണ്ടപ്പോള്‍ അധികൃതര്‍ പ്രവേശനം ആവശ്യപ്പെട്ട് എത്തിയവരോടെല്ലാം അപേക്ഷ വാങ്ങിവെച്ചിട്ടുണ്ട്. സ്‌പെഷല്‍ സ്‌ക്കൂളായതിനാല്‍ സൗകര്യം കൃത്യമായേ ഉള്ളു. അതുകൊണ്ട് പ്രവേശനം ആവശ്യപ്പെടുന്ന എല്ലാവരെയും പ്രവേശിപ്പിക്കാന്‍ സാധിക്കില്ല. ഭൗതിക സാഹചര്യങ്ങളുടെ പരിമിതി കാരണം ഏറെപ്പേര്‍ക്ക് പ്രവേശനം ലഭിക്കുകയില്ല.

ഇന്ന് എട്ടാം ക്ലാസ്സിലേക്കുള്ള പ്രവേശനം നടക്കും. അതിനായി കുട്ടികളും രക്ഷിതാക്കളും രാത്രിയോടെ സ്‌ക്കൂളില്‍ വന്ന് ക്യൂ നിര്‍ക്കുകയാണ്. ഇന്നലത്തെ രംഗം ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതരും ശ്രമിക്കുന്നുണ്ട്. ഏതു മാനദണ്ഡത്തിലാണ് ഭൗതിക സാഹചര്യങ്ങളാല്‍ വീര്‍പ്പ് മുട്ടുന്ന സ്‌ക്കൂളില്‍ പ്രവേശനം നടത്തേണ്ടത് എന്ന് വകുപ്പ് മേധാവികളുടെ ഭാഗത്തു നിന്നും വ്യക്തമായ നിര്‍ദ്ദേശം ലഭിക്കാഞ്ഞതിനാല്‍ സ്‌ക്കൂള്‍ അധികരികളും പിടിഎ യും അദ്ധ്യാപകരും പ്രതിസന്ധിയിലായിരിക്കുകയാണ്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.