ശമ്പളം മുടങ്ങി: പരിയാരം മെഡിക്കല്‍ കോളജില്‍ ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്

Thursday 3 May 2018 10:56 pm IST

 

പരിയാരം: ശമ്പളവിതരണം മുടങ്ങിയതിനെതുടര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്തു എന്ന് പ്രഖ്യാപിച്ച പരിയാരം മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. സര്‍ക്കാര്‍ ഏറ്റെടുത്തതിന് ശേഷം മൂന്നംഗ ഭരണസമിതിയെ നിയോഗിച്ചെങ്കിലും ഇതുസംബന്ധിച്ച ഉത്തരവുകളൊന്നും സര്‍ക്കാര്‍ പുറത്തിറക്കാത്തതിനെതുടര്‍ന്ന് എംഡി അധികാരം ഏറ്റെടുക്കാത്തതിനാലാണ് ജീവനക്കാരുടെ ശമ്പളം മുടങ്ങിയത്. 

സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുന്ന പ്രമുഖ ഡോക്ടര്‍ ഡോ.വി.ജി.പ്രദീപ് കുമാറിന് എംഡിയുടെ ചുമതല നല്‍കാനാണ് ധാരണയുണ്ടായതെങ്കിലും ഇത്‌സംബന്ധിച്ച് ഒരുത്തരവും സര്‍ക്കാര്‍ പുറത്തിറക്കാത്തതിനെ തുടര്‍ന്ന് ഇദ്ദേഹം ആശുപത്രിയിലെത്തി തിരിച്ചുപോകുകയായിരുന്നു. 

ബുധനാഴ്ച കലക്‌ട്രേറ്റില്‍ ചേര്‍ന്ന ഭരണസമിതിയോഗത്തില്‍ പങ്കെടുത്ത് ഡോ.പ്രദീപ്കുമാര്‍ മെഡിക്കല്‍ കോളജില്‍ എത്തിയെങ്കിലും അദ്ദേഹം ചാര്‍ജ്ജെടുത്തിരുന്നില്ല. നിലിവുലുള്ള എംഡി ചാര്‍ജ്ജ് ഏല്‍പിക്കാനായി ഓഫീസില്‍ കാത്തിരുന്നെങ്കിലും പ്രദീപ്  ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഇടക്കാല ഭരണസമിതി ആംഗങ്ങള്‍ക്ക് ചുമതല വിഭജിച്ചുനല്‍കി സര്‍ക്കാര്‍ ഉത്തരവ് ഇനിയും പുറത്തിറക്കാത്തതാണ് അനിശ്ചിതത്വത്തിന് കാരണമായത്. 

കൊട്ടിഘോഷിച്ച് വകുപ്പുമന്ത്രി പ്രഖ്യാപനങ്ങള്‍ നത്തിയെങ്കിലും പരിയാരത്ത് പഴയസ്ഥിതിയില്‍ നിന്ന് യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. ജില്ലാ കലക്ടര്‍ക്കു പുറമെ ഡോ.സി.രവീന്ദ്രന്‍, ഡോ.വി.ജി.പ്രദീപ്കുമാര്‍ എന്നിവരടങ്ങിയ താല്‍കാലിക ഭരണ സമിതിയെയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കലക്‌ട്രേറ്റിലെ യോഗത്തിന് ശേഷം ഡോ.സി.രവീന്ദ്രന്‍ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം അറിയിച്ചതായും സൂചനയുണ്ട്. മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പല്‍ മാരുടെയും ഡയറക്ടര്‍മാരുടെയും ജോയിന്റ് അക്കൗണ്ടിലാണ് പണം നിക്ഷേപിക്കുന്നത്. ഇവര്‍ രണ്ടുപേരും ഒപ്പിട്ടാല്‍ മാത്രമേ പണം പിന്‍വലിക്കാന്‍ കഴിയൂ. എന്നാല്‍ നിലവില്‍ നാഥനില്ലാതായതോടെ ജീവനക്കാര്‍ക്ക് ശമ്പളം കിട്ടാത്ത അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. 

അതേസമയം പരിയാരം മെഡിക്കല്‍ കോളജിലെ പതിനഞ്ചോളം വരുന്ന അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകള്‍ എടുത്തുകളയണമെന്ന അഭിപ്രായം കഴിഞ്ഞദിവസം ചേര്‍ന്ന ഭരണസമിതി അംഗങ്ങളുടെ യോഗത്തില്‍ ഉണ്ടായതായും സൂചനയുണ്ട്. രാഷ്ട്രീയ നിയമനങ്ങളും മുന്‍ ഭരണസമിതികളുടെ നിയമനങ്ങളുമാണ് ഈ പതിനഞ്ച് തസ്തികകളുടേതും. വന്‍തുക ശമ്പളം നല്‍കുന്ന ഇത്തരം തസ്തികകള്‍ കേരളത്തിലെ മറ്റൊരു സര്‍ക്കാര്‍ നിയന്ത്രിത മെഡിക്കല്‍ കോളേജിലും ഇല്ലെന്നാണ് ഭരണസമിതിയുടെ വിലയിരുത്തല്‍. ഇത്തരത്തില്‍ നിയമിക്കപ്പെട്ടവര്‍ക്ക് വേണ്ട യോഗ്യതകളില്ലെന്നും വിലയിരുത്തലുണ്ട്. മെഡിക്കല്‍ കോളജിന് ജനകീയവല്‍ക്കരിച്ച് മികച്ച സ്ഥാപനമായി മാറ്റുമെന്ന പ്രതിക്ഷയിലാണ് ജനങ്ങളെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇത്തരം നീക്കങ്ങളൊന്നും ഇല്ലാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.